|    Sep 20 Thu, 2018 9:46 pm
FLASH NEWS

സര്‍ക്കാര്‍ വാക്ക് പാലിച്ചു: നഷ്ടമായ രേഖകള്‍ ലഭ്യമാക്കി അദാലത്ത്

Published : 31st August 2018 | Posted By: kasim kzm

കൊയിലാണ്ടി: പ്രളയത്തില്‍ രേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടമായവര്‍ക്കായുള്ള രണ്ടാം ഘട്ട അദാലത്ത് കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടന്നു. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ മുതല്‍ ഭൂമിയുടെ ആധാരം വരെയുള്ള രേഖകള്‍ നഷ്ടമായവര്‍ പുതിയ രേഖകള്‍ക്കായി അദാലത്തില്‍ പങ്കെടുത്തു. നടപടി സ്വീകരിച്ച് നാല് റേഷന്‍കാര്‍ഡുകളും ഒരു ഇലക്ഷന്‍ ഐഡി കാര്‍ഡും നല്‍കി.
വിദ്യഭ്യാസരേഖകള്‍ നഷ്ടമായവരുടെയും െ്രെഡവിംഗ് ലൈസന്‍സ് നഷ്ടമായവരുടെയും പരാതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി നടപടി സ്വീകരിക്കാന്‍ നല്‍കി. പുഷ്പ കുന്നത്തറ, മീനാക്ഷി തുറയൂര്‍, മീനാക്ഷി കുറുവങ്ങാട്, സിന്ധു തുറയൂര്‍ എന്നിവര്‍ക്കാണ് റേഷന്‍ കാര്‍ഡ് ഇന്നലെ തന്നെ ലഭ്യമാക്കിയത്. ദുരിതാശ്വാസ ക്യാംപില്‍ നിന്ന് വീടുകളിലേക്ക് തിരികെ ചെന്നവരെ തേടിയെത്തിയത് മുമ്പത്തേതിനേക്കാള്‍ വലിയ ദുരിതമായിരുന്നു. പ്രളയത്തിന്റെ തീവ്രത അവര്‍ തിരിച്ചറിഞ്ഞു.
മഴ പെയ്യുമ്പോള്‍ വെള്ളം കയറുന്നതുപോലെയല്ല ഇത്തവണ. കണ്ണ് അടച്ച് തുറക്കും മുമ്പ് വെള്ളം വീടും പരിസരവും വിഴുങ്ങിയിരുന്നു. വീട്ടിലെ ആവശ്യ സാധനങ്ങള്‍ പോലും എടുത്തുവയ്ക്കാന്‍ സമയം ലഭിച്ചിട്ടില്ല. കൈയില്‍ കിട്ടിയതുമായി ദുരിതാശ്വാസ ക്യാംപിലേക്ക് പോവുകയാണ് ചെയ്തത്.
പ്രധാനപ്പെട്ട രേഖകളെല്ലാം തന്നെ നഷ്ടമായിരുന്നു ജനങ്ങള്‍ക്ക്. ഇവര്‍ക്ക് ആശ്വാസമായിട്ടാണ് സര്‍ക്കാര്‍ പ്രഖ്യാപനം. രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേകം അദാലത്തുകള്‍ നടത്താനുള്ള നിര്‍ദേശം വലിയ അനുഗ്രഹമായി. പ്രളയജലം കയറി രേഖകള്‍ നഷ്ടമായവര്‍ക്ക് അവ തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി (സബ് ജഡ്ജ്) എം പി ജയരാജ്, ജില്ലാ നിയമ ഓഫീസര്‍ എം വി സന്തോഷ്, കൊയിലാണ്ടി തഹസില്‍ദാര്‍ പ്രേമന്‍, വടകര ആര്‍ഡിഒ അബ്ദുറഹ്മാന്‍, ജില്ലാ ജഡ്ജ് എം ആര്‍ അനിത, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss