|    Dec 19 Wed, 2018 3:34 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സര്‍ക്കാര്‍ ബാര്‍ തുറക്കുന്ന ലാഘവത്തോടെ ഡാം തുറക്കരുത്: എം കെ മുനീര്‍

Published : 31st August 2018 | Posted By: kasim kzm

തിരുവനന്തപുരം: ബാര്‍ തുറക്കുന്ന ലാഘവത്തോടെ ഡാം തുറക്കരുതെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍. നിരവധി ജീവനുകള്‍ നഷ്ടപ്പെടാന്‍ കാരണം ഈ ലാഘവമാണ്. 40 കോടി രൂപ ലാഭിക്കാനായി 50,000 കോടി രൂപ കളഞ്ഞുകുളിച്ച വകുപ്പാണ് കെഎസ്ഇബി.
ജലവിഭവ വകുപ്പിന്റെയും കെഎസ്ഇബിയുടെയും വീഴ്ച സംബന്ധിച്ചു വിദഗ്ധ സമിതിയെ കൊണ്ട് അന്വേഷിപ്പിച്ച് മൂന്നു മാസത്തിനകം റിപോര്‍ട്ട് തയ്യാറാക്കണം. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരേ മുഖംനോക്കാതെ കൊലക്കുറ്റത്തിന് കേസെടുക്കണം. എമര്‍ജന്‍സി ആക്്ഷന്‍ പ്ലാന്‍ (ഇഎപി) അനുസരിച്ച് മാത്രമേ വെള്ളം തുറന്നുവിടാന്‍ പാടുള്ളൂവെന്നാണ് വ്യവസ്ഥ. ദുരന്തത്തിന്റെ കാരണം 25 ശതമാനം പേമാരിയാണെങ്കില്‍ 75 ശതമാനം ഡാമുകള്‍ തുറന്നതിനാലാണ്. പ്രളയക്കെടുതിയുടെ സാമൂഹിക-സാമ്പത്തിക ആഘാതത്തെക്കുറിച്ച് പഠനം നടത്തേണ്ടത് അനിവാര്യമാണ്. സഹായത്തിന് നാം ആശ്രയിക്കുന്ന പ്രവാസികളെപ്പോലും ദുരിതം ബാധിച്ചു.
വിമാനത്താവളത്തില്‍ വിദേശത്ത് നിന്നു വന്ന സാധനങ്ങള്‍ കെട്ടിക്കിടക്കുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിന്നു സന്നദ്ധ സംഘടനകളെ അകറ്റിനിര്‍ത്തുന്നത് ശരിയല്ലെന്നും മുനീര്‍ പറഞ്ഞു. ശബരിഗിരി പ്രൊജക്റ്റിന്റെ ഭാഗമായി പമ്പ ഡാമും കക്കി ഡാമും തുറന്നപ്പോള്‍ ആദ്യം പെര്‍ സെക്കന്‍ഡില്‍ 47000 ലിറ്റര്‍ വെള്ളമാണ് വന്നതെങ്കില്‍ പുലര്‍ച്ചെ ആറുമണിയായപ്പോള്‍ സെക്കന്‍ഡില്‍ ഒമ്പതുലക്ഷം വെള്ളമാണ് വന്നത്. ഇത് ആറന്മുള, റാന്നി, ചെങ്ങന്നൂര്‍ മണ്ഡലങ്ങളെ തച്ചുതകര്‍ത്തു. അവിടെ നിന്നു വെള്ളം കുട്ടനാട്ടിലേക്കുമെത്തി. ഇതു സംബന്ധിച്ച് ഒരുതരത്തിലുള്ള മുന്നറിയിപ്പും ആര്‍ക്കും ലഭിച്ചിട്ടില്ല. കേരളം ജാഗ്രത പുലര്‍ത്തണമെന്നു പ്രമുഖ ഭൗമശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കേരളം ഒന്നിച്ചുനിന്നു നേരിടേണ്ട പ്രതിസന്ധിയാണ്. ദുരന്തത്തിനു ശേഷം ജനങ്ങളാകെ പരിഭ്രാന്തിയിലാണ്. പ്രളയമേഖലയില്‍ വിഷാദരോഗത്തിനെതിരേ കൗണ്‍സലിങ് നല്‍കണം. പ്രളയത്തിനിടയിലും ജപ്തിനോട്ടീസ് ഒട്ടിക്കാനാണ് ബാങ്കുകള്‍ തിരക്കുകൂട്ടുന്നത്.
സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ബാങ്ക് മാനേജര്‍മാരുടെ യോഗം വിളിച്ച് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യപിക്കാന്‍ നടപടി സ്വീകരിക്കണം. പ്രളയത്തിനിടയ്ക്ക് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കരുത്. ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ ചെയ്യാമെന്നേറ്റ കാര്യങ്ങള്‍ ചെയ്യാതെ ജനങ്ങള്‍ നല്‍കണമെന്നു പറയുന്നത് ശരിയല്ലെന്നും മുനീര്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss