|    Oct 19 Fri, 2018 10:00 am
FLASH NEWS

സര്‍വേ താമസിപ്പിച്ചതിനെതിരേ വ്യാപക പരാതി

Published : 16th January 2017 | Posted By: fsq

 

കോട്ടയം:  മീനച്ചിലാറിന്റെ  തീരപ്രദേശത്തെ പുറമ്പോക്കു ഭൂമി അളന്നു തിരിക്കാനുള്ള സര്‍വേ ജോലികള്‍  മന്ത്രിയും കലക്ടറും ഇടപെട്ടിട്ടും താമസിപ്പിച്ചത് മണല്‍ മാഫിയാ ഉള്‍പ്പെടെയുള്ള കൈയേറ്റക്കാരെ സഹായിക്കാനായിരുന്നുവെന്ന ആരോപണം ശക്തമാവുന്നു. ഏറ്റുമാനൂര്‍ നഗരസഭയില്‍ പേരൂര്‍ വില്ലേജില്‍ പൂവത്തുംമൂട് മുതല്‍ കിണറ്റിന്‍മൂട് വരെയുള്ള ഭാഗത്ത് പുറമ്പോക്ക് ഭൂമി കൈയേറിയത് വിവാദമായ നാള്‍ മുതല്‍ കൈയേറ്റക്കാര്‍ക്കനുകൂലമായ നിലപാടാണ് ബന്ധപ്പെട്ട അധികാരി  കൈക്കൊണ്ടതെന്നാണ് പരാതി. ആറ്റുതീരം അളന്ന് തീര്‍ന്നിട്ടും അതിര്‍ത്തി തിരിക്കാനുള്ള സര്‍വേ കല്ലുകള്‍ എത്തിക്കാതിരുന്നത് കൈയേറ്റക്കാരെ സഹായിക്കാനായിരുന്നുവെന്ന് ബന്ധപ്പെട്ട വകുപ്പിലെ ജീവനക്കാര്‍ തന്നെ പറയുന്നു. ആക്ഷന്‍ കൗണ്‍സിലിന്റെ നിരന്തരമായ പരാതിയെ തുടര്‍ന്ന് രണ്ട് തവണ സര്‍വേയ്ക്ക് ഉത്തരവായെങ്കിലും കൈയേറ്റക്കാരുടെ അപേക്ഷ മാനിച്ച് ആരോപണ വിധേയനായ അധികാരി തന്നെ അളവ് മാറ്റി വെപ്പിച്ചിരുന്നു. വിവരാവകാശത്തിലൂടെ കിട്ടിയ രേഖകള്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പ്പെടുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ അളവ് തുടങ്ങി. എന്നാല്‍ കൈയേറ്റം വ്യക്തമായുണ്ടെന്ന് അറിയാവുന്ന സ്ഥലത്തേക്ക് കടക്കും മുമ്പ് തന്നെ സര്‍വേ അവസാനിപ്പിച്ച് ഉദ്യോഗസ്ഥരെ  തിരികെ വിളിച്ചു. രണ്ട് മാസത്തിനു ശേഷം വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ കലക്ടറെ വിളിച്ച് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം സര്‍വേ ജോലികള്‍ പൂര്‍ത്തിയാക്കിയത്. പക്ഷെ സര്‍വേ കല്ലുകള്‍ എത്തിക്കാന്‍  ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ തയ്യാറായില്ല എന്നാണ് പരാതി. കോടികള്‍ വിലവരുന്ന സര്‍ക്കാര്‍ സ്ഥലമാണ് കഴിഞ്ഞ ഒരാഴ്ച നടന്ന സര്‍വേയിലൂടെ കണ്ടെത്താനായത്. എന്നാല്‍ സര്‍വേ കല്ലുകളുടെ അഭാവത്താല്‍ കുറ്റി നാട്ടി പോരുകയാണ് ജീവനക്കാര്‍ ചെയ്തത്.  രണ്ട് മാസം മുമ്പ് സര്‍വേ കല്ലുകള്‍ ഇല്ലാതെ അളന്ന് നാട്ടിയ കുറ്റികള്‍ കൈ യേറ്റക്കാര്‍ പിഴുതെറിഞ്ഞിരുന്നു. ആറ്റുപുറമ്പോക്ക് കുഴിച്ച് സ്വകാര്യവ്യക്തി മണല്‍ ഖനനം ചെയ്തത് സര്‍ക്കാരിന് കോടികളുടെ നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്ന് സര്‍വേയ്‌ക്കെത്തിയ ജീവനക്കാര്‍ തന്നെ സൂചിപ്പിക്കുന്നു. മണലൂറ്റിയ നാളുകളിലെ വില കണക്കാക്കി ഈ നഷ്ടം മണല്‍മാഫിയയില്‍ നിന്ന് ഈടാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ നഗരസഭയുടെ പരിധിയില്‍ വരുന്ന ആറ്റുതീരത്തെ കൈയേറ്റം മുഴുവന്‍ കണ്ടെത്താനും നിര്‍ദേശം ഉയര്‍ന്നു. പുന്നത്തുറ മുതല്‍ പാറമ്പുഴ കുത്തിയതോട് വരെയുള്ള ഭാഗത്തെ പുറമ്പോക്ക് സ്ഥലം അളന്നു തിരിച്ചെടുക്കുന്നതിന് പ്രാഥമിക ജോലികള്‍ ആരംഭിച്ചതായി വില്ലേജ് ഓഫിസര്‍ ബിന്ദു നായര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം അളന്നെടുത്ത ഭൂമി ഇതിനുള്ളില്‍ പെടുന്നതാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് മണല്‍മാഫിയയുടെ കൈകളിലായതാണ് പേരൂര്‍ പുന്നത്തുറ പ്രദേശങ്ങളിലെ ആറ്റുപുറമ്പോക്കില്‍ സിംഹഭാഗവും. ആറ്റില്‍ നിന്നുമുള്ള മണല്‍ വാരലിന് നിയന്ത്രണം വന്നുവെങ്കിലും അന്ന് വാഹനങ്ങള്‍  ഇറക്കാന്‍ പുറമ്പോക്കിലേക്ക് കെട്ടിയിറക്കിയ കടവുകള്‍ ഇന്നും അവശേഷിക്കുന്നുണ്ട്. തീരപ്രദേശത്തെ എക്കല്‍മണ്ണ് ഇഷ്ടിക നിര്‍മാണത്തിന് എടുത്തതും പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഒട്ടേറെ ഉണ്ടാക്കിയിട്ടുണ്ട്. അടിത്തട്ട് പൊട്ടിച്ച് മണല്‍ വാരിയത് മീനച്ചിലാറിലെ ജലവിതാനം താഴ്ന്നതിനും നീരൊഴുക്ക് കുറഞ്ഞ് മലിനജലമായി കെട്ടികിടക്കുന്നതിനും പരിസരപ്രദേശങ്ങലിലെ ജലസ്രോതസുകള്‍ വറ്റി വരളുന്നതിനും കാരണമായിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss