|    Apr 25 Wed, 2018 10:53 am
FLASH NEWS

സര്‍വേ വിഭാഗത്തിന്റെ അനാസ്ഥ; ചേറൂര്‍ റോഡ് വികസനം അനിശ്ചിതത്വത്തില്‍

Published : 30th September 2016 | Posted By: Abbasali tf

തൃശൂര്‍: സര്‍വേ വിഭാഗത്തിന്റെ അനങ്ങാപാറ നിലപാടില്‍ ചേറൂര്‍ റോഡ് വികസനം അനിശ്ചിതത്വത്തില്‍. ചെമ്പൂക്കാവ് ജങ്ഷന്‍ മുതല്‍ ആകാശവാണി നിലയം വരെ 3.8 കിമീ ദൂരം മൂന്ന് കോടിരൂപ ചിലവില്‍ മെക്കാഡം ടാറിങ്ങ് നടത്തി വികസിപ്പിക്കാന്‍ സര്‍ക്കാരിന്റെ ടെന്‍ഡര്‍ അംഗീകാരം കഴിഞ്ഞ ജൂണില്‍ ലഭിച്ചതാണ്. പണിതുടങ്ങാന്‍ റോഡ് സര്‍വേ നടത്തി നല്‍കുന്നതിനുള്ള പൊതുമരാമത്ത് വകുപ്പിന്റെ ആവശ്യത്തോട് താലൂക്ക് സര്‍വേയറും, സര്‍വേ വകുപ്പും മുഖം തിരിച്ചതാണ് പ്രതിസന്ധിക്ക് കാരണം. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി സുനില്‍കുമാറോ, മേയറോ, ജില്ലാകലക്ടറോ ഇടപെട്ടാല്‍ എളുപ്പം പരിഹരിക്കാവുന്നതാണ് പ്രശ്‌നമെങ്കിലും ശക്തമായ ഇടപെടല്‍ ഉണ്ടാകുന്നുമില്ല. റോഡിനിരുഭാഗത്തും കാനകള്‍ പണിത് ഏഴ് മീറ്റര്‍ വീതിയില്‍ മെക്കോഡം ടാറിങും, കാനവരെ കോണ്‍ക്രീറ്റിങും നടത്തിയുള്ള ഉയര്‍ന്ന നിലവാരത്തിലുള്ള വികസനമാണ് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിട്ടുള്ളത്. കിണര്‍ ജങ്ഷനും നവീകരിക്കും. ബജറ്റില്‍ ഇതിന് മൂന്ന് കോടിരൂപ മൂന്ന് വര്‍ഷം മുമ്പേ സര്‍ക്കാര്‍ അനുവദിച്ചതുമാണ്. രണ്ട് വര്‍ഷം മുമ്പ് നടന്ന നാഷണല്‍ ഗെയിംസിന് മുമ്പായി പണി പൂര്‍ത്തിയാക്കണമെന്ന ധാരണയില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന്റെ അംഗീകാരത്തിന് സമര്‍പ്പിച്ചതായിരുന്നുവെങ്കിലും ധനകാര്യവകുപ്പ് പണം അനുവദിക്കാത്തതുമൂലം പണി നടത്താനാകാതെ കരാറുകാരന്‍ കരാറില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.വീണ്ടും ടെണ്ടര്‍ വിളിച്ചാണ് ജൂണില്‍ എസ്റ്റിമേറ്റ് നിരക്കിനേക്കാള്‍ 10 ശതമാനം അധികരിച്ച കരാര്‍ സര്‍ക്കാര്‍ അംഗീകരിച്ചതാണ്. മെക്കാഡം ടാറിങ്ങിന് സര്‍വ്വേ ആവശ്യമില്ലെങ്കിലും പിഡബ്ല്യൂഡിയുടെ മാനദണ്ഡമനുസരിച്ച് സര്‍വേ നടത്തി കയേറ്റം ഒഴിവാക്കിയേ കാനനിര്‍മാണം നടത്താറുള്ളൂ. സര്‍വേ നടത്തി അതിര്‍ത്തി നിര്‍ണ്ണയിച്ചുനല്‍കാന്‍ താലൂക്ക് സര്‍വേയര്‍ക്ക് കത്തു നല്‍കിയെങ്കിലും ജീവനക്കാരില്ലെന്ന പേരില്‍ സര്‍വേയര്‍ ഒഴിഞ്ഞുമാറി. തുടര്‍ന്ന് സര്‍വേ സൂപ്രണ്ടിന് കത്ത് നല്‍കിയെങ്കിലും ഇതു തങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന നിലപാടിലാണ് സര്‍വ്വേ വിഭാഗം. വില്‍വട്ടം വില്ലേജില്‍ റീ സര്‍വ്വേ കഴിഞ്ഞതിനാല്‍, ചേറൂര്‍ റോഡില്‍ വിശദസര്‍വ്വേയുടെ ആവശ്യമില്ല. റി സര്‍വേയില്‍ ഇട്ട കല്ലുകള്‍ പരിശോധിച്ച് അതിര്‍ത്തിയായി കാണിച്ചുകൊടുക്കേണ്ട കാര്യമേയുള്ളൂ. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കിലേ വിശദ സര്‍വേ വേണ്ടൂ. എന്നിട്ടും പൊതു താല്‍പര്യവിരുദ്ധ മനോഭാവത്തിലാണ് സര്‍വേ വിഭാഗം.ചേറൂര്‍ ഡിവിഷന്‍ കൗണ്‍സിലര്‍ പി.കൃഷ്ണന്‍കുട്ടിമാസ്റ്റര്‍ മാത്രമാണ് വിഷയത്തില്‍ ഇടപെട്ട ഏകപൊതുപ്രവര്‍ത്തകന്‍. അങ്ങേയറ്റം നിഷേധാത്മകസമീപനമാണ് സര്‍വേ വിഭാഗം സ്വീകരിക്കുന്നതെന്ന് കൃഷ്ണന്‍കുട്ടിമാസ്റ്റര്‍ പറഞ്ഞു. ബന്ധപ്പെട്ടവര്‍ ഇടപെട്ട് ഉടന്‍ പ്രശ്‌നം പരിഹരിക്കണമെന്ന റോഡ് വികസനം സാധ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss