|    Nov 18 Sun, 2018 3:37 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സര്‍ക്കാര്‍ സ്വീകരിച്ച നടപടി അറിയിക്കണം: ഹൈക്കോടതി

Published : 3rd November 2018 | Posted By: kasim kzm

കൊച്ചി: പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിര്‍മിച്ച തടയണയില്‍ നിന്ന് വെള്ളമൊഴുക്കിക്കളയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി അറിയിക്കണമെന്ന് ഹൈക്കോടതി.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആരുടെ നേതൃത്വത്തില്‍ എപ്പോഴാണ് തടയണയിലെ വെള്ളം ഒഴുക്കിക്കളഞ്ഞത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ 10 ദിവസത്തിനകം അറിയിക്കാനാണ് നിര്‍ദേശം.
മലപ്പുറത്തെ കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലയിലെ തടയണയും വാട്ടര്‍ തീം പാര്‍ക്കും അനധികൃതമായാണ് നിര്‍മിച്ചതെന്നും ഇവ പൊളിക്കണമെന്നും ആവശ്യപ്പെട്ട് ഓള്‍ കേരള റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ടി വി രാജന്‍ നല്‍കിയ ഹരജിയിലാണ് ജൂലൈ 10ന് കോടതിയുടെ ഇടക്കാല നിര്‍ദേശമുണ്ടായത്. വിവാദ തടയണ പൊളിച്ചുനീക്കാന്‍ മലപ്പുറം ജില്ലാ കലക്ടര്‍ 2017 ഡിസംബര്‍ 12ന് പുറപ്പെടുവിച്ച ഉത്തരവ് അബ്ദുല്‍ ലത്തീഫ് നല്‍കിയ ഹരജിയില്‍ സ്റ്റേ ചെയ്തിരുന്നു.
ഇതിനിടെയാണ് വാട്ടര്‍ തീം പാര്‍ക്കും തടയണയും പൊളിക്കണമെന്നാവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹരജി നല്‍കിയത്.
ഒട്ടേറെപ്പേരുടെ കുടിവെള്ള സ്രോതസ്സായ അരുവി തടഞ്ഞുനിര്‍ത്തിയാണ് തടയണ നിര്‍മിച്ചതെന്നും ഇതിനു താഴെ വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ചത് പരിസ്ഥിതി നാശത്തിനിടയാക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തടയണയില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് അപകടഭീഷണിയുയര്‍ത്തുന്നതായി സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായത്. വെള്ളം നീക്കംചെയ്യാന്‍ തയ്യാറാണെന്ന് ഉടമയും കോടതിയെ അറിയിച്ചു.
വെള്ളം ഒഴുക്കിക്കളയുന്നുണ്ടെന്ന് മലപ്പുറം കലക്ടര്‍ ഉറപ്പുവരുത്തണമെന്നും മേല്‍നോട്ടത്തിനായി ആവശ്യമായ സാങ്കേതികവിദഗ്ധരടക്കം ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍, തടയണയില്‍ നിന്ന് വെള്ളമൊഴുക്കിക്കളഞ്ഞിട്ടില്ലെന്ന് കാണിച്ച് ഹരജിക്കാരന്‍ വീണ്ടും കോടതി മുമ്പാകെ ഹാജരാവുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss