|    May 24 Wed, 2017 6:09 am
FLASH NEWS

സര്‍വീസ് ചട്ടലംഘനം; ബോബി അലോഷ്യസിന് എതിരേ പരാതി

Published : 13th July 2016 | Posted By: SMR

തിരുവനന്തപുരം: മുന്‍ അത്‌ലറ്റ് ബോബി അലോഷ്യസ് കസ്റ്റംസ് സര്‍വീസ് ചട്ടം ലംഘിച്ചെന്നാരോപിച്ച് കസ്റ്റംസ് മുഖ്യ കമ്മീഷണര്‍ക്ക് മുമ്പാകെ പരാതി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ ഇംഗ്ലണ്ടില്‍ പഠനത്തിനും പരിശീലനത്തിനുമായി പോയ കാലത്ത് ബോബി അലോഷ്യസും ഭര്‍ത്താവും ചേര്‍ന്ന് സ്വകാര്യകമ്പനി തുടങ്ങിയെന്ന് ചൂണ്ടിക്കാട്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ ഭരണസമിതി അംഗം സലിം പി ചാക്കോയാണ് പരാതി നല്‍കിയത്.
അതേസമയം, ആരോപണം മറുപടി അര്‍ഹിക്കുന്നില്ലെന്ന് ബോബി അലോഷ്യസ് പ്രതികരിച്ചു. ഞാന്‍ ഭരണസമിതിയിലേക്കെത്തുമെന്ന സംശയത്തിലാണ് ആരോപണമുണ്ടാക്കുന്നതെന്നും ബോബി അലോഷ്യസ് പറഞ്ഞു. 2003ല്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഫണ്ടും കേന്ദ്ര കായികവികസന ഫണ്ടും വാങ്ങി പഠനത്തിനായി യുകെയില്‍ പോയ ബോബി അലോഷ്യസ് ഭര്‍ത്താവുമായി ചേര്‍ന്ന്, സര്‍വീസ് ചട്ടവിരുദ്ധമായി അവിടെ രൂപീകരിച്ച യുകെ സ്റ്റഡി അഡൈ്വസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ രേഖകളും സ്വകാര്യകമ്പനി സ്ഥാപിച്ചതിന്റെ രേഖകളും പരാതിക്കൊപ്പം സമര്‍പ്പിച്ചു.
ബോബി അലോഷ്യസിന്റെ കമ്പനി ഓണ്‍ലൈനില്‍ നല്‍കിയ പരസ്യങ്ങളും പരാതിക്കാരന്‍ കസ്റ്റംസിന് സമര്‍പ്പിച്ചിട്ടുണ്ട്. യുകെ പഠനം കഴിഞ്ഞെത്തിയാല്‍ സംസ്ഥാനത്തെ കായികതാരങ്ങള്‍ക്ക് പരിശീലനം നല്‍കുമെന്നാണ് 15 ലക്ഷം രൂപ സഹായം ലഭിക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് ബോബി അലോഷ്യസ് ബോണ്ട് നല്‍കിയിരുന്നത്. എന്നാല്‍, കരാര്‍ ലംഘിച്ചു.
ഇതേ കാലയളവില്‍ ഒളിംപിക്‌സ് പരിശീലനത്തിനായി ദേശീയ കായിക വികസന ഫണ്ടില്‍നിന്ന് അവര്‍ 34.11 ലക്ഷം രൂപ നേടിയിരുന്നതായും പരാതിയില്‍ പറയുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കിയ സഹായം മറച്ചുവച്ചാണ് ഇത് നേടിയതെന്നാണ് ആരോപണം. കൗണ്‍സിലിലെ 10 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലെ അഴിമതി അന്വേഷിക്കണമെന്ന് അഞ്ജു ബോബി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രാജിവയ്ക്കും മുമ്പു വിജിലന്‍സ് ഡയറക്ടറോട് അഭ്യര്‍ഥിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day