|    Sep 22 Sat, 2018 2:49 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സര്‍വകലാശാലകളില്‍ ഗാന്ധി പഠനകേന്ദ്രം ആരംഭിക്കുന്നില്ല

Published : 13th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: സര്‍വകലാശാല ഗ്രാന്റ് കമ്മീഷന്‍ (യുജിസി) അംഗീകാരം നല്‍കിയിട്ടും രാജ്യത്തെ സര്‍വകലാശാലകള്‍ മഹാത്മാഗാന്ധി പഠന കേന്ദ്രങ്ങള്‍ (സ്റ്റഡി ചെയര്‍) ആരംഭിക്കുന്നില്ലെന്നു കേന്ദ്രസര്‍ക്കാര്‍.
അഹിംസ, സമാധാനം, സ്വാതന്ത്ര്യ പ്രസ്ഥാനം, ദേശീയ അഖണ്ഡത എന്നീ വിഷയങ്ങളില്‍ പഠന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ യുജിസിയുടെ അംഗീകാരമുള്ള ചെയറാണ് മഹാത്മാഗാന്ധി ചെയര്‍. എന്നാല്‍ ഇക്കാര്യത്തില്‍ രാജ്യത്തെ ഒരു സര്‍വകലാശാലയും യുജിസിയുടെ നിര്‍ദേശം നടപ്പാക്കിയില്ലെന്നു കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം വൃത്തങ്ങള്‍ വ്യക്തമാക്കി. അക്കാദമിക് നിലവാരം വര്‍ധിപ്പിക്കാന്‍ നൊബേല്‍ സമ്മാന ജേതാക്കളുടെയും വിവിധ മേഖലകളില്‍ മികവു തെളിയിച്ച പ്രതിഭകളുടെയും മറ്റു വിശിഷ്ട വ്യക്തികളുടെയും പേരില്‍ സ്റ്റഡി ചെയറുകള്‍ ആരംഭിക്കാന്‍ യുജിസി പദ്ധതി ആവിഷ്‌കരിച്ചിരുന്നു.
ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു മഹാത്മാഗാന്ധി സ്റ്റഡി ചെയര്‍. പക്ഷേ, ഒരു സര്‍വകലാശാല പോലും സ്റ്റഡി ചെയര്‍ ആരംഭിക്കുകയോ, ഇത് സംബന്ധിച്ച തീരുമാനം യുജിസിയെ അറിയിക്കുകയോ ചെയ്തില്ലെന്നു മന്ത്രാലയം പറയുന്നു. ഗാന്ധിയന്‍ പഠനത്തിന് വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിക്കുന്നുവെന്നാണു പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തര, എംഫില്‍, പിഎച്ച്ഡി പ്രോഗ്രാമുകള്‍ക്കും വിദ്യാര്‍ഥികള്‍ എന്റോള്‍ ചെയ്തിട്ടുണ്ടെന്നാണു കണക്കുകള്‍.
2017-18ലെ ഔദ്യോഗിക കണക്കനുസരിച്ച് ഗാന്ധിയന്‍ പഠനത്തിനായി ബിരുദതലത്തില്‍ 419ഉം ബിരുദാനന്തര ബിരുദത്തിനായി 796, എംഫില്‍ 51, പിഎച്ച്ഡി 78 എന്നിങ്ങനെ വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ 17 ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇവ വളരെ അധികമാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss