സര്‍ക്കാര്‍ ഭൂമിയിലൂടെ സ്വകാര്യ റിസോര്‍ട്ടിലേക്ക് അനധികൃത റോഡ്; റവന്യൂ വകുപ്പിനെ വെള്ളപൂശി ആര്‍ഡിഒയുടെ റിപോര്‍ട്ട്
Published : 2nd July 2016 | Posted By: SMR
സി എ സജീവന്
തൊടുപുഴ: ചിന്നക്കനാലില്‍ കൈയേറ്റക്കാരില്‍ നിന്നു സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയിലൂടെ സ്വകാര്യ റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചതു സംബന്ധിച്ച ആര്‍ഡിഒ റിപോര്‍ട്ടില്‍ പഞ്ചായത്തധികൃതര്‍ക്ക് രൂക്ഷ വിമര്‍ശനം. റവന്യൂ വകുപ്പിന്റെ വീഴ്ചകളെ മറച്ചുവയ്ക്കുന്നതാണ് റിപോര്‍ട്ട്. തേജസ് വാര്‍ത്തയെ തുടര്‍ന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് റിപോര്‍ട്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ദേവികുളം ആര്‍ഡിഒ സബിന്‍ സമീദ് റിപോര്‍ട്ട് നല്‍കിയത്.
സര്‍ക്കാര്‍ ഭൂമിയിലൂടെ റിസോര്‍ട്ടിലേക്കു നിര്‍മിച്ച റോഡ് പഞ്ചായത്ത് ആസ്തി രജിസ്റ്ററിലുള്ളതാണെന്ന് അവര്‍ അറിയിച്ചതായി റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണത്തിനു കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും അതിനു സമയമെടുക്കുമെന്നും ആര്‍ഡിഒ പറയുന്നു. എന്നാല്‍, സര്‍ക്കാര്‍ ഭൂമി എങ്ങനെ പഞ്ചായത്ത് ഭൂമിയായെന്നതിനെക്കുറിച്ച് പരാമര്‍ശമില്ല.
അനധികൃത റോഡിന്റെ ചിത്രം സഹിതം തേജസ് ജൂണ്‍ 10ന് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ ഇടപെടല്‍. ഇതിനിടെ കഴിഞ്ഞ ദിവസം ആര്‍ഡിഒയെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തു.
ക്രൈംബ്രാഞ്ച്- വിജിലന്‍സ് അന്വേഷണങ്ങള്‍ നടക്കുന്ന വില്ലേജ് ഓഫിസറുടെ അധീനതയിലുള്ള ഭൂമിയാണ് ഇത്. ഇതിലൂടെ റോഡ് വെട്ടുന്നതിന് നിയമമില്ല. ഈ ഭൂമി പഞ്ചായത്തിന്റേതാണെന്നു തെളിയിക്കുന്ന രേഖകളൊന്നുമില്ല. മാത്രമല്ല ഭൂമി ആരെങ്കിലും പഞ്ചായത്തിന് വിട്ടുകൊടുത്തതായോ രേഖയില്ല. ഇക്കാര്യങ്ങളൊക്കെ വിശദീകരിച്ചാണ് താലൂക്ക് ഓഫിസിലെ ബന്ധപ്പെട്ട സെക്ഷനില്‍ നിന്നും ആര്‍ഡിഒയ്ക്ക് റിപോര്‍ട്ട് നല്‍കിയത്. എന്നാല്‍, ഇതൊന്നും ആര്‍ഡിഒ സര്‍ക്കാരിനെ അറിയിച്ചിട്ടില്ല.
റോഡ് വെട്ടുന്നതു തടയുന്നതില്‍ ജില്ലാ ഭരണകൂടം വന്‍ വീഴ്ച വരുത്തിയിരുന്നു. ഇതും ആര്‍ഡിഒ റിപോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, ഈ ഭൂമിയിലെ റോഡ് നിര്‍മാണം സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് നല്കിയ റിപോര്ട്ടിന്മേല് യഥാസമയം നടപടിയുണ്ടായില്ലെന്നും വിവരം ലഭിച്ചു. രണ്ടുതവണ അനധികൃത റോഡ് നിര്മാണത്തെക്കുറിച്ചറിയിച്ചിട്ടും ജില്ലാ ഭരണകൂടം ഇടപെട്ടില്ല. ഏപ്രില്‍ 21നാണ് ഇതു സംബന്ധിച്ച ആദ്യ കത്ത് ഉടുമ്പഞ്ചോല അഡീഷനല്‍ തഹസീല്‍ദാര്‍ ജില്ലാ കലക്ടര്ക്കയച്ചത്. എന്നാല്‍, ഈ കത്തിന്മേല് നടപടിയുണ്ടായില്ല. തുടര്‍ന്നു മെയ് രണ്ടിനും ഇക്കാര്യം ഓര്‍മിപ്പിച്ച് ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു.
സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനെത്തിയ മൂന്നാര്‍ ദൗത്യ സംഘം 2010ല്‍ ആദ്യം ഏറ്റെടുത്ത ചിന്നക്കനാലിലെ ക്ലൗഡ് നയന്‍ റിസോര്‍ട്ട് വക ഭൂമിയിലൂടെയാണ് തൊട്ടടുത്ത സ്വകാര്യ റിസോര്‍ട്ട് ഭൂമിയിലേക്ക് റോഡ് നിര്‍മിച്ചത്. പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ ഭൂമിയാണ് ഇത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.