|    Feb 23 Thu, 2017 1:16 am
FLASH NEWS

സര്‍വകക്ഷിയോഗം വിളിക്കാന്‍ കൗണ്‍സില്‍ തീരുമാനം

Published : 26th October 2016 | Posted By: SMR

തൊടുപുഴ: നഗരസഭയുടെ കീഴിലുള്ള ആധുനിക മല്‍സ്യമാര്‍ക്കറ്റ് കെട്ടിടത്തില്‍ മല്‍സ്യേതര വിപണനങ്ങള്‍ക്ക് മുറി അനുവദിക്കുന്നത് വിലക്കികൊണ്ട് നിര്‍മാണ ഏജന്‍സിയായ ഫിഷറീസ് വകുപ്പിന്റെ നിര്‍ദേശം. മല്‍സ്യ വിപണം സംബന്ധിച്ച ആവശ്യങ്ങള്‍ക്കല്ലാതെ കെട്ടിടം മറ്റു പ്രവൃത്തികള്‍ക്ക് ഉപയോഗിക്കരുതെന്ന് കഴിഞ്ഞ ദിവസമാണ് ഫിഷറീസ് വകുപ്പ് ഫോണ്‍ മുഖേന സെക്രട്ടറിക്കു അറിയിപ്പു നല്‍കിയത്. ഇതേ തുടര്‍ന്ന് സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്ത് വിഷയം വിശദമായി ചര്‍ച്ച ചെയ്യണമെന്ന്  ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. 31 മുറികളുള്ള കെട്ടിടത്തില്‍ 12മുറികളാണ് ഒഴിവുള്ളത്. ഇതില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫിസ്, എസ്പിസിഎ ഓഫിസ്, അങ്കണവാടി തുടങ്ങിയവ പ്രവര്‍ത്തിക്കുന്നുണ്ട്. മാത്രമല്ല ലേലത്തില്‍ പോയ ഭൂരിപക്ഷം മുറികളും അടഞ്ഞു കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ നഗരത്തില്‍ വഴിയോരങ്ങളിലുള്ള മല്‍സ്യ കച്ചവടക്കാരെ ഇവിടേക്കു മാറ്റി കച്ചവടം ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നും അഭിപ്രായം ഉയര്‍ന്നു. വഴിയോര ഉന്തുവണ്ടി കച്ചവടക്കാരെ കെട്ടിടത്തിന്റെ കോംപൗണ്ടിലേയ്ക്ക് മാറ്റി മാര്‍ക്കറ്റ് സജീവമാക്കണമെന്നും നിര്‍ദേശം ഉയര്‍ന്നു. നഗരസഭയുടെ പഴയ ബസ് സ്റ്റാന്റിനു സമീപം റവന്യൂ ടവര്‍ നിര്‍മിക്കാന്‍ ഹൗസിങ് ബോര്‍ഡിനു വിട്ടു നല്‍കിയ സ്ഥലം ഏറ്റെടുത്ത് ബഹുനില കെട്ടിടം നിര്‍മിക്കുന്നതിനാവശ്യമായ പ്രപ്പോസല്‍ സര്‍ക്കാരിനു സമര്‍പ്പിക്കാനും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. പ്രപ്പോസല്‍ സര്‍ക്കാരിന് അയയ്ക്കുന്നതിനും ഡിസൈന്‍ ആര്‍ക്കിടെക്ട് മുഖാന്തിരം തയ്യാറാക്കാനുന്നതിനും കഴിഞ്ഞ മാസം ഒന്നിനു ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. നഗരസഭ ആധുനിക പൊതുശ്മശാനത്തില്‍ ഒരു ഫര്‍ണസ് കൂടി സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നിലവില്‍ സ്ഥാപിച്ചിട്ടുള്ള ഫര്‍ണസ് കേടുവരുമ്പോഴും ഒന്നിലധികം മൃതദേഹങ്ങള്‍ സംസ്‌കാരത്തിനായി വരുമ്പോഴും ജനങ്ങള്‍ക്ക് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഈ അവസ്ഥ ഒഴിവാക്കുന്നതിന് പുതിയ ഫര്‍ണസ് സ്ഥാപിക്കണമെന്ന വൈസ് ചെയര്‍മാന്‍ ടി കെ സുധാകരന്‍ നായരുടെ കത്ത് കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. നഗരസഭ ദേശീയ ചേരി വികസന പദ്ധതി പ്രകാരം ചെലവഴിക്കപ്പെടാതെ അവശേഷിക്കുന്ന 24 ലക്ഷത്തോളം രൂപ ആറു വാര്‍ഡുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിക്കാനും തീരുമാനമായി. വാര്‍ഡ് 25 ലെ പെരിക്കോണി കോളനി നടപ്പാത-7 ലക്ഷം, വാര്‍ഡ് 20 ലെ കീരികോട് ലക്ഷംവീട് കോളനി ഓട നിര്‍മാണം-7 ലക്ഷം, വാര്‍ഡ് 13ലെ ഇടികിട്ടിപ്പാറ-അണ്ണായിക്കണ്ണം നടപ്പാത കോണ്‍ക്രീറ്റ് -3 ലക്ഷം, വാര്‍ഡ് രണ്ടിലെ പുതുശേരിപ്പറമ്പില്‍ നിന്നും കോളനിയിലേയ്ക്കുള്ള ഇടവഴി -3 ലക്ഷം, വാര്‍ഡ്18 ലെ മലേപ്പറമ്പ് കോളനി സംരക്ഷണ ഭിത്തി-4 ലക്ഷം, വാര്‍ഡ് 12 ലെ കുന്നംലക്ഷംവീട് കോളനിയിലേയ്ക്കുള്ള നടപ്പാത-1 ലക്ഷം രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്. വാര്‍ഷിക പദ്ധതിയില്‍ വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനു ചേരുന്ന വാര്‍ഡുസഭകളില്‍ ചെയര്‍പേഴ്‌സണും സെക്രട്ടറിയും പങ്കെടുക്കാനും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക