|    Oct 24 Wed, 2018 9:04 am
FLASH NEWS

സര്‍ക്കാര്‍ വിള ഇന്‍ഷുറന്‍സ് പദ്ധതിയോട് കര്‍ഷകര്‍ക്ക് വിമുഖത

Published : 24th September 2017 | Posted By: fsq

 

മാനന്തവാടി: കാര്‍ഷിക വിള ഇന്‍ഷുറന്‍സ് പദ്ധതി പുനരാവിഷ്‌കരിച്ചപ്പോള്‍ ജില്ലയിലെ കര്‍ഷകരില്‍ നിന്നു വേണ്ടത്ര പ്രതികരണമില്ല. വാഴയ്ക്ക് തുച്ഛമായ പ്രീമിയം തുകയടച്ചാല്‍ ഉയര്‍ന്ന ഇന്‍ഷുറന്‍സ് തുക കിട്ടുമെന്നു വന്നതോടെ വാഴകര്‍ഷകരാണ് നിലവില്‍ പദ്ധതിയില്‍ ചേര്‍ന്നിരിക്കുന്നത്. പദ്ധതി തുടങ്ങി കഴിഞ്ഞ ഒരുമാസം 27,163 വാഴകളാണ് ഇന്‍ഷുര്‍ ചെയ്യപ്പെട്ടത്. ഒരു ഏത്തവാഴയ്ക്ക് മൂന്നു രൂപ പ്രീമിയം അടച്ചാല്‍ കുലച്ചതിന് 300 രൂപയും കുലയ്ക്കാത്തതിന് 150 രൂപയുമാണ് നഷ്ടപരിഹാരമായി ലഭിക്കുക. നേരത്തെ പ്രീമിയം രണ്ടു രൂപയും നഷ്ടപരിഹാരം 150 രൂപയും മാത്രമായിരുന്നു. ഒരു വാഴയ്ക്ക് കര്‍ഷകന് 200 രൂപയോളം ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലയിലെ വാഴകര്‍ഷകരെ പ്രധാനമായി അലട്ടിയിരുന്നത് വാഴ കുലച്ച് മണ്‍സൂണ്‍ തുടക്കത്തിലുണ്ടാവുന്ന കനത്ത കാറ്റായിരുന്നു. പുനരാവിഷ്‌കൃത വിള ഇന്‍ഷുറന്‍സ് പദ്ധതി ഇതിനു പരിഹാരമാവുമെന്നു കണ്ടതോടെ കൂടുതല്‍ പേര്‍ ഇന്‍ഷുര്‍ ചെയ്യുമെന്നായിരുന്നു കൃഷിവകുപ്പിന്റെ പ്രതീക്ഷ. എന്നാല്‍, 3000 രൂപ വരെയുള്ള നഷ്ടപരിഹാരം നിര്‍ണയിക്കാന്‍ മാത്രമേ കൃഷി ഓഫിസര്‍മാര്‍ക്ക് അധികാരമുള്ളൂവെന്നത് കര്‍ഷകരുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചു. 3001 രൂപ മുതല്‍ 10000 രൂപ വരെ നഷ്ടപരിഹാരം നിര്‍ണയിക്കാന്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടരും 10001-50000 രൂപ വരെ കൃഷി ഡെപ്യൂട്ടി ഡയറക്ടറും 50000നു മുകളില്‍ തുക ലഭിക്കാന്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസറുമാണ് സ്ഥലം സന്ദര്‍ശിച്ച് നാശം വിലയിരുത്തേണ്ടത്. കൃഷിനാശമുണ്ടാവാതിരിക്കാന്‍ വേണ്ടത്ര പ്രതിരോധം കര്‍ഷകര്‍ ഒരുക്കിയിരിക്കുകയും വേണം. ഇത്തരം നിബന്ധനകളും ഇതിനു മുമ്പ് നടപ്പാക്കിയ വിവിധ ഏജന്‍സികളുടെ ഇന്‍ഷുറന്‍സ് പദ്ധതിയിലെ നഷ്ടപരിഹാരം പല കാരണങ്ങളാല്‍ ലഭിക്കാതെ പോയതും പദ്ധതിയെക്കുറിച്ചുള്ള ആശങ്കകളുമാണ് കര്‍ഷകരെ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് ആകര്‍ഷിക്കാത്തതെന്നാണ് സൂചന. നിലവില്‍ 22.5 ഹെക്റ്റര്‍ നെല്‍കൃഷി മാത്രമാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതാവട്ടെ പാടശേഖരസമിതി മുഖേന കൃഷിയിറക്കുന്ന കര്‍ഷകരാണ്. നെല്‍കൃഷിക്ക് നേരത്തെ ഒരു ഹെക്റ്ററിന് 100 രൂപ പ്രീമിയം അടച്ചാല്‍ നഷ്ടപരിഹാരമായി ലഭിച്ചിരുന്നത് 15000 രൂപയായിരുന്നു. പുതുക്കിയ പദ്ധതി പ്രകാരം പ്രീമിയം ഹെക്റ്ററിന് 250 രൂപയും നഷ്ടപരിഹാരം 35,000 രൂപയുമാക്കി ഉയര്‍ത്തിയിട്ടുണ്ട്. നെല്‍കൃഷിക്ക് വരള്‍ച്ച, വെള്ളപ്പൊക്കം, വന്യജീവി ആക്രമണം എന്നിവയ്ക്കു പുറമെ ജില്ലയില്‍ കീടബാധയേറ്റ് കൃഷി ഓഫിസില്‍ അറിയിച്ച് പ്രതിരോധ നടപടികള്‍ കൈക്കൊണ്ട ശേഷം നാശമുണ്ടായാലും നഷ്ടപരിഹാരം ലഭിക്കും. പാടശേഖര സമിതികള്‍ക്ക് മുഴുവന്‍ കൃഷിയിടങ്ങള്‍ ഇന്‍ഷുര്‍ ചെയ്ത ശേഷമായിരിക്കും കൃഷിഭവന്‍ മുഖേനയുള്ള ആനുകൂല്യങ്ങള്‍ നല്‍കുക. ഈ മാസാവസാനത്തോടെയാണ് നെല്‍കൃഷിയുടെ കണക്കുകള്‍ വ്യക്തമായി ലഭിക്കുക. ദീര്‍ഘകാല വിളകളായ തെങ്ങ്, കവുങ്ങ്, റബര്‍, കുരുമുളക്, കശുമാവ് തുടങ്ങിയവയ്ക്കും ഇന്‍ഷുര്‍ ഉണ്ടെങ്കിലും ആരും തന്നെ മുന്നോട്ടുവന്നിട്ടില്ല. ജില്ലയിലെ കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമാവുന്ന പദ്ധതിയാണ് വേണ്ടത്ര പ്രചാരണമില്ലാത്തിന്റെ പേരില്‍ ഉപകരിക്കാതെ പോവുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss