|    Dec 13 Wed, 2017 1:36 am
FLASH NEWS
Home   >  Todays Paper  >  page 12  >  

സവര്‍ണ ജാതിക്കാരനായ അയല്‍വാസി വെള്ളം നിഷേധിച്ചു; 40 ദിവസം കൊണ്ട് കിണര്‍ കുഴിച്ച് ബാപ്പുറാവു തജ്‌നെ

Published : 9th May 2016 | Posted By: SMR

നാഗ്പൂര്‍: കിണറില്‍നിന്നു വെള്ളമെടുക്കാന്‍ സവര്‍ണ ജാതിക്കാരനായ അയല്‍വാസി വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സ്വന്തമായി കിണര്‍ കുഴിച്ച് ദലിതന്റെ മധുരപ്രതികാരം. മഹാരാഷ്ട്ര വാഷിം ജില്ലയിലെ കലംബേശ്വര്‍ ഗ്രാമത്തിലാണു സംഭവം. പ്രദേശത്തെ ദലിത് കോളനിയില്‍ താമസിക്കുന്ന ബാപ്പുറാവു തജ്‌നെയാണ് 40 ദിവസം കൊണ്ട് സ്വന്തമായി കിണര്‍ കുഴിച്ചത്. സഹായികളായി അഞ്ചുപേരെങ്കിലും വേണ്ടിടത്താണ് തജ്‌നെയുടെ ഈ വിജയഗാഥ. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് തജ്‌നെയുടെ ഭാര്യക്ക് സവര്‍ണജാതിക്കാരനായ അയല്‍വാസിയില്‍നിന്നു ദുരനുഭവമുണ്ടായത്. വരള്‍ച്ചമൂലം പ്രദേശത്തെ പല കിണറുകളും വറ്റിയിരിക്കുകയാണ്. നിര്‍ധന കുടുംബങ്ങളാണ് ഇതുമൂലം ദുരിതമേറെയും അനുഭവിക്കുന്നത്. ഒരുദിവസം സമീപത്തെ കിണറ്റില്‍നിന്നു വെള്ളമെടുക്കാന്‍ പോയതായിരുന്നു തജ്‌നെയുടെ ഭാര്യ. എന്നാല്‍, അയല്‍വാസി പരിഹസിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഏറെ മനോവിഷമത്തോടെയാണ് ഭാര്യ വീട്ടിലെത്തിയത്.
ദലിത് വിഭാഗക്കാരായതിനാലാണ് തന്റെ കുടുംബത്തെ അടക്കം കുടിവെള്ളം ശേഖരിക്കുന്നതില്‍നിന്ന് അയല്‍വാസി വിലക്കിയതെന്ന് തജ്‌നെ പറഞ്ഞു. ഈ അപമാനം തജ്‌നെയെ സങ്കടപ്പെടുത്തി. ഉടന്‍ അടുത്ത മലേഗാവ് പട്ടണത്തില്‍ പോയി പണിസാധനങ്ങള്‍ വാങ്ങി കിണര്‍കുഴിക്കല്‍ ആരംഭിക്കുകയായിരുന്നു. ഇതിനുമുമ്പ് ഒരു കിണറുപോലും കുഴിച്ചിട്ടില്ല. കിണറിന്റെ സ്ഥാനം നിര്‍ണയിക്കാനും അറിയില്ല. എങ്കിലും തങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണമെന്ന് പ്രാര്‍ഥിച്ച് പണി തുടങ്ങുകയായിരുന്നു. കര്‍ഷകനായ തജ്‌നെ ജോലിക്കു പോവുംമുമ്പ് നാലും പോയിവന്ന് രണ്ടും മണിക്കൂര്‍ വീതം കിണര്‍ കുഴിച്ചു. എന്നാല്‍, ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പോലും കിണര്‍ കുഴിക്കുന്നതിനായി സഹായിച്ചില്ല. സമീപത്തെ മൂന്ന് കുഴല്‍ക്കിണറുകള്‍ വറ്റിവരണ്ടപ്പോഴും 40 ദിവസത്തെ തജ്‌നെയുടെ നിതാന്തപരിശ്രമത്തിനു ശേഷം കിണറില്‍ വെള്ളത്തിന്റെ നനവു തെട്ടു. കിണറിന് ഇപ്പോള്‍ 15 അടി താഴ്ചയാണുള്ളത്. അത് 20 അടി ആക്കണമെന്നാണ് തജ്‌നെയുടെ ആഗ്രഹം. ഇതിന് ഗ്രാമവാസികള്‍ തന്നെ സഹായിക്കുമെന്നും ഇദ്ദേഹം കരുതുന്നു.
തന്റെ കഠിനാധ്വാനം ഫലം കണ്ടതില്‍ ഏറെ സന്തോഷമുണ്ടെന്ന് തജ്‌നെ പറഞ്ഞു. സ്ഥലവാസികള്‍ക്ക് വെള്ളം കൊടുക്കണമെന്ന ആഗ്രഹം മാത്രമായിരുന്നു മനസ്സില്‍. ഇനി ഉയര്‍ന്ന ജാതിക്കാരുടെ കാലുപിടിക്കേണ്ട ഗതിയുണ്ടാവരുതെന്നും ബിഎ ബിരുദധാരിയായ ഈ ദിവസക്കൂലിക്കാരന്‍ പറയുന്നു. പ്രദേശവാസികളെല്ലാം ഇപ്പോള്‍ ഇവിടെനിന്നാണു വെള്ളമെടുക്കുന്നത്. ഇതിനിടെ, തജ്‌നെയുടെ വീരഗാഥ നാട്ടില്‍ പ്രചരിച്ചതോടെ നാട്ടുമുഖ്യനും മലേഗാവ് തഹസില്‍ദാറും സ്ഥലത്തെത്തി. വിവരം കേട്ടറിഞ്ഞ നടന്‍ നാനാ പടേക്കര്‍ ഫോണില്‍ ബന്ധപ്പെട്ട് കാണാനെത്തുമെന്ന് അറിയിച്ചു. പ്രദേശത്തെ ഒരു സാമൂഹികപ്രവര്‍ത്തകന്‍ 5000 രൂപ പാരിതോഷികമായി നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക