|    Dec 18 Mon, 2017 10:48 am

സര്‍ഗാത്മകപാപങ്ങള്‍

Published : 6th September 2015 | Posted By: admin

 

തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്റെ മാതൊരു പാകന്‍ എന്ന നോവല്‍ 2010ല്‍ ആണ് പ്രസിദ്ധീകരിക്കുന്നത്. നാലു വര്‍ഷം കഴിഞ്ഞ് 2014 ഒടുവില്‍ ഇംഗ്ലീഷ് പരിഭാഷ ഛില ജമൃ േണീാമി എന്ന പേരില്‍ ഇറങ്ങുമ്പോള്‍; 2015 ആദ്യത്തില്‍ സാഹിത്യ അക്കാദമി അവാര്‍ഡിനു നിര്‍ദേശിക്കപ്പെടുമ്പോള്‍ നോവല്‍ പെട്ടെന്ന് ഭീഷണമായ വിവാദത്തിലകപ്പെടുന്നു. തുടര്‍ന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ‘എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ മരിച്ചിരിക്കുന്നു; ഇനി മുതല്‍ അധ്യാപകനായ പെരുമാള്‍ മാത്രമേ നിലനില്‍ക്കുന്നുള്ളൂ    ‘എന്ന ദുരന്തപൂര്‍ണമായ ഏറ്റുപറച്ചിലോടെ നോവല്‍ പിന്‍വലിക്കേണ്ടതായി വരുന്നു. കുടുംബത്തോടെ നോവലിന്റെ പശ്ചാത്തലഭൂമിയും പിറന്ന നാടുമായ തിരുച്ചെങ്കോട് വെടിഞ്ഞ് തലസ്ഥാന നഗരിയായ ചെന്നൈയിലേക്ക് താമസം മാറ്റേണ്ടിവരുന്നു.

പ്രസിദ്ധീകരിച്ച് ദീര്‍ഘകാലം കഴിഞ്ഞ് ഉണ്ടാവുന്ന പ്രതിഷേധവിവാദങ്ങള്‍ സംഘപരിവാരത്തിനെ മാത്രം കേന്ദ്രീകരിച്ച് ഏകപക്ഷീയമായി വിചിന്തനം ചെയ്യുന്നത് ശരിയാണോ? വസ്തുതാപരമായിരിക്കുമോ? മാതൊരു പാകന്‍, അമൈയപ്പന്‍, അര്‍ദ്ധനാരീശ്വരന്‍ എന്നതെല്ലാം പരമശിവന്റെ പര്യായപദനാമങ്ങളാണ്. ‘മാതൊരു പാകന്‍’ എന്നാല്‍, തന്റെ ‘ഇടതുപാതി സ്ത്രീക്കു വിട്ടുകൊടുത്തവന്‍ എന്നാണര്‍ഥം. ഇവിടെ ‘വിട്ടുകൊടുത്തവന്‍’ എന്ന വാക്ക് പ്രത്യേകം ശ്രദ്ധിക്കണം. അതായത് ശക്തിസ്വരൂപമായ പരമശിവന്‍ തന്റെ ഇടതുപാതിയിലെ ‘ശക്തിപ്രഭാവം’ സ്ത്രീക്കു വിട്ടുകൊടുത്തിരിക്കുന്നു എന്നു സാരം. ഈ ശക്തിപ്രഭാവമാണ് പാര്‍വതിയിലൂടെ വിശ്വപ്രകൃതീഭാവമായി സൃഷ്ടിക്കപ്പെടുന്നത്. ഇതു തികച്ചും ദാര്‍ശനികമായ ഒരു രൂപകമാണ്. ദാര്‍ശനികമായ ഈ രൂപകാര്‍ഥങ്ങളെ, പദാര്‍ഥനിവര്‍ത്തിതബോധങ്ങളെ നിഹനിച്ചുകൊണ്ട് ഛില ജമൃ േണീാമി എന്നു പരിഭാഷ ചെയ്തുകൊണ്ടുള്ള നോവലിന്റെ പേരില്‍ തന്നെയാണ് പ്രശ്‌നത്തിന്റെ കാതല്‍. ഛില ജമൃ േണീാമി  എന്ന നോവല്‍ അന്തര്‍ദേശീയമായി സംവദിക്കപ്പെടുമ്പോള്‍ ഇതിവൃത്തവിഷയം ഭാരതത്തിലെ മഹാഭൂരിപക്ഷം വരുന്ന ഒരു മതവിഭാഗത്തിന്റെ ആരാധനാമൂര്‍ത്തിയായ പരമശിവനെക്കുറിച്ചുള്ളതാണെന്ന തെറ്റിദ്ധാരണയ്ക്ക് ഇടവരുന്നു.

പരമശിവന്റെ അര്‍ദ്ധനാരീശ്വരസങ്കല്‍പ്പം തെളിയിച്ചുപറഞ്ഞാല്‍ അനാറ്റമിക്കല്‍ അല്ല ദാര്‍ശനികമാണ് എന്ന്  നമുക്കു കാണാം. ശിവരൂപം പൗരുഷത്വത്തിന്റെ സമ്പൂര്‍ണതയാണ്. അതിന്റെ പാതിഭാഗം ചരാചര വിശ്വപ്രകൃതിയിലേക്ക് സൃഷ്ടിപരമായി പരിഭാഷ ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. ഇത്രയും പദാര്‍ഥാതിവര്‍ത്തിയായ മാനങ്ങള്‍ നിലനില്‍ക്കുന്ന ആരാധനാസങ്കല്‍പ്പമാണ് ഇതിവൃത്തേതരമായ ഒരു ശീര്‍ഷകത്തിലൂടെ വഴി പിഴയ്ക്കുന്നത്. പന്ത്രണ്ടു വര്‍ഷം കഴിഞ്ഞിട്ടും സന്താനലബ്ധിയില്ലാത്ത തമിഴ്‌നാട്ടിലെ തിരുച്ചെങ്കോട് ഗ്രാമത്തിലെ ഒരു നിരക്ഷരകുടുംബം. ആ ദുഃഖത്തില്‍ നിന്നും മോചനം കിട്ടുവാന്‍ ആ നാട്ടിലെ ശിവക്ഷേത്രത്തില്‍ അറുപത് എഴുപത് വര്‍ഷങ്ങള്‍ക്കു മുമ്പ് തേരുല്‍സവത്തിന്റെ അവസാന നാള്‍ നിലനിന്നിരുന്നതായി പറയപ്പെടുന്ന സ്വതന്ത്ര ലൈംഗികാചാര കൃത്യത്തിലേക്ക് ആ കുടുംബം വഴിമാറുന്നു. ഈ സംഭവത്തിലാണ് ‘പാതിപെണ്‍രൂപമായവന്‍’ അഥവാ ഛില ുമൃ േംീാമി  അതിന്റെ ഇതിവൃത്തം കണ്ടെത്തുന്നത്. ഇന്ത്യക്കാരായ നമുക്കേ അറിയൂ ഇത് തമിഴ്‌നാട്ടിലെ തിരുച്ചെങ്കോട് എന്ന സ്ഥലത്തു മാത്രം പണ്ടെങ്ങോ നിലവിലുണ്ടായിരുന്ന ഒരു ആചാരമാണെന്ന്.

അതറിയാത്തവരില്‍ ഭാവുകത്വത്തിന്റെ അപായകരമായ സാമാന്യവല്‍ക്കരണമാണ് സംഭവിക്കുന്നത്.വളരെയേറെ ഭ്രമകല്‍പ്പിതഭാവങ്ങളുള്ള പുരാവൃത്തസ്വത്വങ്ങളിലാണ് തമിഴകത്തിന്റെ ജാതിവ്യവസ്ഥ നിലനില്‍ക്കുന്നത്. ഇവിടെയത് എഴുത്തുകാരന്റെ ജന്മദേശത്തിന്റെ ലൈംഗികമായ ഒരു പുരാവൃത്തം കൂടിയായി വരുമ്പോള്‍ സൃഷ്ടിചോദനകളുടെ സ്വതന്ത്രപ്രയാണങ്ങളെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ തലത്തില്‍ അംഗീകരിക്കാതിരിക്കാനും നിര്‍വാഹമില്ല. പക്ഷേ, ഈ പ്രയാണങ്ങള്‍ പക്ഷപാതരഹിതവും കാവ്യനീതിയും കാവ്യമര്യാദയും പുലര്‍ത്തുന്നതായിരിക്കണം. അറുപതു എഴുപതു വര്‍ഷം മുമ്പത്തെ ഗ്രാമീണതയോട് ഉള്‍ച്ചേര്‍ന്ന കൗതുകകരമായ ആചാരത്തെ ആ നാട്ടിലെ ‘സ്വാമിക്കുഴന്തൈ’ (സ്വാമി കൊടുത്തപിള്ളൈ) എന്ന ഒരു ജനവിഭാഗത്തിന്റെ ഉല്‍പത്തിയോടു ബന്ധപ്പെടുത്തി നരവംശശാസ്ത്രപരമായും വ്യക്തിപരമായ ഗൃഹാതുരത്വത്തോടു കൂടിയും വളരെ നിര്‍ദോഷമായി സമീപിക്കുകയാണ് നോവലിസ്റ്റ്. എങ്കിലും ഇത്തരം പ്രമാദങ്ങള്‍ ആവിഷ്‌കാരപാതകമായി പരിണമിക്കാനുള്ള സാധ്യതയെപ്പറ്റി നോവലിന്റെ വിദേശപരിഭാഷ വരുമ്പോള്‍ എഴുത്തുകാരന്‍ ചിന്തിക്കേണ്ടതായിരുന്നു. ഒരു                    ഭഗവത്ഗീതയും കുറേ മുലകളും എന്ന ബഷീറിന്റെ കഥയുടെ നാമകരണം സാന്ദര്‍ഭികമായി സ്മരണീയം. ഈ കഥ വായിച്ചുകഴിയുമ്പോള്‍ പക്ഷേ, ആര്‍ക്കും പിടികിട്ടും ബഷീര്‍ സ്വന്തമാക്കാനുദ്ദേശിക്കുന്ന ഭഗവത്ഗീതയുടെ ഒരു കോപ്പിയാണ് നാമകരണത്തില്‍ ധ്വനിക്കുന്നത്. കൂടെയുള്ള കുറേ മുലകള്‍ അന്നത്തെ ജാതി വ്യവസ്ഥയോടും അയിത്തത്തോടും ബന്ധപ്പെട്ട് സ്ത്രീകള്‍ മാറുമറയ്ക്കാത്ത കാലഘട്ടത്തിന്റെ മറ്റൊരു അനുഭവ പരാമര്‍ശമാണെന്ന്. നേരെമറിച്ച് ഛില ജമൃ േണീാമി വായിക്കുമ്പോള്‍ ശൈവആരാധനാരീതിയാണ് നോവലിന്റെ ഇതിവൃത്തമെന്ന് പുറംദേശക്കാര്‍ തെറ്റിദ്ധരിക്കും. ഇവിടെയാണ് നോവലിസ്റ്റിന്റെ പ്രമാദം ആവിഷ്‌കാരപാതകമായി മാറുന്നത്. എങ്ങനെയാണ് ഒരു സര്‍ഗാത്മക സാഹിത്യകൃതി അല്ലെങ്കില്‍ ചിത്രമോ ശില്‍പ്പമോ ആയ കലാസൃഷ്ടി രാഷ്ട്ര സാമൂഹികധാര്‍മികതയെ, മതപരമോ ജാതീയമോ വംശീയമോ ആയ മൂല്യസങ്കല്‍പ്പങ്ങളെ നോവിപ്പിക്കും വിധം രൂപഭാവങ്ങള്‍ ആവാഹിക്കുന്നത്? എഴുത്തുകാരന്‍ അല്ലെങ്കില്‍ കലാകാരന്‍ സ്വന്തം സ്വാതന്ത്ര്യത്തെ പ്രചരണപരവും വാണിജ്യപരവും സാമ്പത്തികവുമായ               ലക്ഷ്യങ്ങള്‍ക്കു വേണ്ടി ഏതെങ്കിലും ഒരു പക്ഷത്തിനു കീഴ്‌പ്പെടുത്തുന്നതിനാലല്ലാതെ മറ്റൊന്നുകൊണ്ടുമല്ല.

സര്‍ഗാത്മകതയുടെയും കലയുടെയും മൂല്യങ്ങളും മാനങ്ങളും ആഴം കൂടുന്നതിനനുസരിച്ച് പക്ഷപാതരഹിതമായി സ്വതന്ത്രമാകുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ സാര്‍ ചക്രവര്‍ത്തിമാരുടെ കാലത്തെ ക്രൈസ്തവജീര്‍ണതകളുടെ പശ്ചാത്തലത്തില്‍ ഇതിവൃത്തം സ്വീകരിച്ച ‘കാരമസോവ് സഹോദരന്‍മാര്‍’ നോവലിന് എവിടെനിന്നെങ്കിലും ആര്‍ക്കെങ്കിലും ഒരു എതിര്‍പ്പ് ഉന്നയിക്കാനാകുമോ? വിശ്വമാനവികതയിലൂന്നുന്ന രചനാപരമായ സ്വാതന്ത്ര്യത്തിന്റെ അനന്യതയാണത്. അതേപോലെ ക്രിസ്ത്യന്‍ സഭാപൗരോഹിത്യ നിയമപ്രകാരം വിവാഹമോചനം അസാധ്യമായ ഒരു സാമൂഹിക വ്യവസ്ഥയില്‍ പൊരുത്തപ്പെടാനാവാത്ത വിവാഹബന്ധങ്ങള്‍ എങ്ങനെ അസന്മാര്‍ഗികമായിത്തീരുന്നുവെന്ന് ചിത്രീകരിച്ച് വിവാഹമോചനത്തിന്റെ അവകാശം ഉദ്‌ഘോഷിക്കുന്ന ലിയോ ടോള്‍സ്‌റ്റോയിയുടെ അന്തകരിനിന എതിര്‍പ്പുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും അപ്രാപ്യമായ തലത്തില്‍ സര്‍ഗാത്മകതയുടെ ഉയര്‍ന്ന വിതാനത്തില്‍ വിശ്വമാനവികതയോട് സംവദിച്ചുകൊണ്ട് വിരാജിക്കുന്നു.

ഗാര്‍ഹണീയവും ജുഗുപ്ത്സാഹവുമായ ലക്ഷ്യങ്ങളോടെ ഷാര്‍ലി എബ്ദോയില്‍ വന്ന പ്രവാചക കാര്‍ട്ടൂണ്‍ ആഴ്ചകള്‍ കൊണ്ട് സംവേദനത്തിന്റെ ചവറ്റുകുട്ടയിലെറിയപ്പെട്ടു. സെന്റ് പീറ്റേഴ്‌സ് ബസിലിക്ക പള്ളിയിലെ ഭിത്തികളില്‍ സിസ്റ്റയിന്‍ ചാപ്പലിന്റെ അള്‍ത്താരയുടെ മാളികമച്ചുകളില്‍ മൈക്കലാഞ്ചലോ സൃഷ്ടിച്ച പെയിന്റിങുകള്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞും ആസ്വദിക്കപ്പെടുന്നു. ഒരു തച്ചന് തച്ചുശാസ്ത്രത്തോടുള്ള ഉത്തരവാദിത്തം പോലെ ഒരെഴുത്തുകാരന് സര്‍ഗാത്മകതയോടും കലയോടുമുള്ള ഉത്തരവാദിത്തം തന്നെയാണ് സമൂഹത്തോടുള്ള ഉത്തരവാദിത്തമായി നിറവേറ്റപ്പെടുന്നത്. അത് എത്ര കണ്ട് ആഴങ്ങള്‍ കൈവരിക്കുന്നുവോ അത്ര കണ്ട് നീതീകരിക്കപ്പെടുന്നു; കാലത്താല്‍ അസ്തിത്വത്തിന്റെ സ്വാതന്ത്ര്യം അനുഭവിക്കുന്നു; അര്‍ഹിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss