|    May 26 Fri, 2017 3:26 am
FLASH NEWS

സര്‍വകക്ഷിസംഘം കശ്മീരിലേക്ക്

Published : 30th August 2016 | Posted By: SMR

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: കശ്മീര്‍ സംഘര്‍ഷത്തിനു പരിഹാരം കാണുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷിസംഘം മേഖലയിലെത്തും. അടുത്ത മാസം 4നാണ് സന്ദര്‍ശനം. കശ്മീരിലേക്ക് സര്‍വകക്ഷിസംഘത്തെ അയക്കണമെന്ന് നേരത്തേ ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ തീരുമാനം നീളുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്താന്‍ രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. പ്രക്ഷോഭകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. നിലവില്‍ താഴ്‌വരയിലെ സ്ഥിതിഗതികള്‍ അല്‍പം ശാന്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സന്ദര്‍ശന തിയ്യതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വിവിധ ദേശീയ പാര്‍ട്ടി പ്രതിനിധികളെ സര്‍വകക്ഷിസംഘത്തില്‍ ഉള്‍പ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് ബിജെപി പ്രസിഡന്റ് അമിത്ഷാ, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, സഹമന്ത്രി ജിതേന്ദ്ര സിങ് എന്നിവരുമായി ആഭ്യന്തരമന്ത്രി ചര്‍ച്ച നടത്തി.
സംഘര്‍ഷത്തിനു സാക്ഷികളായവരുമായും താഴ്‌വരയില്‍ സമാധാനം തിരിച്ചുകൊണ്ടുവരാനായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്താനാണ് പദ്ധതിയെന്ന് ആഭ്യന്തര മന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കി.
അതിനിടെ, 51 ദിവസം നീണ്ട സംഘര്‍ഷത്തിനൊടുവില്‍ മൂന്ന് പോലിസ് സ്‌റ്റേഷന്‍ പരിധിയിലൊഴികെ എല്ലായിടത്തും കര്‍ഫ്യൂ പിന്‍വലിച്ചു. പുല്‍വാമ നഗരത്തിലും ശ്രീനഗറിലെ എംആര്‍ ഗഞ്ച്, നൗഹാട്ട പോലിസ് സ്‌റ്റേഷന്‍ പരിധിയിലുമാണ് കര്‍ഫ്യൂ നിലനില്‍ക്കുന്നത്. പ്രശ്‌നബാധിത മേഖലകളില്‍ സുരക്ഷാസേനയുടെ സാന്നിധ്യം തുടരും.  ജൂലൈ 9നാണ് കശ്മീരിലുടനീളം കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. സംഘര്‍ഷത്തില്‍ ഇതുവരെ 68 പേര്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day