|    Oct 23 Tue, 2018 4:58 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സര്‍ക്കാര്‍ സ്‌കൂളില്‍ ആര്‍എസ്എസ് ക്യാംപ്

Published : 23rd January 2017 | Posted By: fsq

rss-flag

നെടുമങ്ങാട്: സിപിഎം നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ ആര്‍എസ്എസ് രണ്ടുദിവസത്തെ ആയുധപരിശീലനക്യാംപ് നടത്തിയത് വിവാദമാവുന്നു. പനവൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ആട്ടുകാല്‍ ഗവ. എല്‍പി-യുപി സ്‌കൂളിലാണ് ശനി, ഞായര്‍ ദിവസങ്ങളില്‍ ക്യാംപ് നടന്നത്. സിപിഎം നേതാവും വാര്‍ഡ് മെംബറുമായ സജീവ്കുമാറാണ് ഈ സ്‌കൂളിലെ പിടിഎ പ്രസിഡന്റ്. കാലങ്ങളായി സിപിഎമ്മിന്റെ ശക്തികേന്ദ്രവുമാണിത്. ആര്‍എസ്എസ് നെടുമങ്ങാട് താലൂക്ക് അടിസ്ഥാനമാക്കി ബാല ശിബിരത്തിന്റെ മറവിലാണ് ക്യാംപ് നടന്നത്. താലൂക്കിലെ മണ്ഡലങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത അറുപതോളം കുട്ടികള്‍ പങ്കെടുത്തു. രണ്ടുപകലും ഒരു രാത്രിയിലുമായി നടന്ന ക്യാംപില്‍ കുട്ടികള്‍ക്ക് പുറമെ മുതിര്‍ന്ന നിരവധി പ്രവര്‍ത്തകരെത്തിയതായി സമീപവാസികള്‍ പറയുന്നു. പുറത്തുനിന്നുള്ളവര്‍ പ്രവേശിക്കുന്നത് തടയാന്‍ സ്‌കൂളില്‍ ആര്‍എസ്എസുകാര്‍ ശക്തമായ കാവലാണ് ഏര്‍പ്പെടുത്തിയിരുന്നത്. സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്‌കൂള്‍ കെട്ടിടങ്ങളും കാംപസും വിദ്യാഭ്യാസേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് പൂര്‍ണമായും ലംഘിച്ചാണ് ആര്‍എസ്എസിന് രണ്ടു ദിവസത്തെ ക്യാംപ് നടത്താന്‍ സിപിഎം നിയന്ത്രണത്തിലുള്ള ഭരണസമിതി അനുവാദം നല്‍കിയത്. ക്രിസ്മസ് അവധിക്കാലത്ത് സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ആര്‍എസ്എസ് ക്യാംപുകള്‍ നടന്നിരുന്നു. ഇതിനെതിരേ പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ മുന്‍ ഉത്തരവുകളും ഹൈക്കോടതി വിധികളും മുന്‍നിര്‍ത്തി പൊതുവിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞമാസം 24ന് പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. നേരത്തേയുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ച് വിദ്യാഭ്യാസേതര ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന നിര്‍ദേശമെന്നും എല്ലാ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും അയച്ച സര്‍ക്കുലറില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതെല്ലാം കാറ്റില്‍പ്പറത്തി സിപിഎം നിയന്ത്രണത്തിലുള്ള സ്‌കൂളില്‍ ആര്‍എസ്എസ് ക്യാംപ് നടത്താന്‍ അനുവദിച്ചതിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. കണ്ണൂര്‍, കോട്ടയം ജില്ലകളില്‍ ആര്‍എസ്എസ് ആയുധപരിശീലനം നടത്തിയ സ്‌കൂളുകള്‍ക്കെതിരേ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു. എന്നാല്‍, സിപിഎം നേതൃത്വത്തിലുള്ള പിടിഎ കമ്മിറ്റിയുള്ള സ്‌കൂളില്‍തന്നെ ആര്‍എസ്എസ് ക്യാംപ് നടത്തിയത് ന്യായീകരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബുദ്ധിമുട്ടുകയാണ്. എന്നാല്‍, കുട്ടികളുടെ പരിപാടിക്കായാണ് സ്‌കൂള്‍ ആവശ്യപ്പെട്ടെതെന്നും ആര്‍എസ്എസ് ആയുധപരിശീലന ക്യാംപ് ആണെന്നറിയില്ലായിരുന്നുവെന്നും പിടിഎ പ്രസിഡന്റ് സജീവ്കുമാര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പരാതികൊടുക്കാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss