|    Mar 28 Tue, 2017 11:25 pm
FLASH NEWS

സര്‍ദാര്‍ജി ഫലിതങ്ങള്‍: നിരോധനം എങ്ങനെ നടപ്പാക്കും; ഹരജിക്കാരോട് സുപ്രിംകോടതി

Published : 5th October 2016 | Posted By: SMR

Suprem-court

ന്യൂഡല്‍ഹി: സര്‍ദാര്‍ജി ഫലിതങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും സംപ്രേഷണം ചെയ്യുന്നതും നിരോധിക്കാന്‍ എന്തെല്ലാം ചെയ്യാ ന്‍ കഴിയുമെന്നതു സംബന്ധിച്ച രൂപരേഖ തയ്യാറാക്കാന്‍ ഇതുസംബന്ധിച്ച ഹരജിക്കാരോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. സര്‍ദാര്‍ജി ഫലിതങ്ങള്‍ പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റുക ള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ശിരോമണി ഗുരുദ്വാരാ പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി), ഡല്‍ഹി സിഖ് ഗുരുദ്വാരാ മാനേജ്‌മെന്റ് കമ്മിറ്റി (ഡിഎസ്ജിഎംസി) എന്നീ സംഘടനകളാണ് ഹരജികള്‍ സമര്‍പ്പിച്ചത്.
സിഖുകാര്‍ ഉള്‍പ്പെടെയുള്ള സമുദായങ്ങളെ ബന്ധപ്പെടുത്തിയുള്ള ഫലിതങ്ങള്‍ നിരോധിക്കുന്നത് എങ്ങനെ നടപ്പാക്കുമെന്ന സംശയവും കോടതി പ്രകടിപ്പിച്ചു. ഇന്ന് സിഖുകാര്‍, ഇനി നാളെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ വന്ന് അവരെക്കുറിച്ചുള്ള വംശീയ പരാമര്‍ശങ്ങള്‍ നിരോധിക്കണമെന്നു പറയും. പിന്നീട് പശ്ചിമഘട്ടത്തിനപ്പുറമുള്ളവര്‍ വന്ന് തങ്ങളെ ഉത്തരേന്ത്യക്കാര്‍ മദ്രാസികള്‍ എന്നു വിശേഷിപ്പിക്കുന്നുവെന്നും അതു നിരോധിക്കണമെന്നും ആവശ്യപ്പെടും. ഇത്തരം നടപടികളെ എങ്ങനെ നേരിടും- ചീഫ്ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ജസ്റ്റിസുമാരായ സി നാഗപ്പന്‍, എ എം ഖന്‍വില്‍കര്‍ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.
ഏതെങ്കിലും മതവിഭാഗങ്ങളെയോ ജാതികളെയോ സമുദായങ്ങളെയോ കുറിച്ചുള്ള പരിഹാസം നിറഞ്ഞ ഫലിതങ്ങള്‍ എങ്ങനെ ഫലപ്രദമായി നിരോധിക്കാന്‍ കഴിയും, എന്താണ് അതിന്റെ നിയമക്രമങ്ങള്‍ എന്ന് ഹരജിക്കാരോട് ചോദിച്ച മൂന്നംഗ ബെഞ്ച്, ഇത്തരം ഫലിതങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും പ്രചരിക്കുന്നതും എങ്ങനെ തടയുമെന്നത് കനത്ത ചോദ്യമാണെന്നും വ്യക്തമാക്കി. കച്ചവടതാ ല്‍പര്യത്തോടെ പ്രചരിക്കുന്ന സര്‍ദാര്‍ജി ഫലിതങ്ങള്‍ ടെലികോം കമ്പനികളോടും മറ്റും ആവശ്യപ്പെട്ടാല്‍ അതു നിര്‍ത്തലാക്കാന്‍ കഴിയും. പക്ഷേ, ജനങ്ങ ള്‍ തമ്മില്‍ ഇത്തരം ഫലിതങ്ങള്‍ പറഞ്ഞു ചിരിക്കുന്നതിനെ നമുക്കെങ്ങനെ ഫലപ്രദമായി നിരോധിക്കാന്‍ കഴിയും- ചീഫ്ജസ്റ്റിസ് ചോദിച്ചു.
ഫലിതങ്ങളിലൂടെ സിഖുകാരടക്കമുള്ള മതവിഭാഗങ്ങളെ വംശീയമായി പരാമര്‍ശിക്കുന്നത് നിര്‍ത്തലാക്കുന്നതിന് സുപ്രിംകോടതി മുന്‍ ജഡ്ജി എച്ച് എസ് ബേദിയുടെ നേതൃത്വത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയിരുന്നതായി ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രൂപീന്ദര്‍ സിങ് സുരി പറഞ്ഞു. എന്നാല്‍, മാര്‍ഗനിര്‍ദേശങ്ങളെക്കുറിച്ചല്ല കോടതി പറയുന്നതെന്നും അവ എങ്ങനെ നടപ്പാക്കുമെന്നതിനെക്കുറിച്ചാണെന്നും ചീഫ്ജസ്റ്റിസ് ഹരജിക്കാരെ ഓര്‍മിപ്പിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day