|    Jul 22 Sat, 2017 12:37 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സലഫി സെന്റര്‍, സത്യസരണി മാര്‍ച്ച്; ജനകീയ പ്രതിരോധത്തിന് മുന്നില്‍ സംഘപരിവാരം മുട്ടുമടക്കി

Published : 21st August 2016 | Posted By: SMR

തിരുവനന്തപുരം/മഞ്ചേരി: മതപരിവര്‍ത്തനകേന്ദ്രം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറം മഞ്ചേരിയിലെ സത്യസരണി, തിരുവനന്തപുരം സലഫി സെന്റര്‍ എന്നിവിടങ്ങളിലേക്കു മാര്‍ച്ച് പ്രഖ്യാപിച്ച ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര സംഘടനകള്‍ ജനകീയ പ്രതിരോധത്തിനു മുന്നില്‍ മുട്ടുമടക്കി.മാര്‍ച്ച് നടത്താന്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ച് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ആയിരങ്ങള്‍ നിലയുറപ്പിച്ചതോടെ മാര്‍ച്ച് പോലിസ് തടയുകയായിരുന്നു.
തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളജിനു മുമ്പില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഏതാനും മീറ്ററുകള്‍ പിന്നിട്ടപ്പോഴേക്കും പോലിസ് തടഞ്ഞതിനെത്തുടര്‍ന്ന് പുളിമൂട് ജങ്ഷനില്‍ ധര്‍ണ നടത്തിയ ശേഷം പ്രകടനക്കാര്‍ മടങ്ങി. മഞ്ചേരിയില്‍ കച്ചേരിപ്പടി ബസ്സ്റ്റാന്‍ഡില്‍ നിന്ന് തുടങ്ങാനിരുന്ന മാര്‍ച്ച് പോലിസ് അവിടെത്തന്നെ തടഞ്ഞു. തിരുവനന്തപുരത്ത് 25,000 പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് രാവിലെ 10ന് മാര്‍ച്ച് നടത്തുമെന്നാണു ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, നിശ്ചിതസമയത്ത് എത്തിയത് വിരലിലെണ്ണാവുന്നവര്‍ മാത്രം. തുടര്‍ന്ന് 11.30നാണ് മാര്‍ച്ച് ആരംഭിക്കാനായത്. പങ്കെടുത്തതാവട്ടെ ആയിരത്തില്‍ താഴെ പ്രവര്‍ത്തകരും.
അതേസമയം, രാവിലെ എട്ടിനുതന്നെ സലഫി മസ്ജിദിന് ഇരുവശവും പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ജനകീയ പ്രതിരോധം തീര്‍ത്തു. പള്ളിക്കു സമാന്തരമായ റോഡിന്റെ ഇരുവശത്തും 100 കണക്കിനു വിശ്വാസികള്‍ നിലയുറപ്പിച്ചു. ഹിന്ദു ഐക്യവേദി ധര്‍ണ പിരിഞ്ഞുപോയ ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്. പുളിമൂട് ജങ്ഷനില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍വി ബാബു ധര്‍ണ ഉദ്ഘാടനം ചെയ്തു. രാവിലെ 11ഓടെ മഞ്ചേരി കച്ചേരിപ്പടി ബസ് സ്റ്റാന്‍ഡില്‍ മാര്‍ച്ച് പോലിസ് തടഞ്ഞതിനെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് ഉദ്ഘാടനം നടത്തി. ഉച്ചയ്ക്ക് ഒരുമണിവരെ സ്റ്റാന്‍ഡില്‍ കുത്തിയിരുന്നെങ്കിലും ഒരടിപോലും മുന്നോട്ടുവയ്ക്കാന്‍ സംഘപരിവാരത്തിനായില്ല.
രാവിലെ ആറുമുതല്‍ തന്നെ മുസ്‌ലിം ഐക്യവേദി പ്രവര്‍ത്തകരും പോപുലര്‍ ഫ്രണ്ടും നഗരം വലയംചെയ്തിരുന്നു. മഞ്ചേരി സെന്‍ട്രലിലും ബൈപാസ് ജങ്ഷനിലും ആയിരങ്ങള്‍ സംഘടിച്ചു. ചെരണിയില്‍ പോലിസിനൊപ്പം പ്രദേശവാസികളാണു കാവല്‍നിന്നത്. ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക