|    Jun 19 Tue, 2018 12:24 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സഹകരണബാങ്ക്: സര്‍വകക്ഷി യോഗത്തില്‍ നിന്നു ബിജെപി ഇറങ്ങിപ്പോയി; സര്‍വകക്ഷി സംഘത്തെ ഡല്‍ഹിയിലേക്ക് അയക്കാന്‍ തീരുമാനം

Published : 22nd November 2016 | Posted By: SMR

തിരുവനന്തപുരം: സഹകരണമേഖലയെ സംരക്ഷിക്കുന്നതിനായി ഒറ്റക്കെട്ടായി കേന്ദ്രത്തെ സമീപിക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെയും കേന്ദ്ര ധനമന്ത്രിയെയും കണ്ട് നിവേദനം നല്‍കും. ഡല്‍ഹിയില്‍ പോവേണ്ട സംഘത്തെ ഇന്നു നിയമസഭാ സമ്മേളനത്തിനു ശേഷം തീരുമാനിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ യോജിച്ച നിലപാടാണ് സ്വീകരിച്ചത്. കേരളത്തിലെ സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കണമെന്ന അഭിപ്രായം ആവര്‍ത്തിച്ച് ബിജെപി നേതാക്കള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. മറ്റ് എല്ലാ കക്ഷികളും സഹകരണമേഖല നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളില്‍ ആശങ്ക പ്രകടിപ്പിക്കുകയും ഒരുമിച്ചു നില്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തു. സഹകരണമേഖലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും നിക്ഷേപത്തിന്റെ കണക്കുകള്‍ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടാല്‍ കൈമാറുമെന്നും യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ കുറേക്കാലമായി സഹകരണമേഖലയ്ക്ക് ക്ഷതം സംഭവിക്കുന്ന സാഹചര്യങ്ങളില്‍ കേരളം ഒറ്റക്കെട്ടായി നിന്നിട്ടുണ്ട്. വൈദ്യനാഥന്‍ കമ്മീഷന്‍ റിപോര്‍ട്ട് വന്നപ്പോഴും കേരളത്തിനു യോജിച്ച നിലപാടായിരുന്നു. കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അന്നു കേരളം ഭരിച്ച യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ താല്‍പര്യമാണ് സംരക്ഷിച്ചത്. ഇക്കാര്യം താന്‍ സര്‍വകക്ഷി യോഗത്തെ ഓര്‍മിപ്പിച്ചിട്ടും നിലപാടില്‍ മാറ്റം വരുത്താന്‍ ബിജെപി തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ സഹകരണബാങ്കുകള്‍ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ നിന്നു പിന്‍മാറണമെന്നാണ് ചിലര്‍ പറയുന്നത്. അതിനു സാധിക്കില്ലെന്ന നിലപാട് സ്വീകരിക്കുമ്പോള്‍ ‘ബാങ്ക്”എന്ന പദം ഉപയോഗിക്കാന്‍ അനുമതി നല്‍കില്ലെന്നാണ് അവരുടെ സമീപനം. സഹകരണ ബാങ്കുകള്‍ക്ക് ആദായനികുതി ബാധകമല്ലെന്ന നിലപാട് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ നിലവിലുള്ളതാണ്. സഹകരണ ബാങ്കുകള്‍ 51 ശതമാനം കാര്‍ഷിക വായ്പ നല്‍കിയാലേ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കൂ എന്നു പറഞ്ഞുകൊണ്ട് വായ്പകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ സഹകരണ ബാങ്കുകള്‍ കോടതിയില്‍ പോയി അനുകൂല വിധി സമ്പാദിച്ചിരുന്നു. 25 ലക്ഷം രൂപ വരെ പലിശ സ്വീകരിക്കുന്നവരുടെ സ്രോതസ്സില്‍ നിന്നുതന്നെ നികുതി ഈടാക്കാനുള്ള നിയമമുണ്ട്. അതു നേരത്തേ അംഗീകരിച്ചിട്ടുള്ളതാണ്. ആദായനികുതി വകുപ്പുമായി സംസ്ഥാനം യുദ്ധത്തിനില്ലെന്നും സഹകരണ മേഖലയെ സംരക്ഷിക്കാന്‍ സംസ്ഥാനം ഒരുമിച്ചുനില്‍ക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ്സില്‍ നിന്നു രമേശ് ചെന്നിത്തല, വി എം സുധീരന്‍, മുസ്‌ലിംലീഗിനെ പ്രതിനിധീകരിച്ച് പ്രതിപക്ഷ ഉപേനതാവ് പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, സിപിഎമ്മിനു വേണ്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, വൈക്കം വിശ്വന്‍, ബിജെപി പ്രതിനിധികളായി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, കെ സുരേന്ദ്രന്‍ യോഗത്തില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss