|    Mar 23 Thu, 2017 5:50 pm
FLASH NEWS

സര്‍ക്കാര്‍ വക്കീല്‍ നിയമനം: അഞ്ച് തസ്തികകളിലേക്ക് 45 അപേക്ഷകള്‍

Published : 16th September 2016 | Posted By: SMR

കല്‍പ്പറ്റ: രാഷ്ട്രീയ വാതിലിലൂടെ വയനാട്ടില്‍ സര്‍ക്കാര്‍ അഭിഭാഷകരാന്‍ കച്ചമുറുക്കിയത് 45 പേര്‍. പബ്ലിക് പ്രോസിക്യൂട്ടറുടെയും(പി.പി) സ്‌പെഷ്യല്‍  പബ്ലിക് പ്രോസിക്യൂട്ടറുടെയും ഒന്നു വീതവും  അഡീഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ (എപി പി)  മൂന്നും തസ്തികളില്‍ മൂന്നു വര്‍ഷത്തേക്കുള്ള കരാര്‍  നിയമനത്തിനാണ് ഇത്രയും അപേക്ഷകള്‍. ഇതില്‍ നാലു പേര്‍ ക്രിമിനല്‍ കേസ് പ്രതികളാണെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പി.പി., എ.പി.പി തസ്തികകളില്‍ മന്ത്രിസഭാതീരുമാനത്തിനു വിധേയമായാണ് നിയമനം. തസ്തികകള്‍ വീതംവെച്ച ഭരണമുന്നണിയിലെ പാര്‍ട്ടികളുടെ ഹിതത്തിനൊത്തായിരിക്കും മന്ത്രിസഭാ തീരുമാനം. കല്‍പ്പറ്റയില്‍ ജില്ലാ കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടറെയും രണ്ട് അഡീഷണല്‍ സെഷന്‍സ് കോടതികളില്‍ ഒന്നു വീതം എ.പി.പിമാരെയുമാണ് നിയമിക്കേണ്ടത്.  പട്ടികജാതി-വര്‍ഗക്കാര്‍ക്കെതിരായ അതിക്രമക്കേസുകള്‍ കൈകാര്യം ചെയ്യുന്ന  മാനന്തവാടിയിലെ   കോടതിയിലേക്കാണ്  സ്‌പെഷ്യല്‍  പ്രോസിക്യൂട്ടര്‍. സുല്‍ത്താന്‍ ബത്തേരി സബ് കോടതിയിലും മാനന്തവാടി മുന്‍സിഫ് കോടതിയിലും എ.പി.പിമാരുടെ ഓരോ തസ്തികയുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമനം ലഭിച്ച പി.പി, എ,പി.പിമാരുടെ കാലാവധി കഴിഞ്ഞതാണ്. പുതിയ ആളുകള്‍ ചുമതലയേല്‍ക്കുന്നതുവരെ പദവികളില്‍ തുടരാനാണ് ഇവര്‍ക്ക് ലഭിച്ച നിര്‍ദേശം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും പി.പി., എ.പി.പി നിയമനം സംബന്ധിച്ച് സെപ്റ്റംബര്‍ അവസാനവാരത്തിലെ മന്ത്രിസഭായോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. 14 ജില്ലകളിലെയും കലക്ടര്‍മാര്‍ അപേക്ഷകരുടെ  പട്ടിക സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് സഹിതം സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്.  വയനാട്ടില്‍ പി.പി സ്ഥാനം സി.പി.ഐ നോമിനിക്ക് നല്‍കാന്‍ ഇടതുമുന്നണിയില്‍ ധാരണയായതായാണ് വിവരം.  കല്‍പ്പറ്റയിലെ എ.പി.പി പദവികളില്‍ ഒന്നും സി.പി.ഐക്കായിരിക്കുമെന്നാണ് സൂചന.  കലക്ടര്‍ സമര്‍പ്പിച്ച  പട്ടികയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നിഴലിലും അല്ലാതെയും പ്രവര്‍ത്തിക്കുന്ന അഭിഭാഷക സംഘടനകളില്‍പ്പെട്ടവരുടെ പേരുണ്ട്. ഇവരില്‍  സി.പി.എം ചായ്‌വുള്ള  ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂനിയന്‍, സി.പി.ഐക്ക് ഒപ്പമുള്ള ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കാണ്  കൂടുതല്‍ നിയമന സാധ്യത. ജില്ലിയിലെ സി.പി.എം, സി.പി.ഐ ജില്ലാ കമ്മിറ്റികള്‍ പി.പി., എ.പി.പി സ്ഥാനങ്ങളിലേക്ക് പരിഗണിക്കേണ്ടവുടെ പേരുകള്‍ സംസ്ഥാന കമ്മിറ്റികള്‍ക്ക് നേരത്തേ സമര്‍പ്പിച്ചതാണ്. എങ്കിലും രണ്ട് പാര്‍ട്ടികളുടെയും സംസ്ഥാന നേതൃത്വം അന്തിമതീരുമാനത്തിലെത്തിയിട്ടില്ല.
ഇടതുമുന്നണിക്കൊപ്പമുള്ള കേരള കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അഭിഭാഷകരില്‍ ചിലരും പി.പി പദവിയില്‍ നോട്ടമിട്ടിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക്  പി.പി., എ.പി.പി നിയമനത്തിനുള്ള  പട്ടിക  ജില്ലാ ജഡ്ജുമായി ആലോചിച്ചാണ് കലക്ടര്‍ തയാറാക്കുന്നത്.
ഇതിനു മുന്നോടിയായി താത്പര്യവും യോഗ്യതയുമുള്ള  അഭിഭാഷകരുടെ പേരുകള്‍ കലക്ടര്‍ ബാര്‍ അസോസിയേഷന്‍  മുഖേന ശേഖരിക്കും. പിന്നീടാണ് നിയമനത്തിനു  അപേക്ഷ ക്ഷണിക്കുന്നത്. ബാര്‍ അസോസിയേഷന്റെ കത്ത് സഹിതമായിരിക്കണം അപേക്ഷയെന്ന് വ്യവസ്ഥയുണ്ട്.

(Visited 39 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക