|    Jan 21 Sat, 2017 6:50 pm
FLASH NEWS

സര്‍വകക്ഷിയോഗംതന്നെ ആരും ചര്‍ച്ചയ്ക്ക് ക്ഷണിച്ചില്ലെന്ന് മുഖ്യമന്ത്രി

Published : 1st October 2016 | Posted By: SMR

തിരുവനന്തപുരം: പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തുന്ന നിരാഹാരസമരം ഒത്തുതീര്‍ക്കുന്നതിനായി സ്പീക്കര്‍ യോഗം വിളിച്ചെന്ന കാര്യം മുഖ്യമന്ത്രി നിഷേധിച്ചു. സ്പീക്കര്‍ യോഗം ചേര്‍ന്നതായി തനിക്ക് അറിയില്ലെന്നും തന്നെ ആരും യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സഭയിലുണ്ടായിരുന്നിട്ടും സ്പീക്കര്‍ വിളിച്ച സമവായ ചര്‍ച്ചയില്‍നിന്ന് മുഖ്യമന്ത്രി വിട്ടുനിന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
സ്പീക്കര്‍ യോഗം വിളിച്ചകാര്യം പത്രം വായിച്ചപ്പോഴാണ് അറിയുന്നത്. സഭ നിര്‍ത്തിവച്ചശേഷം താന്‍ ഓഫിസിലുണ്ടായിരുന്നു. ബെല്ല് അടിച്ചശേഷമാണ് സഭയിലേക്ക് മടങ്ങിയെത്തിയത്. യോഗവിവരം തന്നെ ആരും അറിയിക്കാത്തതിനാല്‍ പങ്കെടുത്തില്ല.
പലകാര്യങ്ങള്‍ക്കും കേരളത്തിലെ ചില മാധ്യമങ്ങള്‍ ബുദ്ധി ഉപദേശിച്ചുകൊടുക്കാറുണ്ട്. ഏതോ മാധ്യമങ്ങള്‍ എഴുതിയത് അപ്പാടെ പ്രതിപക്ഷം ഏറ്റെടുത്ത് പരിഹാസ്യരായിരിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. അതേസമയം, മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ വെട്ടിലായത് സ്പീക്കറാണ്. നേരത്തേ പ്രതിപക്ഷ നേതാവ് ഈ വിഷയം ചൂണ്ടിക്കാട്ടിയപ്പോള്‍ മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയശേഷമാണ് താന്‍ കക്ഷിനേതാക്കളുമായി സംസാരിച്ചതെന്ന് പറഞ്ഞ സ്പീക്കര്‍ മലക്കംമറിഞ്ഞു.
കക്ഷിനേതാക്കളുടെ ചര്‍ച്ചയല്ല, വെറും കൂടിയാലോചന മാത്രമാണ് നടന്നതെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. സഭയില്‍ സമരം നടക്കുന്ന സാഹചര്യത്തില്‍ ചെയര്‍ കൂടിയാലോചന നടത്തി. കക്ഷിനേതാക്കളുമായി സംസാരിച്ചു. ചര്‍ച്ചയില്‍ സമവായം സാധ്യമായില്ലെന്ന് അറിയിച്ചതുമാണ്.
ഇക്കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതേസമയം, മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നില്ല. പ്രതിപക്ഷം മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ തെറ്റിദ്ധാരണപരത്തുകയാണെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക