|    Jul 22 Sun, 2018 1:10 am
FLASH NEWS
Home   >  Todays Paper  >  page 12  >  

സര്‍ക്കാര്‍ വകുപ്പാക്കി മാറ്റിയാലോ?

Published : 8th August 2017 | Posted By: fsq

 

എച്ച് സുധീര്‍

ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് അവതരിപ്പിച്ച കഴിഞ്ഞ ബജറ്റില്‍ കെഎസ്ആര്‍ടിസിയെ കരകയറ്റാന്‍ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. 2017-18 കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണ വര്‍ഷമായിരിക്കുമെന്നായിരുന്നു പ്രഖ്യാപനം. ചില പരിഷ്‌കാരങ്ങള്‍ വന്നുവെന്നല്ലാതെ ബജറ്റില്‍ പറഞ്ഞതുപോലെ വലിയ മുന്നേറ്റങ്ങളൊന്നും ഇതുവരെ പ്രകടമായിട്ടില്ല. മൂന്നുവര്‍ഷംകൊണ്ട് കെഎസ്ആര്‍ടിസിയെ വരവ്-ചെലവ് സന്തുലിതമാവുന്ന അവസ്ഥയിലേക്ക് കൊണ്ടുവരുകയാണത്രേ ലക്ഷ്യം. യൂനിയനുകളുമായി വിശദമായ ചര്‍ച്ച നടത്തി ഒരു സമഗ്ര പുനരുദ്ധാരണ പാക്കേജിന് രൂപം നല്‍കുമെന്നും ധനമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍, യൂനിയനുകളുടെ വിശ്വാസ്യത നേടിയെടുത്ത് ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു കാര്യമായി നടന്നിട്ടില്ല. കെഎസ്ആര്‍ടിസിയുടെ മാനേജ്‌മെന്റ് സമൂലമായി അഴിച്ചുപണിത് പ്രഫഷനല്‍ വിദഗ്ധരെ നിയമിക്കുമെന്ന പ്രഖ്യാപനത്തിലും തുടര്‍നടപടിയുണ്ടായില്ല. അടുത്ത മൂന്നുവര്‍ഷംകൊണ്ട് മൊത്തം 3,000 കോടി രൂപ പാക്കേജിന്റെ ഭാഗമായി കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ ലഭ്യമാക്കുമെന്നും ധനമന്ത്രി ഉറപ്പുനല്‍കിയിരുന്നു. 2018 ജനുവരി ഒന്നാംതിയ്യതി മുതല്‍ തന്നെ പെന്‍ഷനും ശമ്പളവും വിതരണം ചെയ്യുമെന്ന മന്ത്രി തോമസ് ചാണ്ടിയുടെ ഉറപ്പും നിലനില്‍ക്കുന്നുണ്ട്. 2017-18ല്‍ കെഎസ്ആര്‍ടിസി പ്രവര്‍ത്തനലാഭത്തിലാവണമെന്ന ബജറ്റ് നിര്‍ദേശത്തിന് ഇനി ഏതാനും മാസങ്ങളുടെ ആയുസ്സ് മാത്രമാണുള്ളത്. അതേസമയം, സുശീല്‍ ഖന്ന റിപോര്‍ട്ടിന്റെ മറപിടിച്ച് പരിഷ്‌കാരങ്ങള്‍ നടത്തുമ്പോഴും നിയമനങ്ങളുടെ കാര്യത്തില്‍ മെല്ലെപ്പോക്ക് തുടരുന്നതിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്. നിയമനങ്ങളുടെ കാര്യത്തില്‍ ഉറപ്പുനല്‍കാ ന്‍ കോര്‍പറേഷനു കഴിയുന്നില്ല. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കണ്ടക്ടര്‍ തസ്തികയിലേക്ക് അഡൈ്വസ് മെമ്മോ കിട്ടിയ 4,051 പേരാണ് നിയമനം കാത്തിരിക്കുന്നത്. അഡൈ്വസ് മെമ്മോ നല്‍കി മൂന്നുമാസം കഴിഞ്ഞാല്‍ നിയമനം നല്‍കണമെന്നാണു വ്യവസ്ഥ. എന്നാല്‍, ഒഴിവില്ലെന്ന കാരണം ചൂണ്ടിക്കാട്ടി നിയമനം അനിശ്ചിതമായി നീട്ടുകയാണെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. ഇതുസംബന്ധിച്ച് പരാതി ഉയര്‍ന്നതോടെ മൂന്നുതവണ കോര്‍പറേഷന് കത്തയച്ചതായി പിഎസ്‌സിയും വ്യക്തമാക്കുന്നു. 2010ലാണ് കണ്ടക്ടര്‍ തസ്തികയിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചത്. 2013ല്‍ റാങ്ക് പട്ടിക തയ്യാറാക്കി 9,300 പേര്‍ക്ക് അഡൈ്വസ് മെമ്മോ അയച്ചു. ഇവരില്‍ 5,249 പേര്‍ ജോലിയില്‍ പ്രവേശിച്ചു. 4,051 പേര്‍ ഹാജരായില്ലെന്നു കാട്ടി പിഎസ്‌സിക്ക് കെഎസ്ആര്‍ടിസി റിപോര്‍ട്ട് നല്‍കി. 2016 ഡിസംബറില്‍ ഈ ഒഴിവിലേക്ക് റാങ്ക് പട്ടികയില്‍ ബാക്കിയുള്ളവര്‍ക്ക് പിഎസ്‌സി അയച്ച അഡൈ്വസ് മെമ്മോയാണ് നീണ്ടുപോവുന്നത്. നിയമനശുപാര്‍ശ വന്നശേഷവും വിവിധ ഘട്ടങ്ങളിലായി നിരവധി താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതോടെ നിയമനടപടികളിലേക്കു നീങ്ങുകയാണ് ഉദ്യോഗാര്‍ഥികള്‍. ഒരു ബസ്സിന് 8.4 ജീവനക്കാര്‍ എന്നതാണ് ഇപ്പോഴത്തെ അനുപാതം. കെഎസ്ആര്‍ടിസി നഷ്ടത്തില്‍ നിന്ന് കരകയറണമെങ്കില്‍ നിലവിലെ അനുപാതം ദേശീയ ശരാശരിയായ 5.5 ആക്കി കുറയ്ക്കണമെന്നാണ് സുശീല്‍ ഖന്ന റിപോര്‍ട്ടിലുള്ളത്. ജീവനക്കാരുടെ അനുപാതം കുറയുന്നതുവരെ പുതിയ നിയമനങ്ങളുണ്ടാവില്ലെന്നാണ് കോര്‍പറേഷന്റെ വിശദീകരണം. അതിനിടെ, 2,800 ഒഴിവുകള്‍ കൂടി കെഎസ്ആര്‍ടിസി ഈ വര്‍ഷം പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു സ്ഥാപനമെന്ന നിലയില്‍ കെഎസ്ആര്‍ടിസിയുടെ ചാലകശക്തി അതിന്റെ തൊഴില്‍മേഖലയാണ്. എന്നാല്‍, ഓപറേറ്റിങ് വിഭാഗത്തിലും മെക്കാനിക്കല്‍ വിഭാഗത്തിലുമായി പണിയെടുക്കുന്ന തൊഴിലാളികള്‍ പലപ്പോഴും കടുത്ത അവകാശലംഘനവും അവഗണനയും പീഡനവും നേരിടേണ്ടിവരുന്നു. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്നവരാണ് കെഎസ്ആര്‍ടിസി തൊഴിലാളികള്‍. പ്രതിസന്ധികളുടെ പേരുപറഞ്ഞ്് ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ച് ജീവനക്കാരുടെ എണ്ണത്തില്‍ കുറവുവരുത്തുന്ന മാനേജ്‌മെന്റും സര്‍ക്കാരും തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണ്. ഇതുകൂടാതെ, പര്‍ച്ചേസിലും ഇടപാടുകളിലും നടത്തുന്ന ഭീമമായ അഴിമതികളും ക്രമക്കേടുകളും പിഴുതെറിയണം. സ്വകാര്യ ബസ് ലോബികള്‍ക്കായി നടത്തുന്ന ഏജന്‍സിപ്പണിയും കെഎസ്ആര്‍ടിസിയുടെ അടിവേര് ഇളക്കുകയാണ്. സ്വകാര്യ ബസ് ലോബികളുടെ സ്വാധീനത്തിനു വഴങ്ങി മികച്ച വരുമാനമുള്ള അന്തര്‍സംസ്ഥാന സര്‍വീസുകള്‍പോലും ഇല്ലാതാക്കുന്ന ഉദ്യോഗസ്ഥ-രാ്രഷ്ടീയ ഇടപെടലുകള്‍ക്ക് അന്ത്യംകുറിക്കണം. പുതിയ ബസ്സുകള്‍ വാങ്ങി ഷെഡ്യൂളുകള്‍ വര്‍ധിപ്പിച്ചും ദേശസാല്‍കൃത റൂട്ടുകള്‍ സംരക്ഷിച്ചും അന്തര്‍സംസ്ഥാന സര്‍വീസുകളില്‍ ആധുനിക ബസ്സുകള്‍ ഓടിച്ചും കോര്‍പറേഷനെ കരകയറ്റുകയാണു വേണ്ടത്. കെഎസ്ആര്‍ടിസി പോലുള്ള പൊതുജനസര്‍വീസ് മേഖലയില്‍ അവശ്യം വേണ്ട മൂലധനനിക്ഷേപം പോലും സര്‍ക്കാര്‍ നടത്തുന്നില്ല. കോര്‍പറേഷന്റെ സാമ്പത്തികസഹായത്തിനായി രൂപംകൊടുത്ത കെടിഡിഎഫ്‌സി യഥാര്‍ഥത്തില്‍ കെഎസ്ആര്‍ടിസിയെ കൊള്ളയടിക്കുകയാണ്. ഈ ധനകാര്യസ്ഥാപനത്തിന് കെഎസ്ആര്‍ടിസി നല്‍കാനുള്ള കടം 1,696 കോടിയാണ്. കടത്തിന്റെ പലിശയിനത്തില്‍ മാത്രം പ്രതിമാസം 20 കോടിയിലേറെ രൂപ കെടിഡിഎഫ്‌സി പിഴിഞ്ഞെടുക്കുന്നു. ഏറ്റവും വരുമാനമുള്ള 35 ഡിപ്പോകളിലെ ദൈനംദിന വരുമാനം കടം വീട്ടുന്നതിനായി മാത്രം നീക്കിവച്ചിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും കെഎസ്ആര്‍ടിസി മാനേജ്‌മെന്റും വച്ചുപുലര്‍ത്തുന്ന ജനവിരുദ്ധവും പ്രതിലോമകരവുമായ സമീപനമാണ് കെഎസ്ആര്‍ടിസിയെ ഈ അവസ്ഥയിലെത്തിച്ചത്. കോര്‍പറേഷന്റെ കടബാധ്യതയും പെന്‍ഷന്‍ ബാധ്യതയും ഡീസലിന്റെ അധികബാധ്യതയും സൗജന്യയാത്രാ ബാധ്യതയും സര്‍ക്കാര്‍ ഏറ്റെടുത്താല്‍ കെഎസ്ആര്‍ടിസി രക്ഷപ്പെടുമോയെന്നു ചോദിക്കുന്നവരുണ്ട്. അതല്ല, ഈ ബാധ്യതകള്‍ക്കു പകരം കെഎസ്ആര്‍ടിസി ഏറ്റെടുത്ത് സര്‍ക്കാര്‍ വകുപ്പാക്കണമെന്ന ആവശ്യത്തിനും പ്രസക്തിയുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മൂലധന നിക്ഷേപത്തിലൂടെ കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ വകുപ്പാക്കി മാറ്റി പൊതുജന സര്‍വീസായി നിലനിര്‍ത്തിയാല്‍ പ്രതിസന്ധിക്ക് പരിഹാരമുണ്ടായേക്കും.                  (അവസാനിച്ചു)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss