|    Mar 30 Thu, 2017 10:14 am
FLASH NEWS

സര്‍ക്കാര്‍ ബാര്‍ മുതലാളിമാരുടെ ബ്രാന്‍ഡ് അംബാസഡറാവുന്നു: ബിന്ദു കൃഷ്ണ

Published : 20th August 2016 | Posted By: SMR

തിരുവനന്തപുരം: ബാര്‍ മുതലാളിമാരുടെ ബ്രാന്‍ഡ് അംബാസഡറായി സംസ്ഥാന സര്‍ക്കാര്‍ മാറുന്നുവെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ. കേരളത്തെ മദ്യപന്‍മാരുടെ പറുദീസയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ബിന്ദു കൃഷ്ണ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഈ ജനേദ്രാഹനയത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണം. എല്ലാം ശരിയാക്കുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്നും ശരിയാക്കിയില്ല. യുഡിഎഫ് സര്‍ക്കാര്‍ ചെയ്ത ജനോപകാരപദ്ധതികള്‍ അട്ടിമറിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. വിലവര്‍ധനയില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ കേരളത്തിലെ വീട്ടമ്മമാരുടെ നേതൃത്വത്തില്‍ മഹിളാ കോണ്‍ഗ്രസ് ശക്തമായ സമരവുമായി മുന്നോട്ടുപോവും. ലാഭകരമല്ലെന്ന കാരണം പറഞ്ഞ് 750 നന്മ സ്‌റ്റോറുകള്‍ സര്‍ക്കാര്‍ പൂട്ടുന്നു. നന്മ സ്‌റ്റോറുകളില്‍ കൂടുതലായി സ്ത്രീകളാണ് ജോലിചെയ്യുന്നത്. ഇത്രയും സ്ത്രീകളുടെ ജോലി നഷ്ടപ്പെടുത്തുന്ന തീരുമാനം സ്വകാര്യ കച്ചവടക്കാരെ സംരക്ഷിക്കാനാണ്. ഇത്തരം കാര്യങ്ങളില്‍ മനുഷ്യത്വപരമായ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.
ശബരിമലയിലെ സ്ത്രീപ്രവേശനവിഷയത്തില്‍ ഇരട്ടത്താപ്പ് നയമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സര്‍ക്കാരിന്റേത് സ്ത്രീവിരുദ്ധ നിലപാടാണ്. ഈ വിഷയത്തില്‍ പ്രഖ്യാപിത നയത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുകയാണ്. സ്ത്രീസുരക്ഷയുടെ പ്രാധാന്യം പറയാന്‍ ശ്രമിച്ച ഋഷിരാജ് സിങിനെ പരിഹസിച്ച മന്ത്രി ഇ പി ജയരാജന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. അദ്ദേഹത്തിന്റ വാക്കുകളില്‍ സ്ത്രീവിരുദ്ധതയാണുള്ളതെന്നും അവര്‍ കുറ്റപ്പെടുത്തി.
മദ്യനയം: കോണ്‍ഗ്രസ്സില്‍ ഭിന്നതയില്ല
കാസര്‍കോട്: യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയത്തെ ചൊല്ലി കോണ്‍ഗ്രസ്സില്‍ ഭിന്നതയൊന്നുമില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ എംഎല്‍എ പറഞ്ഞു. കാസര്‍കോട് ഗസ്റ്റ്ഹൗസില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യനയത്തെക്കുറിച്ച് പാര്‍ട്ടിക്കകത്തും മുന്നണിയിലും അഭിപ്രായവ്യത്യാസം ഉണ്ടാവുന്നത് സ്വാഭാവികം മാത്രമാണ്. അതു ഭിന്നതയാണെന്ന് വരുത്തിത്തീര്‍ക്കുന്നത് ശരിയല്ല. മദ്യനയത്തെ കുറിച്ചുള്ള പ്രശ്‌നങ്ങളെല്ലാം പാര്‍ട്ടിയില്‍ അവസാനിച്ചതാണ്. ഇനി അത് ചര്‍ച്ചചെയ്യുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day