|    Dec 14 Thu, 2017 3:27 pm
FLASH NEWS

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില; നട്ടുച്ചയ്ക്കും തൊഴിലാളികള്‍ തട്ടിന്‍പുറത്തു തന്നെ

Published : 27th April 2016 | Posted By: SMR

പത്തനംതിട്ട: കടുത്ത ചൂടിനെ നേരിടാന്‍ ജോലി സമയം പുനക്രമീകരിച്ച്് സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില. ചുട്ടുപൊള്ളുന്ന വെയിലിലും പുറംപണിക്കാര്‍ ഇപ്പോഴും തട്ടിന്‍പുറത്തു തന്നെ.
താപനില ക്രമാതീതമായി ഉയരുകയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൂര്യാഘാതമേറ്റുള്ള അപകടങ്ങള്‍ റിപോര്‍ട്ട് ചെയ്യുകയും ചെയ്തതോടെയാണ് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍സമയം പുനക്രമീകരിച്ച് തൊഴില്‍വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയത്. ഇതനുസരിച്ച് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെയുള്ള സമയങ്ങളില്‍ തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കണമെന്നാണ് വ്യവസ്ഥ. രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകീട്ട് മൂന്നു മുതല്‍ ആറുവരെയുമായാണ് ജോലി സമയം ക്രമീകരിച്ചിട്ടുള്ളത്. ക്രമീകരണം നടപ്പാവുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ലേബര്‍ ഓഫിസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച് യാതൊരുവിധ പരിശോധനകളും നടക്കുന്നില്ല. നട്ടുച്ചനേരത്തുപോലും പുറംപണിക്കാരായ തൊഴിലാളികള്‍ പണിയെടുക്കുന്നത് സ്ഥിരം കാഴ്ചയാണ്.
നിര്‍മാണ മേഖലയിലാണ് ഈ രീതി കൂടുതലായി കണ്ടുവരുന്നത്. ബഹുനില കെട്ടിടങ്ങളുടെ മുകളില്‍ അടക്കം, നിര്‍ജലീകരണം സംഭവിക്കാന്‍ സാധ്യത കൂടുതലുള്ള സാഹചര്യമാണ് ഇവിടങ്ങളിലുള്ളത്.
അതുകൊണ്ടു തന്നെ, ഇതര സംസ്ഥാന തൊഴിലാളികളാണ് വേനല്‍ച്ചൂടിന്റെ ആഘാതം അനുഭവിക്കുന്നതിലേറെയും. സര്‍ക്കാര്‍ നിയന്ത്രണങ്ങളെ കുറിച്ചും മുന്നറിയിപ്പുകളെ കുറിച്ചും അവബോധം ഇല്ലാതെയാണ് ഇവരില്‍ ഭൂരിഭാഗവും പണിയെടുക്കുന്നത്. നിയന്ത്രണമേര്‍പ്പെടുത്തിയ മൂന്നു മണിക്കൂര്‍ നേരം പണിയെടുക്കുന്നതിന് തൊഴിലാളികളെ നിര്‍ബന്ധിക്കരുത്. സര്‍ക്കാരിന്റെ നിര്‍ദേശം കമ്പനികളും തൊഴിലുടമകളും നിര്‍ബന്ധനമായും പാലിക്കണം. തൊഴിലുറപ്പു തൊഴിലാളികള്‍ക്കും ഉത്തരവ് ബാധകമാണെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ചൂടുകാലത്ത് സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് ആരോഗ്യവകുപ്പും മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.
ജില്ലയില്‍ ഇത്തവണ താപനില 38 ഡിഗ്രി വരെ എത്തിയിരുന്നു. ഏപ്രില്‍ പകുതി കഴിഞ്ഞിട്ടും വേനല്‍മഴ കാര്യമായി ജില്ലയെ കനിഞ്ഞിട്ടുമില്ല. നേരത്തേ ജില്ലയില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടുപോലിസുകാര്‍ക്കടക്കം കനത്ത ചൂടില്‍ പൊള്ളലേറ്റിരുന്നു. ചൂടുമൂലമുള്ള അസ്വസ്ഥതയ്ക്ക് ചികില്‍സ തേടിയ മറ്റു സംഭവങ്ങളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നിട്ടും സര്‍ക്കാര്‍ നിര്‍ദേശം പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ യാതൊരു നടപടികളും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
ശരീരോഷ്മാവില്‍ ഉണ്ടാവുന്ന നേരിയ വ്യത്യാസം പോലും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ക്ക് ഇടവരുത്തുമെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. അതുകൊണ്ടു തന്നെ ചൂടുകൂടി നില്‍ക്കുന്ന സമയത്ത് ഒരുപരിധിയില്‍ അധികം വെയിലേല്‍ക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക