|    Jun 23 Sat, 2018 7:51 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സര്‍ക്കാര്‍ വകുപ്പുകളിലെ കരാര്‍  ജീവനക്കാര്‍ക്ക് ശമ്പള സ്‌കെയില്‍

Published : 19th February 2016 | Posted By: SMR

തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ദിവസവേതനത്തിന് പകരം ശമ്പള സ്‌കെയില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സ്ഥിര ജീവനക്കാരുടേതിന് തുല്യമായ തസ്തികകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് അതേ തസ്തികയിലെ സ്‌കെയില്‍ നല്‍കും. ഇതിന് പുറമെ എല്ലാ വര്‍ഷവും വിലസൂചികയുടെ അടിസ്ഥാനത്തില്‍ വര്‍ധനവും നല്‍കും. ഇതിനായി ഏകദേശം 135 കോടിയുടെ ചെലവ് പ്രതീക്ഷിക്കുന്നു.
10 വര്‍ഷം ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് അവരുടെ പ്രവര്‍ത്തനക്ഷമതയുടെ അടിസ്ഥാനത്തില്‍ മൂന്നു വര്‍ഷം വരെ കരാറടിസ്ഥാനത്തില്‍ പുനര്‍നിയമനം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റു കര്‍ഷകര്‍ക്ക് ലഭിക്കുന്ന വായ്പകളും വൈദ്യുതി സൗജന്യവും നികുതി ഇളവുകളും ലഭ്യമാക്കുന്നതിന് കോഴി വളര്‍ത്തലും കന്നുകാലി വളര്‍ത്തലും കൃഷിയായി അംഗീകരിക്കും. സംസ്ഥാനത്തുടനീളം ഹരിതമൈത്രി കാര്‍ഷിക വിപണികള്‍ ആരംഭിക്കും. മംഗലാപുരം, കോയമ്പത്തൂര്‍ ആശുപത്രികളില്‍ ചികില്‍സ തേടുന്ന രോഗികള്‍ക്ക് കൂടി കാരുണ്യ ബനവലന്റ് സ്‌കീമില്‍ ആനുകൂല്യം അനുവദിക്കും. അവയവദാനത്തിന് തയ്യാറാവുന്നവരുടെ ഭാരിച്ച ആശുപത്രി ചെലവുകളുടെ ഒരുഭാഗം സര്‍ക്കാര്‍ വഹിക്കും. ഇതിനായി ഒരുകോടി രൂപ വകയിരുത്തി.
സെറിബ്രല്‍ പാഴ്‌സി, ഓട്ടിസം, മാനസിക വളര്‍ച്ചയില്ലായ്മ തുടങ്ങിയ രോഗങ്ങളില്‍ 80 ശതമാനത്തിലധികം വൈകല്യമുള്ള വ്യക്തികളുടെ ഭവനങ്ങളെ തദ്ദേശ സ്ഥാപനങ്ങള്‍ ഈടാക്കുന്ന വീട്ടുകരത്തില്‍ നിന്നും ഒഴിവാക്കും. ഇതിനായുള്ള ചെലവിന്റെ പകുതി സര്‍ക്കാരും പകുതി തദ്ദേശ സ്ഥാപനങ്ങളും വഹിക്കും. പദ്ധതി ഏകോപിപ്പിക്കുന്നതിന് എല്ലാ പഞ്ചായത്തിലും ഓരോ ഭിന്നശേഷിക്കാരെ കോ-ഓഡിനേറ്റര്‍മാരായി നിയമിക്കും. ഹോം ഗാര്‍ഡുമാരുടെ ദിവസ അലവന്‍സ് 500 രൂപയില്‍ നിന്ന് 600 രൂപയായി വര്‍ധിപ്പിക്കും.
അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും പ്രതിമാസ വേതനം യഥാക്രമം 10,000 രൂപ, 7,000 രൂപ എന്നീ ക്രമത്തില്‍ ഉയര്‍ത്തും. നിലവില്‍ കേന്ദ്രവിഹിതം ഉള്‍പ്പെടെ യഥാക്രമം 6,600, 5,100 രൂപ ക്രമത്തിലാണ് നല്‍കുന്നത്. ഈയിനത്തിലുണ്ടാവുന്ന അധികചെലവ് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ നിന്നു ചെലവഴിക്കാന്‍ അനുമതി നല്‍കും.
സ്‌കൂളുകളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്ന ആയമാരുടെ പ്രതിദിന വേതനം 400 മുതല്‍ 500 രൂപവരെ ഉയര്‍ത്തും. സാക്ഷരതാ പ്രേരക്മാരുടെ ഓണറേറിയം നിലവിലെ നിരക്കില്‍നിന്നും അധികമായി 1,000 രൂപ വര്‍ധിപ്പിക്കും. വിഴിഞ്ഞം പുനരധിവാസ പദ്ധതിക്കാവശ്യമായ തുക മുഖ്യ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ക്കായി നീക്കിവച്ച 2536.07 കോടി രൂപയില്‍നിന്ന് വിനിയോഗിക്കും. ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ സ്‌കാറ്റേഡ് തൊഴിലാളി പെന്‍ഷനായി ഒരുകോടി രൂപ വകയിരുത്തി. മലപ്പുറം കാന്‍സര്‍ റിസര്‍ച്ച് സെന്ററിന് 10 കോടി രൂപയും വകയിരുത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss