|    Apr 21 Sat, 2018 5:16 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സസ്‌പെന്‍ഡ് ചെയ്തത് പത്തനംതിട്ട എആര്‍ ക്യാംപിലെ സിപിഒയെ; ഡിജിപിക്കെതിരേ വിമര്‍ശനം: പോലിസുകാരന് സസ്‌പെന്‍ഷന്‍

Published : 5th January 2016 | Posted By: SMR

പത്തനംതിട്ട: സംസ്ഥാന പോലിസ് മേധാവി ടി പി സെന്‍കുമാറിനെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സിവില്‍ പോലിസ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട എആര്‍ ക്യാംപിലെ സിപിഒ രാജേഷ്‌കുമാറിനെയാണ് ജില്ലാ പോലിസ് മേധാവി ടി നാരായണന്‍ സസ്‌പെന്‍ഡ് ചെയതത്. സംസ്ഥാന പോലിസ് സേനയിലെ അംഗങ്ങള്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സെന്‍കുമാറിന്റെ സര്‍ക്കുലറിനെ രൂക്ഷമായി വിമര്‍ശിച്ചതിനാണ് നടപടി.
നിശബ്ദതയുടെ പേരാണ് മരണം എന്ന തലക്കെട്ടിലാണ് പോസ്റ്റ് തുടങ്ങുന്നത്. ഡിജിപി ഇറക്കിയ പുതിയ സര്‍ക്കുലര്‍ പ്രകാരം പോലിസുദ്യോഗസ്ഥര്‍ ജനാധിപത്യ വ്യവസ്ഥയുടെ അനിഷേധ്യമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് നിരോധിക്കപ്പെട്ടിരിക്കുന്നുവെന്ന് പറയുന്ന പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ്. കലാഭവന്‍ മണിക്കതിരെ പോലിസ് നടപടിയെടുത്തപ്പോള്‍ താങ്കള്‍ മാധ്യമ സമക്ഷം ആരോപണമുന്നയിച്ചു, പോലിസ് ജാതീയമായ പരിഗണനകള്‍ വെച്ച് പുലര്‍ത്തുന്നുവെന്ന്. താങ്കള്‍ ജോലി രാജി വച്ച് രാഷ്ര്ടീയ പാര്‍ട്ടി രൂപീകരിച്ചതിന് ശേഷമല്ല ആ പ്രസ്താവന നടത്തിയത്.
എന്നാല്‍, ജേക്കബ് തോമസ് സാര്‍ അദ്ദേഹത്തിന്റെ ഭാഗം മാധ്യമങ്ങളോട് വിശദീകരിച്ചപ്പോ ള്‍ താങ്കള്‍ പറഞ്ഞു; രാജി വച്ച് രാഷ്ര്ടീയ പാര്‍ട്ടി രൂപീകരിക്കട്ടെ. പോലിസ് പരിഷ്‌കരണ ശ്രമങ്ങളെ (പ്രത്യാശകളെ) പിന്തുണച്ചിരുന്ന താങ്കളെ ഞാന്‍ ആദ്യമായ് കാണുന്നത് ആറന്മുള ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി വള്ളസദ്യ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ്. ആഴ്ചകള്‍ക്ക് മുമ്പ് പണ്ഡിതനായ ഒരു പോലിസ് ഉദ്യോഗസ്ഥന്‍ ജ്യോതിഷികളുടെ ചടങ്ങില്‍ സംബന്ധിച്ച് പ്രഖ്യാപിച്ചു പോലിസ് കേസുകള്‍ തെളിയിക്കാന്‍ ജോല്‍സ്യരെ ഉപയോഗിച്ചിട്ടുണ്ട്. പോലിസ് വകുപ്പ് നമുക്ക് പിരിച്ച് വിടാം. ജോല്‍സ്യന്‍മാര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ നടത്തട്ടെ, ഹനുമാന്‍ സേന സമരങ്ങള്‍ നേരിടട്ടെ, ഡിജിപി വള്ളസദ്യ ഉദ്ഘാടനം ചെയ്യട്ടെ, എന്ത് മതനിരപേക്ഷത! എന്ത് ജനാധിപത്യം! എന്ത് രാഷ്ര്ടീയം!
10 മാസം പ്രായമുള്ള കുഞ്ഞിനെ പാരച്യൂട്ടില്‍ കയറ്റുന്നിടം മുതല്‍ ബ്യൂട്ടി പാര്‍ലര്‍ ഉദ്ഘാടനത്തിന് വരെ പോലിസുദ്യോഗസ്ഥര്‍ പൊതു ചെലവില്‍ കൊഴുപ്പേകുന്നു. ഈ പോലിസ് ബീഫ് പോലിസ് (മോറല്‍ പോലിസ്)ആവാന്‍ ദൂരമില്ല. താങ്കളുടെ സര്‍ക്കുലറിലെ ഭൂരിഭാഗം വിഷയങ്ങളും നിലവിലുള്ള നിയമങ്ങള്‍ പ്രകാരം തന്നെ കുറ്റകരമാണ്. പക്ഷേ അതോടൊപ്പം ഉള്‍പ്പെടുത്തിയ രണ്ടു ഭാഗങ്ങള്‍ ബര്‍മയിലെ പട്ടാള ഭരണകൂടവും ഉത്തര കൊറിയയിലെ ഏകാധിപത്യ ഭരണകൂടവും മാത്രം നടപ്പാക്കുന്ന തരത്തിലുള്ളതാണ്. എഴുതിയിരിക്കുന്ന കാര്യങ്ങളൊന്നും എന്റെ വ്യക്തിപരമായ അഭിപ്രായമല്ലെന്നും, രാഷ്ര്ടീയ അവബോധമുള്ള ഒരു പൗരന്റെ ചിന്തകള്‍ ഉണ്ടാക്കുന്ന അപകടം മാത്രമാണെന്നും, മേലില്‍ ഞാന്‍ ചിന്തിക്കില്ലെന്നും, സര്‍ക്കുലര്‍ പ്രകാരം ബോധശൂന്യനായി ജീവിച്ചു കൊള്ളാമെന്നും പറഞ്ഞാണ് അവസാനിപ്പിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ഡിജിപിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി കെ രാജു, രാജേഷ്‌കുമാറിനെ വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. ഇദ്ദേഹത്തിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. അതേസമയം, രാജേഷ് അല്ല പോസ്റ്റ് തയ്യാറാക്കിയതെന്നും പിന്നില്‍ മറ്റാരോ ഉണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം സൂചന നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss