|    Nov 14 Wed, 2018 3:41 am
FLASH NEWS
Home   >  News now   >  

സര്‍ക്കാര്‍ രൂപീകരണ ശ്രമവുമായി തെരേസാ മെ

Published : 10th June 2017 | Posted By: G.A.G

ലണ്ടന്‍: ബ്രിട്ടനില്‍ ചെറുകക്ഷികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമവുമായി നിലവിലെ പ്രധാനമന്ത്രി തെരേസാ മെയ്. ബ്രിട്ടിഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി തെരേസാ മെയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കേവല ഭൂരിപക്ഷം നേടാതെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. പാര്‍ലമെന്റിന്റെ 650 അംഗ അധോസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ 318 സീറ്റാണ് കണ്‍സര്‍വേറ്റീവുകള്‍ക്ക് നേടാനായത്.
വടക്കന്‍ അയര്‍ലന്‍ഡിലെ ഡെമോക്രാറ്റിക് യൂനിയന്‍ പാര്‍ട്ടിയുടെ (ഡിയുപി) പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ശ്രമമെന്ന് തെരേസാ മെയ് അറിയിച്ചു. എലിസബത്ത് രാജ്ഞിയോട് സര്‍ക്കാര്‍ രൂപീകരണത്തിന് അനുമതി തേടിയിട്ടുണ്ട്. സുസ്ഥിരമായ ഭരണവും യൂറോപ്യന്‍ യൂനിയനില്‍ നിന്നുള്ള ബ്രിട്ടന്റെ എളുപ്പത്തിലുള്ള പുറത്തുപോക്കും ഉറപ്പാക്കുമെന്ന് രാജ്ഞിയുമായി നടത്തിയ ചര്‍ച്ചയില്‍ മെയ് വ്യക്തമാക്കി. അതേസമയം, തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ മെയ് നേതൃസ്ഥാനം ഒഴിയണമെന്ന് കണ്‍സര്‍വേറ്റീവുകളില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടു.
കണ്‍സര്‍വേറ്റീവുകള്‍ ഭൂരിപക്ഷം നേടി വിജയിക്കുമെന്നായിരുന്നു നേരത്തേ അഭിപ്രായ സര്‍വേഫലങ്ങള്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ പാര്‍ലമെന്റിന്റെ 650 അംഗ അധോസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തിനായി വേണ്ട 326 സീറ്റ് തികയ്ക്കാന്‍ ടോറികള്‍ക്കായില്ല. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13 സീറ്റ് ഇത്തവണ പാര്‍ട്ടിക്ക് കുറഞ്ഞിട്ടുണ്ട്. 10 സീറ്റിലാണ് ഡിയുപി വിജയിച്ചത്. ഡിയുപിയുെട പിന്തുണയുണ്ടെങ്കില്‍ 328 സീറ്റോടെ സര്‍ക്കാര്‍ രൂപീകരണത്തിന് അനുമതി തേടാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് സാധിക്കും.
പ്രധാന പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി 261 സീറ്റില്‍ വിജയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 35 സീറ്റാണ് ഇത്തവണ ലേബര്‍ പാര്‍ട്ടി അധികമായി നേടിയത്. പ്രതിപക്ഷനേതാവ് ജെറമി കോര്‍ബിനെയാണ് ലേബര്‍ പാര്‍ട്ടി പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയത്. സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടി (എസ്എന്‍പി) 35 സീറ്റിലും ലിബറല്‍ ഡെമോക്രാറ്റുകള്‍ പന്ത്രണ്ടിടത്തും ഗ്രീന്‍ പാര്‍ട്ടി ഒരിടത്തും 12 സീറ്റില്‍ മറ്റു ചെറുകക്ഷികളും വിജയിച്ചു. കടുത്ത ദേശീയവാദ നിലപാടുകളുമായി രംഗത്തെത്തിയ യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിക്ക് (യുകെഐപി) ഒരു സീറ്റിലും വിജയിക്കാനായില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യുകെഐപിക്ക് ലഭിച്ച വോട്ടില്‍ 10 ശതമാനം കുറവുണ്ടായിട്ടുണ്ട്. പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി നേതൃസ്ഥാനം രാജിവയ്ക്കുന്നതായി യുകെഐപി നേതാവ് പോള്‍ നട്ടാല്‍ അറിയിച്ചു. പോള്‍ ചെയ്ത ആകെ വോട്ടിന്റെ 42.45 ശതമാനം കണ്‍സര്‍വേറ്റീവുകളും 39.99 ശതമാനം ലേബര്‍ പാര്‍ട്ടിയും നേടി. മുന്‍ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 5.52ഉം ലേബര്‍ പാര്‍ട്ടി 9.54 ശതമാനവും വോട്ട് അധികമായി നേടി.
തിരഞ്ഞെടുപ്പുഫലം യൂറോപ്യന്‍ യൂനിയനില്‍നിന്നുള്ള ബ്രിട്ടന്റെ പുറത്തുപോക്കുമായി ബന്ധപ്പെട്ട ചര്‍ച്ചകളെ ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ബ്രെക്‌സിറ്റിനായി ദുര്‍ബലമായ പങ്കാളിയാണ് തങ്ങള്‍ക്കായി ചര്‍ച്ചയ്‌ക്കെത്തുന്നതെങ്കില്‍ ഇരുപക്ഷത്തിനും നഷ്ടമാണെന്നാണ് ഇയു ബജറ്റ് കമ്മീഷണര്‍ ഗ്വെന്‍തെര്‍ വെറ്റിംഗര്‍ ബ്രിട്ടിഷ് തിരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് പ്രതികരിച്ചത്. കഴിഞ്ഞവര്‍ഷം ജൂണിലെ ബ്രെക്‌സിറ്റ് ഹിതപരിശോധനാ ഫലം പുറത്തുവന്നശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss