|    Oct 24 Wed, 2018 8:07 am
FLASH NEWS
Home   >  Todays Paper  >  page 12  >  

സര്‍വേ നടപടികളില്‍ പിഴവ്; ഗെയില്‍ പദ്ധതി അവതാളത്തില്‍

Published : 13th September 2017 | Posted By: fsq

 

തൃശൂര്‍: ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ടു നടത്തിയ സര്‍വേ നടപടികളില്‍ പിഴവു സംഭവിച്ചതായി കണ്ടെത്തി. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തേണ്ട സര്‍വേ നടപടി ഗെയില്‍ അധികൃതര്‍ നേരിട്ടു നടത്തിയതാണു പ്രശ്‌നമായത്. വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരെയും അധ്യാപകരെയുമാണ് ഗെയില്‍ സര്‍വേ നടപടികള്‍ക്കു ചുമതലപ്പെടുത്തിയിരുന്നത്. സര്‍വേ നമ്പര്‍ പരിശോധിച്ച് ഭൂവുടമയുടെ വിവരങ്ങള്‍ ശേഖരിക്കുന്ന രീതിയാണ് സര്‍വേ നടത്തിയവര്‍ ചെയ്തത്. പദ്ധതിക്കെതിരേ ആദ്യഘട്ടത്തില്‍ തന്നെ പ്രതിഷേധം ഉയരുന്നത് തടയാനാണ് ഗെയില്‍ അധികൃതര്‍ രഹസ്യമായി സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍, ഈ നടപടി പദ്ധതിക്കു തന്നെ തടസ്സമാവുമെന്ന വിലയിരുത്തലാണിപ്പോള്‍. കോഴിക്കോട് ജില്ലയില്‍ ഗെയില്‍ പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിക്ക് അഞ്ചു വര്‍ഷമായിട്ടും രേഖകള്‍ കൈമാറിയില്ലെന്ന പരാതിയുമായി ഭൂവുടമകള്‍ രംഗത്തെത്തിയതോടെയാണ് സര്‍വേ നടപടികളിലെ പിഴവ് പുറത്തുവന്നത്. ആവശ്യമായ ഭൂമിയുടെ അളവ്, അതിരുകള്‍, നഷ്ടപരിഹാരത്തുക എന്നിവ അടങ്ങിയ രേഖയാണ് ഭൂവുടമയ്ക്കു നല്‍കേണ്ടത്. രേഖ ലഭിച്ചില്ലെന്ന് കാണിച്ച് ഭൂവുടമകള്‍ കോഴിക്കോട് കലക്്ടര്‍ക്ക് പരാതി നല്‍കി. പരാതി സ്വീകരിച്ച ജില്ലാ കലക്ടര്‍ പരിശോധന നടത്താമെന്ന് ഉറപ്പു നല്‍കി. ഇതോടെ മറ്റു ജില്ലകളിലും ഗ്യാസ് പൈപ്പ്‌ലൈന്‍ വിക്റ്റിംസ് ഫോറം പരാതിയുമായി രംഗത്തുവരുകയായിരുന്നു. പദ്ധതിക്കായി ഭൂമി ഏറ്റെടുത്തത് മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്നു പദ്ധതിയുടെ തുടക്കത്തില്‍ തന്നെ പരാതി ഉയര്‍ന്നിരുന്നു. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഭൂമി ഏറ്റെടുത്തതെന്നു പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. മാത്രമല്ല, വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്കായി വിട്ടുകൊടുത്ത ഭൂമിയില്‍നിന്ന് ഗെയില്‍ ആവശ്യമുള്ളതിലേറെ ഭൂമി ഏറ്റെടുത്തതായും പരാതിയുണ്ട്. ഇതുസംബന്ധിച്ച പരാതി റവന്യൂ വകുപ്പ് പരിശോധിച്ചുവരുകയാണ്. നേരത്തേ റവന്യൂ വകുപ്പിനെ മുഖവിലയ്‌ക്കെടുക്കാതെ ചെയ്ത പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ഗെയിലിന് തിരിച്ചടിയാവുന്നത്. ഭൂമി ഏറ്റെടുക്കുന്ന വിഷയത്തില്‍ ഗെയിലും ഭൂവുടമകളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അധികൃതരെ നിയമിച്ചിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ഒന്നും ചെയ്യാതെ ഗെയില്‍ പ്രതിഷേധം ഒഴിവാക്കാന്‍ റവന്യൂ അധികൃതരെ മാറ്റിനിര്‍ത്തി സര്‍വേ നടപടികള്‍ രഹസ്യമായി നടത്തുകയായിരുന്നു. നിലവില്‍ റവന്യൂ വകുപ്പിന് പരിശോധന നടത്താനാവാത്ത സാഹചര്യമാണുള്ളത്. യഥാര്‍ഥ ഉടമകളെ കണ്ടെത്താന്‍പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ഏഴ് ജില്ലകളിലും റവന്യൂ പരിശോധന വൈകുന്നത് ഗെയില്‍ പദ്ധതി തന്നെ അവതാളത്തിലാവാ ന്‍ കാരണമാവും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss