|    Aug 20 Sun, 2017 7:44 am
FLASH NEWS

സര്‍വേയര്‍മാരുടെ അഭാവം: താലൂക്കിലെ റീസര്‍വേ നടപടികള്‍ വൈകുന്നതായി പരാതി

Published : 4th August 2017 | Posted By: fsq

 

വടകര: താലൂക്ക് ഓഫിസിലെ എല്‍ആര്‍എം സെക്ഷനിലെ മതിയായ സര്‍വേയര്‍മാര്‍ ഇല്ലാത്തത് റീസര്‍വേ സംബന്ധിച്ച പരാതികളില്‍ കാലതാമസം നേരിടുന്നു. രണ്ടായിരത്തോളം പരാതികളാണ് റീസര്‍വേ സംബന്ധിച്ച് വടകര താലൂക്ക് ഓഫിസില്‍ കെട്ടിക്കിടക്കുന്നത്. പത്തോളം സര്‍വേയര്‍മാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ ഒരാള്‍ മാത്രമാണുള്ളത്. ഇത് മൂലമാണ് വടകര താലൂക്കിലെ വിവിധ മേഖലകളില്‍ നിന്നുള്ള പരാതികള്‍ കെട്ടിക്കിടക്കുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ റിസര്‍വേയുമായി ബന്ധപ്പെട്ട് എട്ടോളം സര്‍വേയര്‍മാരെ അവിടേക്ക് സ്ഥലം മാറ്റുകയും, ഒരാളെ മണിയൂര്‍ പഞ്ചായത്തിലെ ചൊവ്വാപ്പുഴയുമായി ബന്ധപ്പെട്ട റീസര്‍വ്വേക്കായി നിയോഗിക്കുകയും ചെയ്തതോടെയാണ് വടകരയില്‍ റീസര്‍വേയ്ക്കായി ആളില്ലാത്ത സ്ഥിതി കൈവന്നിരിക്കുന്നത്. ഇത് മൂലം റീസര്‍വേ സംബന്ധിച്ച പരാതികളില്‍ പരിഹാരം ഉണ്ടാകാത്തതിനാല്‍ സ്ഥലം കൈമാറാനും ബേങ്ക് വായ്പ ലഭിക്കാനോ മറ്റു ആവശ്യങ്ങള്‍ നിറവേറ്റാനോ സാധിക്കാതെ സാധാരണക്കാരായ ആളുകള്‍ പ്രയാസപ്പെടുകയാണ്. ദിനംപ്രതി നിരവധി പരാതികള്‍ വരുന്നതോടൊപ്പം നിലവിലുള്ള പരാതികള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കാനാവാത്തത് ഉദ്യോഗസ്ഥരെയും വലച്ചിരിക്കുകയാണ്. ചില സമയങ്ങളില്‍ ഉദ്യോഗസ്ഥരും പരാതിക്കാരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്യുകയാണ്. കാസര്‍ഗോഡേക്ക് സ്ഥലം മാറ്റിയവര്‍ വടകരയിലേക്ക് എപ്പോള്‍ തിരിച്ചെത്തുമെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് വ്യക്തതയില്ല. ഇവരെ വടകരയിലേക്ക് മാറ്റുകയോ ബദല്‍ സംവിധാനം കാണുകയോ ചെയ്യാതെ പരാതികള്‍ക്ക് പരിഹാരമാവാന്‍ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എത്രയും പെട്ടെന്ന് മതിയായ സര്‍വേയര്‍മാരെ വടകര താലൂക്ക് ഓഫിസിലെ എല്‍ആര്‍എം സെക്ഷനില്‍ ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിച്ച് പൊതുജനങ്ങളുടെ പരാതികളില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് വടകര ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. ബ്ലോക്ക് പ്രസിഡണ്ട് അഡ്വ. പിടികെ നജ്മല്‍ അധ്യക്ഷത വഹിച്ചു. പികെ വൃന്ദ, പ്രഭിന്‍ പാക്കയില്‍, സി നിജിന്‍, സുജിത്ത് ഒടിയില്‍, സുധീഷ് വള്ളില്‍, രജീഷ് ഏറാമല, അജിനാസ് താഴത്ത്, പികെ അഭിലാഷ്, ഇര്‍ഷാദ് സുല്‍ത്താന്‍ എന്നിവര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക