|    Nov 25 Sat, 2017 10:56 am
FLASH NEWS

സര്‍വേ കല്ലുകളുമായി കല്ലടത്തണ്ണി മിച്ചഭൂമിയിലേക്ക് നടത്തിയ മാര്‍ച്ച് പോലിസ് തടഞ്ഞു

Published : 2nd August 2017 | Posted By: fsq

 

കിളിമാനൂര്‍: പള്ളിക്കല്‍ വില്ലേജിലെ ഇളമ്പ്രക്കോട് കല്ലടത്തണ്ണി മിച്ചഭൂമിയിലേക്ക് സര്‍വേ കല്ലുകളുമായി മാര്‍ച്ച് നടത്തി. മിച്ചഭൂമിയുടെ സമീപത്ത് വച്ച് കിളിമാനൂര്‍ സിഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം മാര്‍ച്ച് തടഞ്ഞു. ഇന്നലെ രാവിലെ 10ഓടെ കല്ലടത്തണ്ണിയുടെ സമീപസ്ഥലമായ കൊല്ലം ജില്ലയിലെ പോരേടം ഗണപതിനടയില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 200 പേര്‍ പങ്കെടുത്തു. വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമര സമിതിയുടെ നേതൃത്വത്തിലാണ് സര്‍വേ കല്ലുകളുമായി മാര്‍ച്ച് നടത്തിയത്. പള്ളിക്കല്‍ വില്ലേജില്‍ ഇളമ്പ്രക്കോട് കല്ലടത്തണ്ണി പ്രദേശത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പിടിച്ചെടുത്ത്, സര്‍ക്കാര്‍ ഉടമസ്ഥതയിലാക്കിയ 14 ഏക്കര്‍ മിച്ചഭൂമിയുണ്ട്. ഇവിടെ ഒരു വര്‍ഷം മുമ്പ് വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമരസമിതിയുടെ നേതൃത്വത്തില്‍ പ്രതീതാത്മകമായി കുടില്‍ കെട്ടി ഭൂമിക്കു വേണ്ടി സമരം നടത്തിയിരുന്നു. സമരത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ നല്‍കിയ ഉറപ്പ് ഒരു വര്‍ഷം ആയിട്ടും നടപ്പാക്കിയിെല്ലന്നും ഭൂമി അളന്നുതിരിച്ച് സര്‍വേ കല്ലിടുന്നതിനു കല്ല് വാങ്ങാനുള്ള ഫണ്ട് ലഭ്യമായില്ലെന്നുമുള്ള അധികൃതരുടെ ബാലിശമായ മറുപടികളെ തുടര്‍ന്നാണു് സര്‍വേ കല്ലുകളുമായി കല്ലടത്തണ്ണി മിച്ചഭൂമിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചതെന്ന് സമരത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു. അതേസമയം ഭൂമി അളന്നുതിരിച്ചു കഴിഞ്ഞതായും വിതരണത്തിന്റെ അവസാന ഘട്ടത്തിലാണെന്നും വൈകീട്ട് ഇതിനായി ജില്ലാ കലക്ടര്‍ യോഗം വിളിച്ചിട്ടുണ്ടെന്നും വര്‍ക്കല തഹസില്‍ദാര്‍ പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ എ ഷെഫീക്ക് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എന്‍ എം അന്‍സാരി അധ്യക്ഷത വഹിച്ചു. വിവിധ നേതാക്കള്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക