|    Jan 24 Tue, 2017 8:50 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

സര്‍ക്കാര്‍ പദ്ധതികളിലെ ചോര്‍ച്ച തടഞ്ഞ് 36,000 കോടി ലാഭിച്ചു: പ്രധാനമന്ത്രി

Published : 6th June 2016 | Posted By: SMR

ദോഹ: സര്‍ക്കാര്‍ പദ്ധതികളിലെ മോഷണവും ചോര്‍ച്ചയും തടഞ്ഞതിലൂടെ വര്‍ഷം രാജ്യത്തിന് 36,000 കോടി രൂപ സംരക്ഷിക്കാനായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു ദിവസത്തെ ഖത്തര്‍ സന്ദര്‍ശനത്തിനിടെ രാജ്യത്തെ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പലരുടെയും മിഠായി നിര്‍ത്തലാക്കിയതിലൂടെ തനിക്ക് പല പ്രശ്‌നങ്ങളും നേരിടേണ്ടി വന്നു. എന്നാല്‍, അത് നേരിടാനുള്ള കരുത്ത് തനിക്ക് തന്നത് 125 കോടി ഇന്ത്യക്കാരുടെ സ്‌നേഹമാണ്. സര്‍ക്കാരിന്റെ നടപടികളെക്കുറിച്ചുള്ള വിമര്‍ശനത്തെ മിഠായി നിരസിക്കുമ്പോള്‍ കുട്ടികള്‍ അമ്മയോട് കോപിക്കുന്നതിനോടാണ് പ്രധാനമന്ത്രി ഉപമിച്ചത്.
1.62 കോടി വ്യാജ റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്താനായി. ഇതിലൂടെ ഗോതമ്പ്, അരി, മണ്ണെണ്ണ, എല്‍പിജി തുടങ്ങിയവയ്ക്ക് നല്‍കിയിരുന്ന കോടിക്കണക്കിന് രൂപയുടെ സബ്‌സിഡി ലാഭിക്കാനായി. ആധാറിനെ സ്‌കൂള്‍ എന്റോള്‍മെന്റുമായി ബന്ധിപ്പിച്ചതു വഴി സ്‌കൂള്‍ ഹരിയാനയില്‍ സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ടു നടന്നിരുന്ന വന്‍അഴിമതി തടയാനായി. അതിലൂടെ കോടികളാണ് ലാഭിച്ചത്. അഴിമതി രാജ്യത്തെ ചിതല്‍ പോലെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുകയായിരുന്നു. ഇന്ന് ലോകത്തൊട്ടാകെ ഇന്ത്യയുടെ പ്രതിഛായ മെച്ചപ്പെട്ടതായി മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് കൊണ്ട് മോദി പറഞ്ഞു.
ഇപ്പോള്‍ ഇന്ത്യയെ എല്ലാവരും ബഹുമാനത്തോടെയാണ് കാണുന്നത്. മറ്റുള്ളവരുടെ ഇന്ത്യക്കാരോടുള്ള പെരുമാറ്റത്തില്‍ വന്ന മാറ്റം നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകുമല്ലോ എന്ന് അദ്ദേഹം ചോദിച്ചു.
രണ്ടു വര്‍ഷം തുടര്‍ച്ചയായി വരള്‍ച്ച നേരിട്ടിട്ടും സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 7.9 ശതമാനം ജിഡിപി കൈവരിക്കാന്‍ രാജ്യത്തിനു സാധിച്ചു. ലോകം മുഴുവന്‍ സാമ്പത്തിക പ്രതിസന്ധിയെ നേരിടുമ്പോഴും ആഗോള തലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമായി മാറാന്‍ ഇന്ത്യക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമാണെന്ന് എല്ലാ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളും ലോകബാങ്കും ഐഎംഎഫും ഒരു പോലെ അംഗീകരിച്ചതായും മോദി അവകാശപ്പെട്ടു. ഇന്ത്യ ഖത്തര്‍ ബന്ധം വളരുകയാണെന്നും ഇവിടെ കുടിയേറിയിട്ടുള്ള ഇന്ത്യക്കാര്‍ അതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.
25 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ വിരമിച്ച സൈനികര്‍ക്കുള്ള പദ്ധതിയായ വണ്‍ റാങ്ക് വണ്‍ പെന്‍ഷനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. കഴിഞ്ഞ നാല് പതിറ്റാണ്ടായി കോള്‍ഡ് സ്‌റ്റോറേജില്‍ കിടക്കുകയായിരുന്നു ഇത്. ഇതു കൊണ്ടുള്ള സാമ്പത്തിക ബാധ്യത വലുതാണെങ്കിലും രാജ്യത്തിന് സൈനികര്‍ നല്‍കുന്ന സേവനം പരിഗണിക്കുമ്പോള്‍ അത് ചെറുതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ലുലു ഗ്രൂപ്പ് എംഡി യുസൂഫലി എം എ, വ്യവസായ പ്രമുഖന്‍ പത്മശ്രീ ഡോ. സുന്ദര്‍ മേനോന്‍, ദോഹ ബാങ്ക് ഗ്രൂപ്പ് സിഇഒ ഡോ. സീതാരാമന്‍, സഫാരി ഗ്രൂപ്പ് ഡയറക്ടറും ജനറല്‍ മാനേജറുമായ സൈനുല്‍ ആബിദീന്‍, റീജന്‍സി ഗ്രൂപ്പ് റീജ്യനല്‍ ഡയറക്ടര്‍ അഷ്‌റഫ് ചിറക്കല്‍, വിവിധ പ്രവാസി സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പ്രവാസി സംഗമത്തില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 88 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക