|    Oct 23 Tue, 2018 2:31 am
FLASH NEWS

സര്‍വകലാശാലകളില്‍ നിന്നുംസമൂഹം പ്രതീക്ഷിക്കുന്നത് മികച്ച ഗവേഷണഫലങ്ങള്‍: മന്ത്രി

Published : 22nd January 2017 | Posted By: fsq

 

കാലടി:    സര്‍വകലാശാലകളില്‍ നിന്നും സമൂഹം പ്രതീക്ഷിക്കുന്നത് അക്കാദമിക് മികവും നല്ല ഗവേഷണഫലങ്ങളുമാണെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ് പറഞ്ഞു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ മുഖ്യപ്രവേശന കവാടത്തിന്റെയും സൗരോര്‍ജനിലയത്തിന്റെയും ഉദ്ഘാടനവും മുഖ്യപ്രവേശന കവാടത്തില്‍ സ്ഥാപിച്ചിരിക്കുന്ന ശ്രീ ശങ്കര പ്രതിമയുടെ അനാച്ഛാദനവും ലാങ്‌ഗ്വേജ് ബ്ലോക്കിന്റെയും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിന്റെയും ശിലാസ്ഥാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വകലാശാലയിലെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ഉള്ളിലുള്ള ആശയം ജനങ്ങളിലേയ്ക്ക് എത്തുന്നതിന്റെ രൂപഭാവമായാണ് ഞാന്‍ ശ്രീ ശങ്കര പ്രതിമയെ കാണുന്നതെന്ന് മന്ത്രി പറഞ്ഞു. ശ്രീ ശങ്കര പ്രതിമയുടെ സാക്ഷാല്‍ക്കാരത്തിന് നേതൃത്വം നല്‍കിയ സര്‍വകലാശാലയിലെ ചിത്രകലാവിഭാഗം മേധാവി ഡോ. ടി ജി ജ്യോതിലാലിനെ വിദ്യാഭ്യാസമന്ത്രി പൊന്നാടയണിയിച്ച് ഉപഹാരം നല്‍കി ആദരിച്ചു.  മുഖ്യകവാടത്തിന്റെ രൂപകല്‍പന നിര്‍വഹിച്ച ആര്‍ക്കിടെക്ട് അജിത് അസോസിയേറ്റ്‌സ്, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ച ഷിബു വര്‍ഗീസ്, സൗരോര്‍ജ നിലയം സാക്ഷാല്‍ക്കരിച്ച കെല്‍ട്രോണ്‍ എന്നിവര്‍ക്ക് വിദ്യാഭ്യാസമന്ത്രി ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.കനകധാര ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ റോജി എം ജോണ്‍ എംഎല്‍എ അധ്യക്ഷനായിരുന്നു.  വൈസ് ചാന്‍സലര്‍ ഡോ. എം സി ദിലീപ്കുമാര്‍ ആമുഖപ്രഭാഷണം നടത്തി. സിന്‍ഡിക്കേറ്റ് അംഗം ഡോ. കെ ജി രാമദാസന്‍ പദ്ധതികള്‍ വിശദീകരിച്ച് പ്രവര്‍ത്തനരേഖ അവതരിപ്പിച്ചു. യാക്കോബായ സുറിയാനി സഭയുടെ തൃശൂര്‍ ഭദ്രാസനം മെത്രാപ്പൊലീത്തയും അന്ത്യോക്യ സത്യവിശ്വാസ സംരക്ഷണ സമിതി പ്രസിഡന്റുമായ ബിഷപ് ഡോ. ഏലിയാസ് മോര്‍ അത്തനേഷ്യസ്, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി പി ജോര്‍ജ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. വി ജി ഗോപാലകൃഷ്ണന്‍, പ്രഫ. എസ് മോഹന്‍ദാസ്, പ്രഫ. തോമസ് കെ ജോബ്, സര്‍വകലാശാല യൂനിയന്‍ ചെയര്‍മാന്‍ രാഹുല്‍ എം എസ്, പ്രോ വൈസ് ചാന്‍സലര്‍ ഡോ. ധര്‍മരാജ് അടാട്ട്, രജിസ്ട്രാര്‍ ഡോ. ടി പി രവീന്ദ്രന്‍ സംസാരിച്ചു. കാനഡയിലെ സെന്റ് ഫ്രാന്‍സിസ് യൂനിവേഴ്‌സിറ്റിയിലെ ഫിലോസഫി പ്രാഫസര്‍ വില്യം സ്വീറ്റ് സന്നിഹിതനായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss