|    Jan 17 Tue, 2017 8:42 pm
FLASH NEWS

സര്‍ജിക്കല്‍ സ്‌ട്രൈക്ക് വേണ്ടതെവിടെ?

Published : 12th October 2016 | Posted By: SMR

slug-a-bരാജ്യത്തിന്റെ പൊതുകാര്യം, വിശേഷിച്ചും സുരക്ഷാപ്രശ്‌നം, വരുമ്പോള്‍ കക്ഷിരാഷ്ട്രീയ ഗുസ്തിക്ക് സാധാരണഗതിയില്‍ ആരും മുതിരാറില്ല. 1971ലെ ബംഗ്ലാദേശ് യുദ്ധപശ്ചാത്തലത്തില്‍ ഇന്ദിരാഗാന്ധിയെ ദുര്‍ഗ എന്നു വിശേഷിപ്പിച്ചത് അന്നത്തെ പ്രതിപക്ഷനേതാവ് വാജ്‌പേയി ആണെന്നോര്‍ക്കണം. ഈ ഐക്യഭാവന ഏതു രാജ്യത്തെയും രാഷ്ട്രീയകക്ഷികള്‍ അവലംബിക്കുന്ന സാമാന്യ മര്യാദയാണ്. എന്നിരിക്കെ, ഉറി ദുരന്തത്തെ തുടര്‍ന്ന് ഇന്ത്യന്‍ സേന നടത്തിയ സര്‍ജിക്കല്‍ പ്രത്യാക്രമണം ഇന്ത്യന്‍ രാഷ്ട്രീയവേദിയില്‍ തിരികൊളുത്തിയിരിക്കുന്ന ഗുസ്തിമല്‍സരം നോക്കുക.
മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് പ്രമുഖനും നെഹ്‌റു കുടുംബത്തിന്റെ ഉറ്റവനുമായ സഞ്ജയ് നിരുപം കളി തുടങ്ങിവച്ചു- ‘സര്‍ജിക്കല്‍’ കലാപരിപാടി ഉഡായിപ്പാണെന്ന്. ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ സര്‍ജറിയുടെ തെളിവ് ചോദിക്കുന്നു. ഉടനെ ബിജെപി പതിവു കൊഞ്ഞനംകുത്തല്‍ നടത്തുന്നു; പട്ടാളത്തെ അവിശ്വസിക്കുന്നു, മനോവീര്യം കെടുത്തുന്നു, രാജ്യവിരുദ്ധത കാട്ടുന്നു ഇത്യാദി. സമാന്തരമായി രാജ്യസ്‌നേഹത്തിന്റെയും ധീരശൂരപരാക്രമത്തിന്റെയും കുത്തക തങ്ങള്‍ക്കാണെന്നു വരുത്താന്‍ ഇതേ പ്രത്യാക്രമണത്തിന്റെ ക്രെഡിറ്റ് പ്രചരിപ്പിക്കുന്നു. മോദിയുടെ കിങ്കരന്‍ അമിത് ഷാ ആദ്യം തന്നെ മോദിജിക്കാണ് ഈ പട്ടാള ഓപറേഷന്റെ നന്ദി രാജ്യം പ്രകടിപ്പിക്കേണ്ടതെന്ന മട്ടില്‍ പ്രസ്താവനയിറക്കുന്നു. യുപിഎയുടെ കാലത്ത് ഇമ്മാതിരി ഒമ്പത് ഓപറേഷന്‍ നടന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ്. ഉടനെ പ്രതിരോധമന്ത്രി പറയുന്നു: ”എന്നാലും ഇത്ര സ്മൂത്തായി കാര്യം നടക്കുന്നത് ഇതാദ്യം.” ഒടുവില്‍ സാക്ഷാല്‍ രാഹുല്‍ ഗാന്ധിയും ഗോദയിലിറങ്ങുന്നു: പട്ടാളം അതിന്റെ പണിയെടുത്തു, പ്രധാനമന്ത്രി ഇനി സ്വന്തം പണി നോക്കെന്ന്. ഇതെല്ലാം കേട്ടാല്‍ തോന്നും ഈ രാഷ്ട്രീയക്കാരാണ് വെടിവയ്ക്കുന്നതും കൊള്ളുന്നതും എന്ന്. ബാലിശമായ ഈ ചക്കളത്തിപ്പോര് നില്‍ക്കട്ടെ. വാസ്തവത്തില്‍ നടന്നതെന്താണ്?
ഉറി ആക്രമണമുണ്ടാക്കിയ ദേശീയക്ഷോഭം മോദിസര്‍ക്കാരിനെ വല്ലാത്ത പ്രതിസന്ധിയിലാക്കിയിരുന്നു. ഭരണം കിട്ടിയാലുടന്‍ പാകിസ്താനെ ശരിപ്പെടുത്തിക്കളയും, ഭീകരപ്രവര്‍ത്തകരെ മുട്ടുകുത്തിക്കും ഇത്യാദി വീരവാദമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് നാടുനീളെ മുഴക്കിയത്. ഭരണം കിട്ടിയശേഷമോ, പത്താന്‍കോട്ടെ ആക്രമണം തൊട്ട് കശ്മീരിലെ കൈവിട്ട കളികള്‍ വരെ. കൂനിന്മേല്‍ കുരുവായി ഉറിയും. ജനക്ഷോഭം ഒന്ന് അടക്കാനും സ്വന്തം തടി കാക്കാനുമുള്ള നീക്കമായിരുന്നു സര്‍ജിക്കല്‍ ഓപറേഷന്‍. ശരിയായ സൈനികഭാഷ പ്രകാരമുള്ള സര്‍ജിക്കല്‍ പരിപാടിയായിരുന്നില്ല നടന്നത് എന്നതാണു യാഥാര്‍ഥ്യം. മറിച്ച് ഒരു പ്രത്യേക ലക്ഷ്യത്തെ മാത്രമായി ഉദ്ദേശിച്ച് മറ്റൊന്നിനും ഹാനിയുണ്ടാക്കാതെ നടത്തുന്ന പരിപാടിയായിരുന്നു. അതിന് ‘ടാര്‍ഗറ്റഡ് ഓപറേഷന്‍’ എന്നാണ് പറയുക.
ഇന്ത്യ-പാക് നിയന്ത്രണരേഖ കടന്നുപോവുന്ന ദൂധിനാല്‍ എന്ന പാക് ഗ്രാമത്തിലാണ് സംഭവം. നിയന്ത്രണരേഖയില്‍നിന്ന് വെറും 200 മീറ്ററകലെ ഒരു പാക് സൈനിക പോസ്റ്റുണ്ട്. അതിന് 100 മീറ്റര്‍ പിന്നിലായുള്ള ഒരു ലശ്കര്‍ ക്യാംപാണ് ടാര്‍ഗറ്റ്. ഇന്ത്യന്‍ സംഘം അതിര്‍ത്തിരേഖ കടന്ന് പാക് പോസ്റ്റിന് തട്ടുകേടുണ്ടാക്കാതെ ഈ ക്യാംപിനു നേരെ വെടിയുതിര്‍ത്തു; അഞ്ചാറുപേര്‍ തട്ടിപ്പോയി. മറ്റ് അപായമൊന്നുമുണ്ടാവാതെ സംഘം മടങ്ങി. പാക് പോസ്റ്റിനടുത്തുവരെപ്പോലും സംഘമെത്തിയില്ല എന്നതു വ്യക്തം. എന്നുവച്ചാല്‍ പാകിസ്താനിലേക്ക് 200 മീറ്ററില്‍ താഴെ മാത്രമാണ് അവര്‍ കടന്നത്. അല്ലാതെ ഇന്ത്യാ ഗവണ്‍മെന്റ് പറയുമ്പോലെ ഏതാനും കിലോമീറ്ററല്ല.
ഈ ചെറുദൂരത്തെ ഇന്ത്യ പര്‍വതീകരിക്കുന്നത് രാഷ്ട്രീയതന്ത്രത്തിന്റെ ഭാഗമാണെന്നു മനസ്സിലാക്കാം. അതായത്, വേണ്ടിവന്നാല്‍ പാകിസ്താനില്‍ കടന്നുകയറി ആക്രമിക്കാനും മടിയില്ലെന്ന ഭീഷണിസന്ദേശം. പാകിസ്താന്‍ ഇതിനെ എങ്ങനെ കാണുന്നു എന്നതാണ് ഓപറേഷന്റെയും അതുവച്ചുള്ള രാഷ്ട്രീയാഖ്യാനത്തിന്റെയും ഫലം നിശ്ചയിക്കുക.
കടന്നുകയറിയ നിസ്സാരദൂരം തന്നെ അവര്‍ ആയുധമാക്കി. അതൊരു കടന്നുകയറ്റമേയല്ല മറിച്ച്, നിയന്ത്രണരേഖയിലെ സ്ഥിരം വെടിവയ്പുകളില്‍ ഒന്നു മാത്രമാണെന്നായി പാക് ഭാഷ്യം. പാക് ഭരണകൂടത്തെയും പട്ടാളത്തെയും സംബന്ധിച്ച് പ്രശ്‌നം ഇന്ത്യയുടെ കടന്നാക്രമണം ആയിരുന്നില്ല. അങ്ങനെ കടന്നതായി സമ്മതിച്ചാല്‍ പാക് ജനത ക്ഷുഭിതരാവും. തിരിച്ചടിക്കാനുള്ള സമ്മര്‍ദം ഭരണകൂടത്തിന്‍മേല്‍ അതിശക്തമാവുകയും ചെയ്യും. ഫലം: ഒരു യുദ്ധത്തിലേക്ക് കാര്യങ്ങള്‍ കൈവിട്ടുപോവും. നവാസ് ശരീഫിനെ സംബന്ധിച്ച് കാര്യങ്ങള്‍ ഈ നിലയിലായിരുന്നു.
എന്നാല്‍, മോദിയുടെ പ്രശ്‌നം കുറേക്കൂടി സങ്കീര്‍ണമായിരുന്നു. ഒന്നാമത്, ഗൗരവമുള്ള ഒരു കടന്നാക്രമണം നടത്തി ഇന്ത്യ ഒരു യുദ്ധാന്തരീക്ഷമുണ്ടാക്കിയാല്‍ ശതകോടികളുടെ വിദേശനിക്ഷേപം മരവിപ്പിക്കപ്പെടും. ഇന്ത്യയെ ഒരു ആഗോള ബ്രാന്‍ഡായി പ്രചരിപ്പിച്ച് വന്‍ സാമ്പത്തികശക്തിയാക്കാന്‍ നടത്തുന്ന അധ്വാനമത്രയും ഒറ്റയടിക്ക് വെള്ളത്തിലാവും. പാകിസ്താന്‍ നോക്കുന്നത് പാപ്പരായി തകരാതിരിക്കാന്‍ മാത്രമാണ്. ഇന്ത്യ ശ്രമിക്കുന്നത് സമ്പന്നരാഷ്ട്രമാവാനും. ഇവിടെ ആര്‍ക്കാണ് യുദ്ധാന്തരീക്ഷം വലിയ ചേതമാവുകയെന്ന് ഊഹിക്കുക.
രണ്ടാമത്, നവാസ് ശരീഫിന്റെ അവസ്ഥയിലല്ല മോദി. ഇന്ത്യന്‍ പൗരാവലിയോട് വളരെ സൂക്ഷിച്ചുവേണം ഒരു പ്രധാനമന്ത്രി സംസാരിക്കേണ്ടത്. ബിജെപി നേതാവിന്റെ വാചാടോപം അപകടം വരുത്തും. കാരണം, പൗരാവലി പല തട്ടിലാണ്. ഒരുകൂട്ടര്‍ പ്രതികാരദാഹികള്‍, തീവ്രദേശീയതയുടെ സൂക്കേടുള്ളവര്‍. ടി സൂക്കേട് വഷളാക്കിയതിന് മോദിയെ പരിഹസിക്കുന്നവരാണ് മറ്റൊരു കൂട്ടര്‍. അവര്‍ക്ക് പാകിസ്താനെ എടുത്ത് മോദിയെ തല്ലുന്നതിലാണ് കമ്പം. സര്‍ക്കാരിനെയും പട്ടാളത്തെയും പിന്തുണയ്ക്കാതെ തരമില്ലാത്ത കോറസാണ് ഇനിയൊന്ന്. ഈ വെടിയും പുകയുമൊക്കെ കണ്ട് നിശ്ശബ്ദരായിപ്പോവുന്ന വിവേകശാലികള്‍ വേറെ.
ഇവ്വിധം ബഹുമുഖമായ പൗരാവലിക്കു മീതെ നിന്ന് ഒച്ചവയ്ക്കുന്ന മാധ്യമങ്ങളാണ് അടുത്ത ഇനം. പട്ടാളത്തിന്റെ മനോവീര്യം തകരാതിരിക്കാന്‍ ആക്രമണങ്ങള്‍ കൂടിയേ തീരൂ എന്ന ഇംഗിതമാണ് അവ നിരന്തരം പ്രകടിപ്പിക്കുന്നത്, പ്രചരിപ്പിക്കുന്നത്. മുന്‍ പട്ടാളക്കാരും മുന്‍ നയതന്ത്രഗുമസ്തനും യുവ ആങ്കര്‍മാരും ചേര്‍ന്ന് അങ്കക്കലി തുള്ളുന്നു. ഈ ജ്വരം ടിആര്‍പി റേറ്റിങ് മാത്രമല്ല കൂട്ടുക, കാണികളായ നാട്ടുകാരുടെ അങ്കക്കലി കൂടിയാണ്. അങ്ങനെ ഒരു ദേശീയ മനോരോഗനിര്‍മാണം പുരോഗമിക്കുന്നു. അത് മാധ്യമങ്ങള്‍ക്കും ബിജെപിക്കുമൊക്കെ ഗുണകരമാവും. രാജ്യത്തിനോ?
നവാസ് ശരീഫിന് ഇമ്മാതിരി ഒരു സദസ്സിനോടല്ല സംസാരിക്കേണ്ടത്. പട്ടാളത്തിന്റെ ചൊല്‍പ്പടിയിലുള്ള ഭരണരാഷ്ട്രീയമാണ് അവിടത്തേത്. നാട്ടുകാരുടെ പൊതുഭാവം തന്നെ പട്ടാളപ്പേടിയിലാണ് നങ്കൂരമിടുന്നത്; പിന്നെ പട്ടാളവും ശിങ്കിടിരാഷ്ട്രീയക്കാരും കൂടി നിര്‍മിച്ചെടുത്ത ഇന്ത്യാവിരുദ്ധതയിലും. സ്വാഭാവികമായും ശരീഫിന്റെ പണി എളുപ്പമാവുന്നു.
ഇവിടെയാണ് ഇന്ത്യ ജയ് ജവാന്‍ വിളി മതിയാക്കി തലയ്ക്കു വെളിവുണ്ടാക്കേണ്ടത്. പാകിസ്താനിലെ ജനങ്ങളോട് എന്ന മട്ടില്‍ കോഴിക്കോട്ടു നിന്ന് മോദി തട്ടിവിട്ട ആഹ്വാനമോര്‍ക്കുക- നമുക്ക് പട്ടിണിക്കെതിരേ പടവെട്ടാമെന്ന്. പാകിസ്താനിലെ പട്ടിണിക്കാര്‍ക്ക് ഈ അങ്കത്തില്‍ കാര്യമില്ല; രാഷ്ട്രീയത്തില്‍ തീരെയും. അവിടത്തെ പൗരാവലിയുടെ കിടപ്പുവശം തിരിയാത്തവരാണ് ഇമ്മാതിരി മൈതാനവെടികളുതിര്‍ക്കുക.
ഒന്നാമത്, പട്ടാളത്തിന്റെ കൈയിലാണ് കേവലമായ മരാമത്തുപണികള്‍ തൊട്ട് മേലേക്കുള്ള പൊതുപ്രവര്‍ത്തനങ്ങളൊക്കെ. പെന്‍ഷനായ പട്ടാളക്കാരുടെ സേവയ്ക്കെന്ന മറയില്‍ പട്ടാള ജനറല്‍മാര്‍ കാലാകാലങ്ങളായി വച്ചുനടത്തുന്നത് 20 ബില്യണ്‍ ഡോളറിന്റെ ബിസിനസ് സാമ്രാജ്യമാണ്. സൈനികാവശ്യങ്ങളുമായോ നാട്ടുകാരുടെ ആവശ്യങ്ങളുമായോ ബന്ധമില്ലാത്ത ഈ വമ്പന്‍ കച്ചോടം പച്ചയായ അഴിമതിയും പൊതുസമ്പദ്ഘടനയ്ക്ക് തുരങ്കംവയ്ക്കലുമാണെന്ന് ഒരാളും അവിടെ മിണ്ടില്ല- രാഷ്ട്രീയക്കാര്‍ തൊട്ട് മാധ്യമങ്ങള്‍ വരെ. ഈ കൊള്ളയടി വഴി ജനറല്‍മാര്‍ കോടീശ്വരന്‍മാരായി; ലോകവ്യാപകമായി നിക്ഷേപവും വ്യവസായങ്ങളുമുള്ളവരായി.
പാകിസ്താനിലെ ദേശീയാഖ്യാനങ്ങള്‍ രൂപപ്പെടുത്തുന്നത് പാവപ്പെട്ടവരോ പണക്കാരോ അല്ല, മധ്യവര്‍ഗമാണ്. 2007-09 കാലയളവില്‍ അവിടെ നടന്ന ദേശീയപ്രക്ഷോഭം ഓര്‍ക്കുക. രാഷ്ട്രീയക്കാരും പട്ടാളനേതൃത്വവും നടത്തിയ ഒത്തുകളിയും മുശര്‍റഫിന്റെ ഗൂഢപദ്ധതിയും അന്നു പൊളിച്ചത് ജീവന്‍ പണയപ്പെടുത്തി തെരുവിലിറങ്ങിയ മധ്യവര്‍ഗമാണ്. ഏതു രാജ്യവും അലമ്പായിക്കിടക്കുമ്പോഴാണ് സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാവുകയും പാവങ്ങള്‍ കൂടുതല്‍ ദരിദ്രരാവുകയും ചെയ്യാറ്. പാകിസ്താന്‍ അലമ്പായി കിടക്കുന്നതിന്റെ ഗുണം അവിടത്തെ സമ്പന്നര്‍ക്കാണ്. അവരുടെ സമ്പന്നതയുടെ അടിസ്ഥാനം തന്നെ ഈ അവസ്ഥയാണ്. ദരിദ്രരാവട്ടെ കൂടുതല്‍ ദരിദ്രരായി താഴുന്നു. മധ്യവര്‍ഗത്തിനാണ് ഈ പോക്കില്‍ ചേതമുള്ളത്. എല്ലായിടത്തെയും ഈ വര്‍ഗത്തിനാണ് സാമ്പത്തിക പുരോഗതി കലശലായ അഭിവാഞ്ഛയാവുക. ഈ മര്‍മത്തിലല്ലേ ഇന്ത്യ സര്‍ജിക്കല്‍ ഓപറേഷന്‍ നടത്തേണ്ടത്?
പാക് ജനതയില്‍ 44 ശതമാനം പേരും ഗോതമ്പ്, ഇറച്ചി, പച്ചക്കറി, പഴം, പരുത്തി എന്നിവയുടെ കയറ്റുമതിയെ ആശ്രയിച്ചു കഴിയുന്നവരാണ്. പാകിസ്താനെ തുണയ്ക്കുന്ന അമേരിക്ക, ചൈന, യുഎഇ എന്നീ രാജ്യങ്ങളാണ് ഇതില്‍ 30 ശതമാനത്തിന്റെ വിപണി. ശിഷ്ടം 70 ശതമാനം വിപണി പ്രത്യേകിച്ചൊരു മമതയോ വിരോധമോ പാകിസ്താനോട് ഇല്ലാത്ത രാഷ്ട്രങ്ങളിലായാണ്. ഇന്ത്യന്‍ കയറ്റുമതിയുടെ ശക്തിസ്രോതസ്സും ഇതേ ഉല്‍പന്നങ്ങളാണ്. തോതിലും ഗുണനിലവാരത്തിലും ഏറെ മുമ്പിലാണെന്ന വ്യത്യാസമുണ്ട്. ഇപ്പറഞ്ഞ 70 ശതമാനം വിപണികളില്‍ ഈ ചരക്കിനങ്ങള്‍ക്കുമേല്‍ വിലക്കുറവ് നടത്തി ഒരു മല്‍സരമുണ്ടാക്കിയാല്‍ പാക് മധ്യവര്‍ഗം വെള്ളത്തിലാവും. ഇന്ത്യയെ ഭള്ളുപറയുമെങ്കിലും അവരുടെ ക്ഷോഭതാപങ്ങള്‍ ആത്യന്തികമായി സ്വന്തം ഭരണകൂടത്തിനു നേരെ തിരിയും. പട്ടാളം നടത്തുന്ന കന്നന്തിരിവുകളാണ് ഈ ഗതി വരുത്തുന്നതെന്ന പൊതുവ്യവഹാരത്തിലേക്കു കാര്യങ്ങള്‍ വേഗം നീങ്ങും.
ഇന്ത്യ ചെയ്യേണ്ട ‘സര്‍ജിക്കല്‍’ പരിപാടി ഇതല്ലേ? അതിര്‍ത്തിയില്‍ ഉണ്ട പാഴാക്കിയും അതിന്റെ ഡംഭ് പ്രചരിപ്പിച്ചും ഐഎഫ്എസുകാര്‍ കണ്ഠക്ഷോഭം നടത്തിയും കാതലായ മാറ്റമൊന്നും ഉണ്ടാവാന്‍ പോവുന്നില്ല. പ്രശ്‌നം, നിയന്ത്രണരേഖയ്ക്ക് ഇപ്പുറത്താണ്. ഹിന്ദുത്വ പരിവാരത്തിനു വേണ്ടത് തീവ്രദേശീയതയുടെ മത്തുപിടിച്ച പൗരാവലിയെ. ഈ മത്തു ചൂണ്ടിക്കാട്ടി, മാന്യത നടിച്ച് പരമ്പരാഗത ഉഡായിപ്പുകളുമായി കാലക്ഷേപം ചെയ്യലാണ് ഗാന്ധിയന്‍മാരുടെ പണി. കെജ്‌രിവാളിനെപ്പോലുള്ള വക്രബുദ്ധികള്‍ ഈ കലക്കവെള്ളത്തില്‍ മല്‍സ്യബന്ധനത്തിനു ശ്രമിക്കുന്നു. സര്‍ജിക്കല്‍ ഓപറേഷന്‍ വേണ്ടത് തലയ്ക്കുള്ളിലല്ലേ?

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 969 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക