|    Feb 21 Wed, 2018 6:48 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സര്‍വീസ് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഇനി ക്ഷേമ പെന്‍ഷനില്ല

Published : 19th January 2017 | Posted By: fsq

 

തിരുവനന്തപുരം: സര്‍വീസ് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ക്ഷേമ പെന്‍ഷനുകള്‍ നിര്‍ത്തലാക്കിയും ഇപിഎഫ് പെന്‍ഷന്‍കാര്‍ക്ക് നല്‍കുന്ന സാമൂഹികക്ഷേമ പെന്‍ഷനുകള്‍ ഒന്നു മാത്രമായി നിജപ്പെടുത്തിയും സര്‍ക്കാര്‍ ഉത്തരവ്. ധനകാര്യ വകുപ്പ് അഡീഷനല്‍ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സര്‍വീസ് പെന്‍ഷന്‍കാര്‍, ആദായനികുതി നല്‍കുന്നവര്‍, രണ്ടേക്കറിലധികം ഭൂമിയുള്ളവര്‍, വിധവാപെന്‍ഷന്‍ വാങ്ങുമ്പോള്‍ തന്നെ പുനര്‍വിവാഹം ചെയ്തവര്‍ എന്നിങ്ങനെയുള്ള 27,687 പേരുടെ സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ ധനവകുപ്പ് മരവിപ്പിച്ചു. ഇപിഎഫ് പെന്‍ഷന്‍കാര്‍ക്കും സാമൂഹിക പെന്‍ഷന്‍ തടയാനായിരുന്നു സര്‍ക്കാരിന്റെ ആദ്യതീരുമാനം. എന്നാല്‍, തൊഴിലാളികളുടെ ഭാഗത്തുനിന്നും പ്രതിഷേധം ഉണ്ടാവുമെന്നു കണ്ടതോടെ ഇപിഎഫ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഏതെങ്കിലും ഒരു സാമൂഹികക്ഷേമ പെന്‍ഷന്‍കൂടി നല്‍കാനായി തീരുമാനിക്കുകയായിരുന്നു. പിഎഫ് പെന്‍ഷനും ക്ഷേമ പെന്‍ഷനും ഒന്നിച്ചുവാങ്ങുന്ന 21171 പേര്‍ക്ക് ഇക്കുറി ക്ഷേമ പെന്‍ഷന്‍ നല്‍കിയിരുന്നില്ല. പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ക്ക് തടഞ്ഞുവച്ച പെന്‍ഷനുകള്‍ ഉടന്‍ ലഭ്യമാവും. അതിനിടെ എല്ലാ ഇപിഎഫ് പെന്‍ഷന്‍കാര്‍ക്കും ക്ഷേമ പെന്‍ഷനുകള്‍ സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ നിഷേധിക്കുന്നത് സര്‍ക്കാരിന്റെ നയമല്ല. ഒന്നിലധികം പെന്‍ഷന്‍ ലഭിക്കുന്നവരെ കണ്ടെത്തി അനര്‍ഹരെ ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പിഎഫ് അടക്കമുള്ള പെന്‍ഷനുകള്‍ ലഭ്യമാവുന്ന മുഴുവന്‍ ആളുകളുടെയും സത്യവാങ്മൂലം സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ സാമൂഹികസുരക്ഷാ പെന്‍ഷന്‍ നല്‍കുന്ന 39,24,040 പേരില്‍ 33,59,262 പേരാണ് ഡിസംബര്‍ 20 വരെ നിര്‍ദിഷ്ട വിവരങ്ങള്‍ ലഭ്യമാക്കിയത്. ബാക്കിയുള്ള 5,64,778 പേരുടെ രേഖകള്‍ ലഭ്യമല്ലാത്തതിനാല്‍ നല്‍കിയില്ല. ക്ഷേമ പെന്‍ഷന്‍ വിതരണം കുറ്റമറ്റതാക്കാന്‍ ഡാറ്റാബേസ് തയ്യാറാക്കാനാണു വിവരങ്ങള്‍ ആവശ്യപ്പെട്ടത്. ഇതുവരെ രേഖകളും സത്യവാങ്മൂലവും നല്‍കിയിട്ടില്ലാത്തവര്‍ എത്രയുംവേഗം അവ നല്‍കണം. പെന്‍ഷന്‍ കിട്ടാത്തവരില്‍ 2,49,477 പേര്‍ സത്യവാങ്മൂലം അപ്‌ലോഡ് ചെയ്യാനുള്ളവരാണ്. വിവരം നല്‍കിയവര്‍ക്കു പെന്‍ഷന്‍ നല്‍കാനായി ക്ലോസ് ചെയ്തിരുന്ന വെബ്‌സൈറ്റ് ഇപ്പോള്‍ തുറന്നിട്ടുണ്ട്. ശേഷിച്ചവര്‍ക്കും ഇനി സത്യവാങ്മൂലം അപ്‌ലോഡ് ചെയ്യാം. ഇതിന്റെ അടിസ്ഥാനത്തില്‍ അര്‍ഹരാണെന്നു കാണുന്ന എല്ലാവര്‍ക്കും കുടിശ്ശിക സഹിതം പെന്‍ഷന്‍ നല്‍കുമെന്ന് ധനവകുപ്പ് അറിയിച്ചു. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് ഒരു ലക്ഷം രൂപയ്ക്ക് താഴെ വരുമാനമുള്ള എല്ലാവര്‍ക്കും ക്ഷേമ പെന്‍ഷനുകള്‍ ഏര്‍പ്പെടുത്തിയത്. 600 രൂപയായിരുന്ന പെന്‍ഷന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ 1000 രൂപയായി ഉയര്‍ത്തിയിരുന്നു. അതേസമയം, ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ പെന്‍ഷനുകള്‍ നല്‍കുന്നത് അരാജകത്വത്തിന് കാരണമാവുമെന്ന്് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ഏതെങ്കിലും ഒരു പെന്‍ഷന്‍ ലഭ്യമാവണമെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss