|    Jun 22 Fri, 2018 10:46 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

സര്‍ക്കാര്‍ നടത്തുന്നത് കള്ളക്കളി

Published : 29th November 2016 | Posted By: SMR

slug-navas-aliകേരളം നിലവില്‍ വന്ന ശേഷം ആദ്യത്തെ നടപടിയായിരുന്നു ഒരു പത്രത്തിന് സര്‍ക്കാര്‍ പരസ്യം നിഷേധിക്കുക എന്നത്. പത്തോ നൂറോ കോപ്പികളടിച്ച് പിആര്‍ഡി പരസ്യത്തിന്റെ വരവുകൊണ്ട് റേഷന്‍ വാങ്ങുന്ന പത്രാധിപന്‍മാര്‍ സംസ്ഥാനത്തുണ്ട്. 2010 മെയ് 16 മുതല്‍ നിഷേധിക്കപ്പെട്ട പരസ്യം 2011 സപ്തംബര്‍ എട്ടുമുതല്‍ വീണ്ടും നല്‍കിത്തുടങ്ങി. പക്ഷേ, ചെറിയ ഇടവേളയ്ക്കു ശേഷം 2012 ആഗസ്ത് 26 മുതല്‍ വീണ്ടും പരസ്യം നല്‍കുന്നത് തടഞ്ഞുവച്ചു.
ആദ്യത്തേതുപോലെ പരസ്യം നിഷേധിച്ചതിനുള്ള കാരണമൊന്നും ഇപ്രാവശ്യം പിആര്‍ഡി അധികൃതര്‍ അറിയിച്ചില്ല. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി നല്‍കിയതുമില്ല. പിആര്‍ഡിയിലെ ചിലര്‍ക്ക് തോന്നുന്നതുപോലെയായിരുന്നു പിന്നീടുള്ള കാര്യങ്ങള്‍. അതേ വര്‍ഷം ഡിസംബര്‍ 29 മുതല്‍ വീണ്ടും സര്‍ക്കാരിന്റെ പരസ്യങ്ങള്‍ തേജസിന് നല്‍കിത്തുടങ്ങി. പക്ഷേ, രണ്ടരമാസത്തിനു ശേഷം, 2013 മാര്‍ച്ച് 20 മുതല്‍ വീണ്ടും തേജസിന് പരസ്യങ്ങള്‍ നിഷേധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.
ഓരോ പ്രാവശ്യം പരസ്യം നിഷേധിച്ച് ഉത്തരവിറങ്ങുമ്പോഴും അതിന്റെ കാരണമാരാഞ്ഞ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കാറുണ്ടെങ്കിലും കൃത്യമായ മറുപടി നല്‍കാന്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് തയ്യാറായില്ല. പിആര്‍ഡിയില്‍ നിന്ന് അടുത്ത ദിവസത്തെ പരസ്യ ഷെഡ്യൂള്‍ തിരുവനന്തപുരം ബ്യൂറോയിലേക്ക് വിളിച്ചറിയിച്ചശേഷമായിരുന്നു അവസാനമായി പരസ്യം നിഷേധിച്ചത്. പരസ്യമുണ്ടെന്നു പറഞ്ഞ് ഷെഡ്യൂള്‍ നല്‍കിയ ശേഷം പിന്നീട് ഫോണില്‍ വിളിച്ച് പരസ്യം പ്രസിദ്ധപ്പെടുത്തേണ്ട എന്ന് അറിയിക്കുകയാണ് ഉണ്ടായത്. സാമാന്യമായി പാലിക്കേണ്ട ഒരു നടപടികളുമില്ലാതെ തോന്നുന്നപോലെയായിരുന്നു അധികൃതരുടെ നടപടികള്‍.
വിശദീകരണം ആവശ്യപ്പെടാതെ അന്യായമായി പരസ്യം നിഷേധിച്ചതിനെതിരേ തേജസ് അധികൃതര്‍ 2010ല്‍ തന്നെ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഇതോടെ പരസ്യം തുടര്‍ന്ന് നല്‍കുന്നതിനു തടസ്സമില്ലെന്നും കേസ് പിന്‍വലിച്ചാല്‍ മതിയെന്നുമുള്ള പിആര്‍ഡി അധികൃതരുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഹരജി പിന്‍വലിച്ചു. അതോടെ വീണ്ടും സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കിത്തുടങ്ങി. പക്ഷേ, 2012 ആഗസ്ത് 26 മുതല്‍ വീണ്ടും പരസ്യം നിഷേധിച്ചു. ഇതിനെക്കുറിച്ച് നേരിട്ടും വിവരാവകാശ നിയമപ്രകാരവും അന്വേഷിച്ചെങ്കിലും ഒരു മറുപടിയും പിആര്‍ഡി അധികൃതര്‍ നല്‍കിയില്ല. തേജസിനു മാത്രം പരസ്യം നിഷേധിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ബോധ്യപ്പെടുത്തിയതോടെ 2012 ഡിസംബര്‍ 29 മുതല്‍ പരസ്യം നല്‍കാന്‍ തുടങ്ങി. പക്ഷേ, മാസങ്ങള്‍ക്കുശേഷം മാര്‍ച്ച് 20ന് ഒരൊറ്റ ഫോണ്‍ വിളിയില്‍ തേജസിന് സര്‍ക്കാര്‍ പരസ്യം നല്‍കില്ലെന്ന് അറിയിച്ചുകൊണ്ട് പിആര്‍ഡി അധികൃതര്‍ നീതിനിഷേധം വീണ്ടും തുടര്‍ന്നു.
ഇവിടെയെല്ലാം ആവര്‍ത്തിക്കപ്പെടുന്ന ഒരു കാര്യം തികഞ്ഞ ഏകാധിപത്യ മനോഭാവത്തോടെയാണ് അധികൃതര്‍ വിഷയം കൈകാര്യം ചെയ്തതെന്നാണ്. ഔദ്യോഗിക തീരുമാനമാണെങ്കില്‍ വിവരം രേഖാമൂലം അറിയിക്കുക, വിശദീകരണം ചോദിക്കുക, തെളിവെടുപ്പ് നടത്തുക എന്നീ നടപടിക്രമങ്ങളൊക്കെ വേണമെന്നാണല്ലോ ധാരണ.
2010 മെയില്‍ ആദ്യമായി പരസ്യം നിഷേധിച്ചപ്പോള്‍ തേജസ് അധികൃതരുടെ നിരന്തര അന്വേഷണങ്ങളുടെ ഫലമായി പിആര്‍ഡി അഡീഷനല്‍ ഡയറക്ടര്‍ പി കെ ലാല്‍ മറുപടി നല്‍കിയിരുന്നു. 2009 നവംബറില്‍ തേജസ് മതപരമായ ചായ്‌വോടെ പ്രകോപനപരമായ വാര്‍ത്തകളും ലേഖനങ്ങളും എഡിറ്റോറിയലും പ്രസിദ്ധപ്പെടുത്തി എന്നും അതുകൊണ്ട് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ പരാതി ഉന്നയിക്കേണ്ട സാഹചര്യമുണ്ടെന്നും 2010 മെയ് 17 മുതല്‍ പരസ്യം നല്‍കുന്നത് നിര്‍ത്തിയെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. എന്നാല്‍, നേരത്തേ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ പിആര്‍ഡി അധികൃതര്‍ പറഞ്ഞത് ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നു ലഭിച്ച ഒരു കത്തിന്റെ അടിസ്ഥാനത്തില്‍ ഈ വകുപ്പില്‍ നിന്ന് ഉദ്ഭവിച്ച ഒരു ഫയലിലെ നടപടിക്രമത്തിന്റെ ഭാഗമായാണ് തേജസ് ദിനപത്രത്തിന് പരസ്യം നിഷേധിച്ചത് എന്നായിരുന്നു. ഒരേ വിഷയത്തില്‍ രണ്ടുതരം മറുപടിയാണ് അധികൃതര്‍ നല്‍കിയത് എന്നതില്‍ തന്നെ ഈ വിഷയത്തിലെ ക ള്ളക്കളി വ്യക്തമാണ്. എന്നാ ല്‍, ഇപ്രാവശ്യം വൈകിയുദിച്ച വിവേകം പോലെ തേജസില്‍ പ്രസിദ്ധപ്പെടുത്തിയ പ്രകോപനപരമായ വാര്‍ത്തകളുടെ പകര്‍പ്പും പിആര്‍ഡി അധികൃതര്‍ മറുപടിയില്‍ നല്‍കുകയുണ്ടായി. അതാവട്ടെ നടപടി എടുത്തശേഷം അതിനെ ന്യായീകരിക്കാനുള്ള വിഫലശ്രമം വെളിച്ചത്തു കൊണ്ടുവരുന്നതുമാണ്.

 (അവസാനിക്കുന്നില്ല)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss