|    Mar 26 Sun, 2017 5:21 am
FLASH NEWS

സര്‍വകക്ഷി സംഘം കശ്മീരില്‍; മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തി

Published : 5th September 2016 | Posted By: SMR

ശ്രീനഗര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം കശ്മീരിലെത്തി. ദാല്‍ തടാകത്തിനു സമീപത്തെ ഷേറെ കശ്മീര്‍ കണ്‍വന്‍ഷന്‍ സെന്ററിലായിരുന്നു സര്‍വകക്ഷി യോഗം. മുഖ്യമന്ത്രി മെഹ്ബൂബ ഉള്‍പ്പെടെയുള്ളവര്‍ സംബന്ധിച്ച യോഗത്തില്‍ താഴ്‌വരയിലെ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി. സംഘര്‍ഷകലുഷിതമായ സംസ്ഥാനത്തിന്റെ അവസ്ഥയില്‍ സംഘം ആശങ്ക അറിയിക്കുകയും ചെയ്തു.
ഇന്നു വൈകുന്നേരം ഡല്‍ഹിക്കു മടങ്ങും മുമ്പ് സംഘാംഗങ്ങള്‍ പ്രത്യേകമായി വിവിധ വിഭാഗങ്ങളുമായി തുറന്ന ചര്‍ച്ചകളും സംവാദങ്ങളും നടത്തും. ശേഷം ഡല്‍ഹിയില്‍ ഒരിക്കല്‍ കൂടി യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. കേന്ദ്രമന്ത്രിമാരായ അരുണ്‍ജെയ്റ്റ്‌ലി, രാംവിലാസ് പാസ്വാന്‍, കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ അഖിലേന്ത്യാ സെക്രട്ടറി ഡി രാജ, ആര്‍ജെഡി നേതാവ് ജയപ്രകാശ് നാരായണ്‍, ജെഡിയു നേതാവ് ശരദ് യാദവ്, മുസ്‌ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ ഇ അഹമ്മദ്, എന്‍ കെ പ്രേമചന്ദ്രന്‍ എംപി, എംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി എംപി തുടങ്ങിയവരാണ് സംഘത്തിലുള്ളത്.
അതേസമയം, സര്‍വകക്ഷി സംഘവുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് നേതാക്കള്‍ വ്യക്തമാക്കി. ഹുര്‍റിയത്തുമായി ചര്‍ച്ച വേണ്ടെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പിഡിപി നേതാവ് എന്ന നിലയിലാണ് മെഹ്ബൂബ ഇവരെ ക്ഷണിച്ചത്.
സ്വയംനിര്‍ണയാവകാശം പോലുള്ള താഴ്‌വരയിലെ പ്രധാന പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാതെയുള്ള പ്രഹസന ചര്‍ച്ചകളില്‍ താല്‍പര്യമില്ലെന്നും സര്‍വകക്ഷി സംഘത്തിന്റെ നിലപാടും ലക്ഷ്യവും അവര്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞാണ് ഹുര്‍റിയത്ത് ക്ഷണം നിരസിച്ചത്. താഴ്‌വരയില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ക്രൂരമായ സൈനിക നടപടിക്കുള്ള മുഖംമൂടി മാത്രമായ മെഹ്ബൂബയുടെ ക്ഷണം ആത്മാര്‍ഥതയില്ലാത്തതാണെന്നും ഹുര്‍റിയത്ത് നേതാക്കളായ സയ്യിദ് അലിഷാ ഗീലാനി, മീര്‍വായിസ് ഉമര്‍ ഫാറൂഖ്, യാസീന്‍ മാലിക് എന്നിവര്‍ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.
സംഘത്തിലെ യെച്ചൂരി, ഡി രാജ, ശരദ് യാദവ്, അസദുദ്ദീന്‍ ഉവൈസി, ജയപ്രകാശ് നാരായണ്‍ എന്നിവരാണ് ഹുര്‍റിയത്ത് നേതാക്കളെ കാണാന്‍ ശ്രമിച്ചത്. മീര്‍വായിസ് ഉമര്‍ ഫാറൂഖിനെ കശ്‌മേ ഷാഹി ജയിലില്‍ വച്ച് ഉവൈസി കണ്ടെങ്കിലും കൂടുതല്‍ ചര്‍ച്ചയ്ക്ക് അദ്ദേഹം തയ്യാറായില്ല. ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ ചര്‍ച്ചയ്ക്കില്ലെന്ന് മീര്‍വായിസ് അറിയിച്ചു.
ഹുംഹാമ പോലിസ് സ്‌റ്റേഷനില്‍ തടങ്കലിലുള്ള യാസീന്‍ മാലികുമായി കൂടിക്കാഴ്ചയ്ക്ക് യെച്ചൂരിയും ശരദ് യാദവും രാജയും ശ്രമിച്ചെങ്കിലും അദ്ദേഹം സന്നദ്ധനായില്ല. നിങ്ങള്‍ പുറത്തേക്കു നോക്കൂ, എന്തു സാഹചര്യത്തെക്കുറിച്ചാണ് ഞാന്‍ നിങ്ങളുമായി ചര്‍ച്ച നടത്തുന്നതെന്ന് യാസീന്‍ മാലിക് അവരോട് ചോദിച്ചു. ഹൈദര്‍പുരയിലെ വീട്ടില്‍ തടങ്കലിലുള്ള സയ്യിദ് അലിഷാ ഗീലാനിയെ കാണാന്‍ എത്തിയെങ്കിലും മൂവര്‍ക്കും വീട്ടില്‍ പ്രവേശനം നിഷേധിക്കുകയായിരുന്നു.

(Visited 63 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക