|    May 25 Thu, 2017 1:06 am
FLASH NEWS

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി: മന്ത്രി

Published : 18th October 2016 | Posted By: Abbasali tf

കിളിമാനൂര്‍: സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രിയുടെ താക്കീത്. സംസ്ഥാന വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇന്നലെ കിളിമാനൂരിലെ കാനാറയില്‍ പൊതു ശ്മശാനത്തിന്റെ തറക്കല്ലിടല്‍ നിര്‍വഹിച്ചു സംസാരിക്കവെ ഉദ്യോഗസ്ഥര്‍ക്ക് താക്കീതു നല്‍കിയത്. സംസ്ഥാനം സമ്പൂര്‍ണ വൈദ്യുതി സംസ്ഥാനമാവാന്‍ പോവുകയാണ്. പുറമ്പോക്കിലും മറ്റും താമസിക്കുന്നവര്‍ക്ക് വീട്ടു നമ്പരോ മറ്റോ ഇല്ലാത്തതിനാല്‍ വൈദ്യുതി കണക്ഷന്‍ കിട്ടാത്ത സാഹചര്യം ഉണ്ടാവരുത്. ഉദ്യോഗസ്ഥര്‍ക്ക് അതിനുവേണ്ട നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത് പാലിക്കപ്പെടണം. ഈ പൊതു ശ്മശാനവും പാവപ്പെട്ടവരെ സഹായിക്കാന്‍ വേണ്ടിയാണ്. ശ്മശാനത്തിനു വേണ്ട എല്ലാ സഹായവും സര്‍ക്കാരില്‍ നിന്ന് ലഭിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. തുടര്‍ന്ന് കിളിമാനൂര്‍ ബ്ലോക്കിനെ സമ്പൂര്‍ണ ഒഡിഎഫ് ആയി മന്ത്രി പ്രഖ്യാപിച്ചു. കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഒരിടത്തും നിലവില്‍ പൊതു ശ്മശാനം ഇല്ല. രണ്ടും മൂന്നും സെന്റ് ഭൂമിയില്‍ വീടുവെച്ചും കോളനികളില്‍ താമസിക്കുന്നവരുമായ ആയിരക്കണക്കിന് കുടുംബങ്ങളുള്ള പ്രദേശമാണ് കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്. വീട് പൊളിച്ച് മൃതദേഹങ്ങള്‍ അടക്കിയ നിരവധി സംഭവങ്ങള്‍ ഇവിടെ ഉണ്ടായ സാഹചര്യത്തിലാണ് പൊതു ശ്മശാനമെന്ന ആശയം ഉയര്‍ന്നത്. കാനാറയില്‍ ഉള്ള സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും 10 സെന്റ് സ്ഥലം 99 വര്‍ഷത്തെ പാട്ടത്തിനു സര്‍ക്കാര്‍ പ്രാദേശിക ഭരണകൂടത്തിന് വിട്ടുകൊടുത്തിട്ടുണ്ട്. ഇവിടെയാണ് ഒരു കോടി രൂപയോളം രൂപ ചെലവില്‍ ആധുനിക രീതിയില്‍ വൈദ്യു ശ്മശാനം പണിയുന്നത്. പദ്ധതി സ്ഥിതിചെയ്യുന്ന പഴയകുന്നുമ്മേല്‍ പഞ്ചായത്തിനാവും ശ്മശാനത്തിന്റെ പരിപൂര്‍ണ ഉടമസ്ഥാവകാശം. പഴയകുന്നുമ്മേല്‍ പഞ്ചായത്ത് വിഹിതമായി 15 ലക്ഷം രൂപയും ബ്ലോക്കില്‍ നാവായിക്കുളം ഒഴികെയുള്ള നഗരൂര്‍, പുളിമാത്ത്, മടവൂര്‍, പള്ളിക്കല്‍, കരവാരം, കിളിമാനൂര്‍ പഞ്ചായത്തുകളുടെ വിഹിതമായി അഞ്ചു ലക്ഷം വീതവും സര്‍ക്കാര്‍ വിഹിതമായി പത്തുലക്ഷവും ബാക്കി തുക കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തും പദ്ധതി വിഹിതമായി നല്‍കിയാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. ബ്ലോക്കില്‍ ഏറ്റവും അധികം പട്ടികജാതികുടുംബങ്ങള്‍ അധിവസിക്കുന്ന പഞ്ചായത്തുകളിലൊന്നായ നാവായിക്കുളം പഞ്ചായത്ത് പദ്ധതിയുമായി സഹകരിക്കുന്നില്ല. ശ്മശാനത്തിന് 45 ലക്ഷവും കെട്ടിടത്തിന് 40 ലക്ഷവുമാണ് സാങ്കേതിക അനുമതി ലഭ്യമായിരിക്കുന്നത്. അഡ്വ. ബി സത്യന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പഴയുകുന്നുമ്മേല്‍ ഗ്രാമപ്പഞ്ചായത്ത് രണ്ടാം ഗഡുവായി നല്‍കുന്ന 10 ലക്ഷം രൂപയുടെ ചെക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ് സിന്ധു മന്ത്രിക്കും മന്ത്രി ബ്ലോക്ക് പ്രസിഡന്റ് ശ്രീജ ഷൈജു ദേവിനും കൈമാറി. വിധ തലങ്ങളിലെ ജനപ്രതിനിധികളും രാഷ്ട്രീയ, പൊതു പ്രവര്‍ത്തകരും പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day