|    Nov 19 Mon, 2018 1:58 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ രാജ്യത്തിനു സമര്‍പ്പിച്ചു

Published : 1st November 2018 | Posted By: kasim kzm

അഹ്മദാബാദ്: സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ ‘ഏകതാ പ്രതിമ’ അദ്ദേഹത്തിന്റെ 143ാമത് ജന്മദിനമായ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചു. ലോകത്തെ തന്നെ ഏറ്റവും വലിയ പ്രതിമയാണ് ഏകതാ പ്രതിമയെന്നും ഇതിനെ രാഷ്ട്രീയവല്‍ക്കരിക്കേണ്ടെന്നും മോദി പറഞ്ഞു.
പട്ടേല്‍ പ്രതിമയ്‌ക്കെതിരേ പ്രതിഷേധമുയരുന്നത് തന്നെ അദ്ഭുതപ്പെടുത്തുന്നു. പദ്ധതി പൂര്‍ത്തീകരണത്തിനായി ആദിവാസി സമൂഹം അടക്കമുള്ളവര്‍ നല്‍കിയ പിന്തുണ വിസ്മരിക്കാനാവില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. അതേസമയം, 3000 കോടിയുടെ പദ്ധതിക്കെതിരേ ഗുജറാത്തിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധവും നടന്നു.
177 അടി ഉയരമുള്ള ചൈനയിലെ സ്പ്രിങ് ടെംപിള്‍ ഓഫ് ബുദ്ധയെ പിന്തള്ളിയാണ് പട്ടേല്‍ പ്രതിമ ഉയരത്തില്‍ ഒന്നാമതെത്തിയിരിക്കുന്നത്.
നര്‍മദാ നദീതീരത്തുള്ള സാധുബെട്ട് ദ്വീപിലാണ് പ്രതിമ. 182 മീറ്റര്‍ ഉയരത്തിലുള്ള പ്രതിമയുടെ ശിലാസ്ഥാപനം 2013 ഒക്ടോബര്‍ 31നാണ് നിര്‍വഹിച്ചത്. രാം വി സുത്തര്‍ രൂപകല്‍പനയും എല്‍ ആന്റ് ടി നിര്‍മാണവും നിര്‍വഹിച്ചു. 2,989 കോടിയാണ് നിര്‍മാണച്ചെലവ്.
പ്രതിമ അനാച്ഛാദനത്തിനുശേഷം തൊട്ടടുത്ത് സ്ഥാപിച്ച ഏകതാ ഭിത്തിയും മോദി ഉദ്ഘാടനം ചെയ്തു.
നൂറുകണക്കിന് ഗോത്രവര്‍ഗക്കാരുടെ സ്ഥലം നിര്‍ബന്ധപൂര്‍വം ഏറ്റെടുത്താണ് പ്രതിമയും അനുബന്ധ നിര്‍മാണങ്ങളും പൂര്‍ത്തിയാക്കിയത്. പ്രതിമ അനാച്ഛാദനത്തിനെതിരേ അഹ്മദാബാദിലെ ഗോത്രസമൂഹങ്ങളും കര്‍ഷകരും വന്‍ പ്രതിഷേധവുമായി രംഗത്തെത്തി.
പ്രതിമ സ്ഥിതിചെയ്യുന്ന നര്‍മദ ജില്ലയിലെ കെവാദിയ ഗ്രാമത്തിന് സമീപമുള്ള ഗോത്രവര്‍ഗക്കാരാണ് പ്രതിഷേധിച്ചത്. ഗോത്രസമൂഹത്തിന്റെ സ്ഥലത്ത് പ്രതിമ നിര്‍മിച്ചതല്ലാതെ ഇവര്‍ക്കു പുനരധിവാസ സൗകര്യങ്ങളോ ജോലിയോ സര്‍ക്കാര്‍ നല്‍കിയിട്ടില്ല.
അതിനിടെ, കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. പട്ടേല്‍ അടക്കമുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ പടുത്തുയര്‍ത്തിയ രാജ്യത്തെ സ്ഥാപനങ്ങള്‍ മോദി സര്‍ക്കാര്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss