|    Dec 11 Tue, 2018 9:38 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സര്‍ക്കാര്‍ സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം; ചുമതല കൈമാറ്റം സാധിക്കുമോ? പരിശോധിക്കണം

Published : 2nd December 2018 | Posted By: kasim kzm

കൊച്ചി: സര്‍ക്കാര്‍ സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണ ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ മറ്റ് ഏജന്‍സികള്‍ക്കോ കൈമാറാന്‍ സാധിക്കുമോയെന്ന് പരിശോധിക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.
സമീപ സ്‌കൂളുകളിലെല്ലാം ഉച്ചഭക്ഷണം എത്തിക്കാനാവുന്നവിധം കമ്മ്യൂണിറ്റി അടുക്കള സംവിധാനം ഒരുക്കിനല്‍കുന്നതിനെക്കുറിച്ച് ആലോചിക്കണം. ഇങ്ങനെ സംവിധാനമൊരുക്കിയാല്‍ അനാവശ്യ ജോലികളില്‍ നിന്ന് പ്രധാനാധ്യാപകരെ ഒഴിവാക്കാനാവും. സ്‌കൂളുമായി ബന്ധപ്പെട്ടു നിര്‍വഹിക്കേണ്ട മറ്റു പ്രധാന ചുമതലകളില്‍ അവര്‍ക്ക് ശ്രദ്ധചെലുത്താനാവുമെന്നും സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണപദ്ധതിയുടെ ചുമതല പ്രധാനാധ്യാപകരില്‍ നിന്നു നീക്കണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ പ്രദീപനും ചില രക്ഷാകര്‍തൃ സംഘടനകളും നല്‍കിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. ഉച്ചഭക്ഷണ വിതരണ ചുമതല സ്ഥിരമായി ഏല്‍പ്പിച്ചിരിക്കുന്നതുമൂലം പ്രധാനാധ്യാപകര്‍ക്ക് ഒട്ടേറെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നതായി ചൂണ്ടിക്കാട്ടിയാണ് ഹരജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഉച്ചഭക്ഷണ വിതരണത്തിനു വേണ്ട ഭക്ഷ്യവസ്തുക്കള്‍ കുടുംബശ്രീ ഔട്ട്‌ലെറ്റുകളില്‍ നിന്നു വാങ്ങണമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്.
സ്‌കൂളുമായി ബന്ധപ്പെട്ട ഭരണപരമായതുള്‍പ്പെടെ മറ്റു സുപ്രധാന ജോലികള്‍ നിര്‍വഹിക്കാനുള്ള പ്രധാനാധ്യാപകന്‍ ഇതിനുവേണ്ടി അനാവശ്യമായി ഒട്ടേറെ സമയം ചെലവഴിക്കേണ്ടിവരുന്നത് സ്‌കൂള്‍ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. 2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍, സെന്‍സസ് ജോലികള്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടി എന്നിവയ്ക്കല്ലാതെ സ്‌കൂളിന്റെ ഭരണപരമായ ചുമതലകളില്‍ നിന്നു മാറ്റി മറ്റു പ്രവര്‍ത്തനങ്ങള്‍ക്കായി സ്‌കൂള്‍ പ്രധാനാധ്യാപകരെ ചുമതലപ്പെടുത്തരുതെന്നു നിര്‍ദേശമുണ്ട്.
ഭരണപരമായ ഒട്ടേറെ ജോലികള്‍ക്കു പുറമേ, ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട വിവിധ ജോലികള്‍ വേറെയുമുണ്ട്. ഇത് അമിത ഭാരമാണ് ഉണ്ടാക്കുന്നത്. ഈ സാഹചര്യത്തില്‍ ചുമതലയില്‍ നിന്ന് പ്രധാനാധ്യാപകരെ ഒഴിവാക്കണമെന്നാണു ഹരജിക്കാരുടെ ആവശ്യം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss