|    Sep 26 Wed, 2018 1:18 pm
FLASH NEWS

സര്‍ക്കാര്‍ വക ദുരിതാശ്വാസ കിറ്റുകള്‍ കിട്ടുന്നില്ലെന്ന് ആക്ഷേപം

Published : 29th August 2018 | Posted By: kasim kzm

മലപ്പുറം: മലപ്പുറം മുനിസിപ്പാലിറ്റിയിലെ വിവിധ വാര്‍ഡുകളില്‍ സര്‍ക്കാര്‍ വക ദുരിതാശ്വാസ കിറ്റ് പൊടിക്കുപോലും കിട്ടുന്നില്ലെന്ന്് ആക്ഷേപം. നഗരസഭയില്‍ ഏഴ് ദുരിതാശ്വാസ ക്യാംപുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. ക്യാംപില്‍ വരാതെ ബന്ധു വീടുകളിലും വാടക വീടുകളിലും അഭയം തേടിയ നിരവധി കുടുംബങ്ങളുണ്ട്.
ഇവര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്നാണ് റവന്യൂ അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍, വെള്ളമിറങ്ങി വീട്ടിലെത്തിയ ഇത്തരം കുടുംബങ്ങള്‍ക്ക് ഒരു സോപ്പ് പോലും നല്‍കിയില്ല. പകുതിയോളം കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ ദുരിതാശ്വാസ കിറ്റ് ലഭിച്ചില്ല. നഗരസഭയില്‍ 1800 ഓളം വീടുകളില്‍ വെള്ളം കയറിയിരുന്നു.
399 വീടുകളില്‍ വെള്ളം കയറിയ ഇരുപതാം വാര്‍ഡ് ചെമ്മങ്കടവില്‍ 83 കിറ്റുകള്‍ മാത്രമാണ് കിട്ടിയത്. താമരക്കുഴി വാര്‍ഡില്‍ 53 ല്‍ ഒരു കുടുംബത്തിനും കണി കാണാന്‍ പോലും സര്‍ക്കാര്‍ കിറ്റ് വിതരണം ചെയ്തില്ല.
മൈലപ്പുറം, വലിയവരമ്പ്, ചീനിത്തോട്, നെച്ചിക്കുറ്റി, കാവുങ്ങല്‍, കാളമ്പാടി, ചെറാട്ടുകുഴി, വലിയങ്ങാടി, കിഴക്കേതല, മുണ്ടുപറമ്പ, കാട്ടുങ്ങല്‍, കൈനോട്, ഹാജിയാര്‍പ്പള്ളി, കോല്‍മണ്ണ, പട്ടര്‍കടവ്, വാറങ്കോട് എന്നിവിടങ്ങളിലും ഭാഗികമായാണ് കിറ്റ് വിതരണം. മലപ്പുറം നഗരസഭയും, മലപ്പുറം സര്‍വീസ് സഹകരണ ബാങ്കും വിവിധ സംഘടനകളും വിതരണം ചെയ്ത കിറ്റുകള്‍ മാത്രമാണ് അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിച്ചത്. വീടുകളില്‍ വെള്ളം കയറിയ എല്ലാ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ ദുരിതാശ്വാസ കിറ്റ് വിതരണം ചെയ്യാത്ത നടപടിയില്‍ മുസ്ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി പ്രതിഷേധിച്ചു. കിറ്റ് നല്‍കാത്ത കുടുംബങ്ങള്‍ക്ക് ഇതിന് പകരമായി അടിയന്തര ധനസഹായം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പി പി കുഞ്ഞാന്‍ അധ്യക്ഷത വഹിച്ചു. മന്നയില്‍ അബൂബക്കര്‍, മുസ്തഫ മണ്ണിശ്ശേരി, ഹാരിസ് ആമിയന്‍, ബഷീര്‍ മച്ചിങ്ങല്‍, പി കെ ബാവ, പി കെ ഹക്കീം സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss