|    Jun 27 Tue, 2017 10:58 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സര്‍ദാര്‍പുര കൂട്ടക്കൊല: 14 പ്രതികളെ വെറുതെവിട്ടു; 17 പേരുടെ ശിക്ഷ ശരിവച്ചു

Published : 21st October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യക്കിടെ സര്‍ദാര്‍പുരയില്‍ 33 പേരെ ചുട്ടുകൊന്ന കേസില്‍ 14 പേരെ ഗുജറാത്ത് ഹൈക്കോടതി വെറുതെവിട്ടു. കേസില്‍ കീഴ്‌ക്കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ 31ല്‍ 17 പേരുടെ ശിക്ഷ ശരിവച്ചു. 14ല്‍ മൂന്നുപേരെ നിരപരാധികളാണെന്നു വിധിച്ചും 11 പേരെ സംശയത്തിന്റെ ആനുകൂല്യം നല്‍കിയുമാണ് വെറുതെവിട്ടത്. കേസില്‍ 73 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 42 പേരെ കീഴ്‌ക്കോടതി വെറുതെവിട്ടിരുന്നു.
42 പേരെ വെറുതെവിട്ടതിനെതിരേ സുപ്രിംകോടതി നിയമിച്ച പ്രത്യേക അന്വേഷണ സമിതി(എസ്‌ഐടി)യും സംസ്ഥാന സര്‍ക്കാരും ഇരകളുടെ കുടുംബവും സമര്‍പ്പിച്ച ഹരജി തള്ളിയാണ് ജസ്റ്റിസുമാരായ ഹര്‍ഷ ദേവാനി, ബിരെണ്‍ വൈഷ്ണവ് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. കുറ്റക്കാരെന്നു കണ്ടെത്തിയവര്‍ക്കെതിരേ കൊലപാതകം, കലാപം അഴിച്ചുവിടല്‍, നിയമവിരുദ്ധമായി സംഘംചേരല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ചു മുറിവേല്‍പ്പിക്കല്‍ തുടങ്ങി ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്.
കുഞ്ഞുങ്ങള്‍ അടക്കമുള്ള 33 പേരെ ചുട്ടുകൊന്ന 73 പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം തള്ളിയാണ് 2011 നവംബറില്‍ പ്രത്യേക അതിവേഗ കോടതി 42 പേരെ വെറുതെവിട്ടത്. എന്നാല്‍ കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ 31 പേര്‍ക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ വീതം പിഴയും വിധിച്ചിരുന്നു. 2002 മാര്‍ച്ച് ഒന്നിനാണ് അഹ്മദാബാദില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ചന്‍സ്മ താലൂക്കിലെ മുസ്‌ലിം ഭൂരിപക്ഷഗ്രാമമായ സര്‍ദാര്‍പുരയില്‍ കൂട്ടക്കൊല നടന്നത്. ആയിരത്തിലേറെ വരുന്ന അക്രമികള്‍ 17 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടെ 33 പേരെ ചുട്ടുകൊല്ലുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക