|    Mar 19 Mon, 2018 2:31 pm
FLASH NEWS

സര്‍ക്കാര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിക്കായി ഫേസ്ബുക്ക് കൂട്ടായ്മ

Published : 16th September 2016 | Posted By: SMR

തൊടുപുഴ: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ജീവനുകള്‍ കൊഴിയുന്നത് സ്ഥിരമായതോടെ  അടിമാലിയില്‍ സര്‍ക്കാര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിക്കായി ഫേസ്ബുക്ക് കൂട്ടായ്മ രംഗത്ത്.ഈ ആവശ്യത്തിലേക്ക് അധികാരികളുടെ ശ്രദ്ധ ഉണര്‍ത്തുന്നതിനായി 17ന് അടിമാലിയില്‍ മെഴുകുതിരി തെളിച്ച് ആയിരങ്ങള്‍ തെരുവിലിറങ്ങുമെന്ന് ഫേസ്ബുക്ക് കൂട്ടായ്മയുടെ സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അവശ്യസമയത്ത് ചികിത്സ കിട്ടാതെ വഴിമധ്യേ ജീവനുകള്‍ ഹോമിക്കപ്പെടുന്നതിനെ തുടര്‍ന്നു മനംമടുത്താണ് ഒരുസംഘം ചെറുപ്പക്കാര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി യാഥാര്‍ഥ്യമാക്കുന്നതിനായി രംഗത്തിറങ്ങുന്നത്. കൊച്ചി- ധനുഷ്‌കോടി ദേശീയപാത 49ല്‍ കോതമംഗലം മുതല്‍ തമിഴ്‌നാട് അതിര്‍ത്തിയിലെ ബോഡിമെട്ട് വരെയുള്ള 118 കിലോമീറ്ററിനുള്ളിലെ ഏക സര്‍ക്കാര്‍ ആശുപത്രിയാണ് അടിമാലി താലൂക്ക് ആശുപത്രി. അത്യന്തം അപകടം നിറഞ്ഞ ഈ ദേശീയപാതയില്‍  നിരവധി അപകടങ്ങളാണ് നടക്കുന്നത്.അപകടത്തില്‍പ്പെടുന്നവരെ ആദ്യം എത്തിക്കുന്നത് ഇവിടെയാണ്.
ദേവികുളം താലുക്കിലെ ഒമ്പത് പഞ്ചായത്തുകളിലെയും ഉടുമ്പന്‍ചോല,ഇടുക്കി താലൂക്കുകളിലെ അഞ്ചോളം പഞ്ചായത്തുകളിലെ നാലുലക്ഷത്തോളം സാധാരണക്കാരായ ജനങ്ങളും നാല്‍പതിലേറെ ആദിവാസിക്കുടിയിലെ ജനങ്ങളും ആശ്രയിക്കുന്ന ഏക ആശുപത്രിയാണിത്.
ട്രോമാ കെയര്‍ സംവിധാനം ഇതുവരെ ഇവിടെ യാഥാര്‍ഥ്യമായിട്ടില്ല.മതിയായ തസ്തികകള്‍ സൃഷ്ടിച്ച് ജീവനക്കാരെ നിയമിക്കുകയും വേണം. സിസിയു,ഐസിയു,ബ്ലഡ് ബാങ്ക്,സിടി സ്‌കാന്‍,എംആര്‍ഐ സ്‌കാന്‍, അത്യാധുനീക ലാബറട്ടറി,ഐസി ആംബുലന്‍സ് എന്നിവയും ഇവിടെ ഒരുക്കണമെന്നും ഫേസ്ബുക്ക കൂട്ടായ്മ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.ന്യൂറോളജി, ഗൈനക്കോളജി തുടങ്ങി വിവിധ ചികിത്സാ വിഭാഗങ്ങളും ആരംഭിച്ച് താലൂക്ക് ആശുപത്രിയെ ശക്തിപ്പെടുത്താതെ പരിഹാരമാവില്ല.ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരടക്കമുള്ള അധികാരികള്‍ക്ക് നിവേദനവും നല്‍കി.
കാന്‍ഡില്‍ ലൈറ്റ് വിജില്‍’ പരിപാടിയോട് അനുബന്ധിച്ച് ഒപ്പുശേഖരണവും നടത്തും. അടിമാലി വി ടി ജങ്ഷന്‍ മുതല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വരെയും സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍ മാര്‍ക്കറ്റ് ജംഗ്ഷന്‍ വരെയും റോഡരികില്‍ അണിനിരന്നാണ് മെഴുകുതിരി തെളിക്കുക.ജനപ്രതിനിധികള്‍, സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍,കുടുംബശ്രീ, തൊഴിലുറപ്പു പ്രവര്‍ത്തകര്‍, തൊഴിലാളികള്‍ തുടങ്ങി സമൂഹത്തിന്റെ നാനാമേഖലയിലുള്ളവര്‍ പരിപാടിയില്‍ അണിചേരുമെന്ന് സംഘാടകര്‍ അറിയിച്ചു.ആനന്ദ് പേള്‍,വിഷ്ണു തങ്കച്ചന്‍,രാകേഷ് റോയി,അനീഷ് കുമാര്‍,അബീന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss