|    Jun 25 Sun, 2017 3:58 pm
FLASH NEWS

സര്‍ക്കാര്‍ ഭൂമി സഭ കൈയേറിയ സംഭവം; എന്‍ എം മാത്യുവിന് വീണ്ടും നോട്ടീസ്

Published : 7th November 2016 | Posted By: SMR

ഇരിട്ടി: താലൂക്ക് ഓഫിസ് നിര്‍മാണത്തിനും മറ്റ് പൊതു ആവശ്യങ്ങള്‍ക്കും ദാനമായി നല്‍കിയ ഭൂമി സഭ കൈയേറിയെന്ന പരാതിയില്‍ ഭൂമി ദാനംചെയ്ത എന്‍ എം മാത്യുവിനോട് വിശദീകരണം തേടുന്നതിനായി  ഇരിട്ടി താലൂക്ക് അധികൃതര്‍ വീണ്ടും നോട്ടീസ് അയച്ചു.
കഴിഞ്ഞമാസം 19ന് ഹാജരാവാന്‍ വേണ്ടിയായിരുന്നു ആദ്യം കൊടുത്ത നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ ദിവസമെത്താന്‍ ഇദ്ദേഹം അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് നവംമ്പര്‍ 29ന് വീണ്ടും ഹാജരാവാന്‍ നോട്ടീസ് അയച്ചത്. ഹാജരായില്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കി. കോളിക്കടവ് സ്വദേശി കൊറുമ്പാലി നാണു എന്നയാള്‍ ആണ് സര്‍ക്കാര്‍ഭൂമി കൈയേറിയതായി താലൂക്ക് അധികൃതര്‍ക്ക് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് സര്‍വേയര്‍ സ്ഥലമളക്കുകയും പരാതിയില്‍ കഴമ്പുണ്ടെന്ന് റിപോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.
1987 ജൂലൈ 16ന് നീരാക്കല്‍ മാത്യു എന്നയാള്‍ ഇരിട്ടി തന്തോടിലെ മിഷനറി സിസ്‌റ്റേഴ്‌സ് ഓഫ് മേരി ഹെല്‍പ് ഓഫ് ക്രിസ്ത്യന്‍സ് എന്ന സഭയ്ക്ക് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്ഥാപിക്കുന്നതിന് മൂന്നേക്കര്‍ 10 സെന്റ് സ്ഥലവും കുടിവെള്ള സൗകര്യം ഉണ്ടാക്കുന്നതിന് രണ്ടര സെന്റ് സ്ഥലവും ദാനമായി നല്‍കി. ഈ ഭൂമിയുടെ തൊട്ടുകിഴക്ക് സര്‍ക്കാരിലേക്ക് താലൂക്ക് ഓഫിസ് നിര്‍മിക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് വകയിരുത്തിയ സ്ഥലമുള്ളതായും രേഖയില്‍ പറയുന്നു. എന്നാല്‍ എത്ര സെന്റ് ഭൂമിയാണ് താലൂക്ക് ഓഫിസ് നിര്‍മിക്കുന്നതിന് നീക്കിവച്ചതെന്ന് പറയുന്നില്ല.
എന്നാല്‍ 2015ല്‍ കെട്ടിടനിര്‍മാണ ആവശ്യത്തിനായി പായം പഞ്ചായത്തിലേക്ക് മദര്‍ സുപ്പീരിയര്‍ നല്‍കിയ പ്ലാനില്‍ മൂന്നേക്കര്‍ 65 സെന്റ് കൈവശമുണ്ടെന്ന് കാണിച്ചിട്ടുണ്ടെന്നും എന്നാ ല്‍ പായം വില്ലേജ് ഓഫിസര്‍ നല്‍കിയ കൈവശ സര്‍ട്ടിഫിക്കറ്റ് പ്രകാരം മൂന്നേക്കര്‍ 12.5 സെന്റിന് മാത്രമേ അവകാശമുള്ളൂവെന്നും ബാക്കി 52.2 സെന്റ് ഭൂമി പൊതു ആവശ്യത്തിന് നീക്കിവച്ചതാണെന്നും ഈ ഭൂമി സഭ കൈയേറിയതാണെന്നാണ് നാണു ആരോപിക്കുന്നത്. പരാതിയില്‍ കഴമ്പുണ്ടെന്ന് താലൂക്ക് സര്‍വേയര്‍ തഹസില്‍ദാര്‍ക്ക് ന ല്‍കിയ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സ്വന്തമായി കെട്ടിടമില്ലാത്തതിനാല്‍ വാടക കെട്ടിടത്തിലാണ് ഇരിട്ടി താലൂക്ക് ഓഫിസ് പ്രവര്‍ത്തിക്കുന്നത്.  ഈ സാഹചര്യത്തില്‍ സഭ കൈയേറിയ ഭൂമി ഉടന്‍ തിരിച്ചുപിടിക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക