|    Dec 17 Sun, 2017 1:46 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സഹകരണബാങ്ക് അഴിമതി: വിജിലന്‍സ് ഡയറക്ടര്‍ അന്വേഷിക്കണമെന്ന് ഉത്തരവ്

Published : 20th October 2016 | Posted By: SMR

കോട്ടയം: കേന്ദ്രസര്‍ക്കാരിന്റെ 2008ലെ കാര്‍ഷിക കടാശ്വാസം എഴുതിത്തള്ളലിന്റെ മറവില്‍ അഴിമതിയും സ്വജനപക്ഷപാതവും നടന്നുവെന്ന ഹരജിയില്‍ തിരുവനന്തപുരം വിജിലന്‍സ് ഡയറക്ടര്‍ തന്നെ അന്വേഷിക്കണമെന്ന് വിജിലന്‍സ് കോടതിയുടെ ഉത്തരവ്.
പദ്ധതിയുടെ മറവില്‍ ചങ്ങനാശ്ശേരി, തൃക്കൊടിത്താനം സഹകരണബാങ്കുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് കോട്ടയം വിജിലന്‍സ് കോടതി ജഡ്ജി വി ദിലീപിന്റെ ഉത്തരവ്. തൃക്കൊടിത്താനം പഞ്ചായത്ത് മുന്‍ മെംബറും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായിരുന്ന എ ജി സനല്‍കുമാര്‍ അഭിഭാഷകനായ ബോബന്‍ ടി തെക്കേല്‍ മുഖേന സമര്‍പ്പിച്ച ഹരജിയിലാണ് ഈ വിധി. ബാങ്കിന്റെ പ്രസിഡന്റ് സതീഷ് ചന്ദ്രബോസും ബാങ്ക് മുന്‍ സെക്രട്ടറി രഘുകുമാറുമാണ് കേസിലെ പ്രതികള്‍.
സ്വന്തമായി കൃഷിഭൂമി ഇല്ലാത്തവരെയും കൃഷിഭൂമി ഉണ്ടെന്ന വ്യാജരേഖ നിര്‍മിച്ച് പദ്ധതിയില്‍ ഉള്‍പ്പെടുത്തി, നാല് സെന്റും അഞ്ച് സെന്റുമുള്ള അടുപ്പക്കാര്‍ക്ക് 200 സെന്റും 100 സെന്റും 150 സെന്റും കൈവശമുണ്ടെന്ന വ്യാജരേഖകള്‍ ചമച്ചും, സബ്‌രജിസ്ട്രാര്‍ ഓഫിസില്‍ ഗഹാന്‍ രജിസ്റ്റര്‍ ചെയ്യാത്തവരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിന് ലക്ഷക്കണക്കിനു രൂപ പ്രതികള്‍ നഷ്ടമാക്കിയെന്നാണ് ഹരജി. കോട്ടയം ജില്ലാ ബാങ്കില്‍ നിന്നും തെങ്ങണ സബ് രജിസ്ട്രാര്‍ ഓഫിസില്‍ നിന്നും  ലഭിച്ച രേഖകള്‍ ഹരജിക്കാരന്‍ കോടതിയില്‍ ഹാജരാക്കി. കോണ്‍ഗ്രസ് തൃക്കൊടിത്താനം മണ്ഡലം പ്രസിഡന്റ് കെ എ ജോസഫിന്റെയും കേരളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി പുലിക്കോടന്റെയും പഞ്ചായത്ത് മെംബര്‍മാരായ എ ജി സനല്‍കുമാറിന്റെയും എം കെ രാജുവിന്റെയും വി ഡി സെബാസ്റ്റ്യന്റെയും നേതൃത്വത്തില്‍ 2014ല്‍ ഇതുസംബന്ധിച്ച പരാതി അന്നത്തെ സഹകരണ വകുപ്പ് മന്ത്രിയായിരുന്ന സി എന്‍ ബാലകൃഷ്ണനും സി എഫ് തോമസ് എംഎല്‍എയ്ക്കും നല്‍കിയിരുന്നു. തുടര്‍ നടപടിയും ഉണ്ടാവാതിരുന്നതിനെ തുടര്‍ന്നാണു ഹരജിക്കാരന്‍ വിജിലന്‍സ് കോടതിയെ സമീപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss