|    Jun 20 Wed, 2018 10:58 am
Home   >  Todays Paper  >  Page 1  >  

സര്‍ദാര്‍ സിങിനും ദേവേന്ദ്ര ഝഝാരിയക്കും ഖേല്‍രത്‌ന

Published : 4th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ദേശീയ ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങിനും പാരാലിംപിക്‌സ് താരം ദേവേന്ദ്ര  ഝഝാരിയക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം. ക്രിക്കറ്റ് താരങ്ങളായ ചേതേശ്വര്‍ പുജാര, ഹര്‍മന്‍പ്രീത് കൗര്‍ തുടങ്ങിയ 17 പേര്‍ അര്‍ജുന അവാര്‍ഡിനും അര്‍ഹരായി. അതേസമയം, മലയാളി താരങ്ങള്‍ക്കാര്‍ക്കും അര്‍ജുന അവാര്‍ഡ് ലഭിച്ചില്ല. അര്‍ജുന പുരസ്‌കാര പട്ടികയില്‍ മലയാളി നീന്തല്‍താരം സജന്‍ പ്രകാശ് ഉണ്ടാവുമെന്നു കരുതിയെങ്കിലും ഇടംപിടിച്ചില്ല. ബോക്‌സിങ് താരം മനോജ് കുമാര്‍, പാരാലിംപിക്‌സ് മെഡല്‍ ജേതാക്കളായ ദീപ മാലിക്, മാരിയപ്പന്‍ തങ്കവേലു, വരുണ്‍ സിങ് ഭാട്ടി എന്നിവരെ പിന്തള്ളിയാണ് സര്‍ദാര്‍ സിങും ജജാരിയയും ഖേല്‍രത്‌ന നേടിയത്. റിട്ട. ജസ്റ്റിസ് സി കെ താക്കൂര്‍ അധ്യക്ഷനായ 12 അംഗ സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. പി ടി ഉഷയും വീരേന്ദര്‍ സെവാഗും 12 അംഗ സമിതിയിലെ അംഗങ്ങളാണ്. വി ജെ സുരേഖ (ആര്‍ച്ചറി), ഖുശ്ബീര്‍ കൗര്‍ (അത്‌ലറ്റിക്‌സ്), അരോക്കിന്‍ രാജീവ് (അത്‌ലറ്റിക്‌സ്), പ്രശാന്ത് സിങ് (ബാസ്‌കറ്റ് ബോള്‍), എല്‍ ദേവേന്ദ്രസിങ് (ബോക്‌സിങ്), ഒയിനം ബേംബെ ദേവി (ഫുട്‌ബോള്‍), എസ് എസ് പി ചവ്‌റാസിയ (ഗോള്‍ഫ്), എസ് വി സുനില്‍ (ഹോക്കി), ജസ്‌വീര്‍ സിങ് (കബഡി), പി എന്‍ പ്രകാശ് (ഷൂട്ടിങ്), എ അമല്‍രാജ് (ടേബിള്‍ ടെന്നിസ്), സാകേത് മിനേനി (ടെന്നിസ്), സത്യവര്‍ത് കദിയാന്‍ (ഗുസ്തി), മരിയപ്പന്‍ തങ്കവേലു (പാരാ അത്‌ലറ്റിക്‌സ്), വരുണ്‍ ഭാട്ടി (പാരാ അത്‌ലറ്റിക്‌സ്) എന്നിവരാണ് അര്‍ജുന ലഭിച്ച മറ്റു താരങ്ങള്‍. അതേസമയം, ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ദേശീയ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന് പുരസ്‌കാരം ലഭിച്ചില്ല. ബിസിസിഐ കേന്ദ്ര കായികമന്ത്രാലയത്തിന് മിതാലിയുടെ പേര് നിര്‍ദേശിച്ചിരുന്നില്ല. പാരാലിംപിക്‌സില്‍ രണ്ടു മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍താരം കൂടിയാണ്  ഝഝാരിയ. രാജസ്ഥാന്‍ സ്വദേശിയായ ഇദ്ദേഹം 2004ലെ ഏതന്‍സ് പാരാലിംപിക്‌സിലും 2006ലെ റിയോ പാരാലിംപിക്‌സിലുമാണ് രാജ്യത്തിനായി ജാവലിങ് ത്രോയില്‍ സ്വര്‍ണനേട്ടം കാഴ്ചവച്ചത്. എട്ടാം വയസ്സില്‍ മരം കയറുന്നതിനിടെ വൈദ്യുതാഘാതമേറ്റ് അവരുടെ ഇടതു കൈ നഷ്ടമാവുകയായിരുന്നു. 2004ല്‍ അര്‍ജുന പുരസ്‌കാരവും 2012ല്‍ പദ്മശ്രീയും നല്‍കി താരത്തെ രാജ്യം ആദരിച്ചിട്ടുണ്ട്. 2014ല്‍ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിനെ നയിച്ച ഹരിയാനാ സ്വദേശിയായ സര്‍ദാര്‍ സിങ്, 2007ല്‍ ചെന്നൈയില്‍ നടന്ന ഏഷ്യാ കപ്പില്‍ സ്വര്‍ണം നേടിയ ദേശീയ ടീമിലും അംഗമായിരുന്നു. എട്ടു വര്‍ഷമാണ് അദ്ദേഹം ടീമിനെ നയിച്ചത്. ദേശീയ കായികദിനമായ ഈ മാസം 29ന് രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss