|    Feb 25 Sun, 2018 5:27 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിസ്സഹകരണസമരം പിന്‍വലിച്ചു

Published : 21st January 2017 | Posted By: fsq

 

തിരുവനന്തപുരം: ശമ്പളപരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന നിസ്സഹകരണ സമരം അവസാനിപ്പിച്ചു. ധനമന്ത്രിയുമായി കെജിഎംഒഎ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് 43 ദിവസം നീണ്ട നിസ്സഹകരണം അവസാനിപ്പിക്കാന്‍ തീരുമാനമായത്. പത്താം ശമ്പള പരിഷ്‌കരണ ഉത്തരവില്‍ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചതടക്കം ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് ഉത്തരവിറങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് സമരത്തില്‍ നിന്ന് പിന്‍മാറുന്നതെന്ന് കെജിഎംഒഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.2016 സപ്തംബറിലാണ് ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. തുടര്‍ന്ന് ആരോഗ്യമന്ത്രി, ആരോഗ്യ സെക്രട്ടറി എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം ഒരുമാസത്തേക്ക് സമരപരിപാടികള്‍ നിര്‍ത്തിവയ്ക്കാന്‍ കെജിഎംഒഎ തീരുമാനിച്ചു. ശമ്പള പരിഷ്‌കരണ ഉത്തരവിലെ വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കുമെന്നും എല്ലാ തസ്തികയിലും പുതിയ അടിസ്ഥാനശമ്പളം അനുവദിക്കുമെന്നും ഉള്‍പ്പെടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഉറപ്പുലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്ന് അസോസിയേഷന്‍ സൂചനാസമരം നിര്‍ത്തിവച്ചത്. എന്നാല്‍, ഡിസംബര്‍ ആയിട്ടും ഇതുസംബന്ധിച്ച് ഒരു തുടര്‍ നടപടികളും ഉണ്ടായില്ല. അതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ എട്ടിന് വീണ്ടും നിസ്സഹകരണ സമരം കെജിഎംഒഎ ആരംഭിച്ചു. സാംക്രമിക രോഗങ്ങള്‍ക്കെതിരായ ക്യാംപുകള്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നടത്തുന്ന ജില്ലാതല അവലോകന യോഗങ്ങള്‍, വിഐപി ഡ്യൂട്ടി, മീറ്റിങ്ങുകള്‍, ഗ്രാമീണ ആരോഗ്യ പരിശീലന പരിപാടികള്‍, സ്ഥാപനത്തിന് പുറത്തുള്ള മെഡിക്കല്‍ ക്യാംപുകള്‍ എന്നിവയെല്ലാം ബഹിഷ്‌കരിച്ചാണ് സരം തുടര്‍ന്നുവന്നത്. കൂടുതല്‍ ശക്തമായ സമരപരിപാടിയിലേക്ക് ഡോക്ടര്‍മാര്‍ കടക്കുമെന്ന സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച ധനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ കുറവ് പരിഹരിക്കാന്‍ ധാരണയായിരുന്നെങ്കിലും അടുത്ത പ്രമോഷന്‍ സമയത്തെ കുറവ് അതത് സമയത്ത് പരിഹരിക്കണമെന്നായിരുന്നു ധനവകുപ്പിന്റെ നിര്‍ദേശം. ഇത് അപ്രായോഗികമാണെന്നും അപാകത പരിഹരിച്ച് പുതിയ ഉത്തരവ് വന്നില്ലെങ്കില്‍ അടുത്ത അഞ്ചുവര്‍ഷം പ്രമോഷന്‍ സമയത്ത് 6000 രൂപയുടെ വരെ കുറവ് ഉണ്ടാവുമെന്നും കെജിഎംഒഎ ചൂണ്ടിക്കാട്ടി. ഈ അപാകത കൂടി പരിഹരിച്ചുള്ള ഉത്തരവാണ് വ്യാഴാഴ്ച ഇറങ്ങിയത്. കാഷ്വാലിറ്റി എംഒ അലവന്‍സ് 2000 രൂപയില്‍ നിന്ന് 3000 രൂപയാക്കി. അഡ്മിനിസ്‌ട്രേറ്റീവ് കേഡറിന് മൂന്ന് ഇന്‍ക്രിമെന്റിന് തുല്യമായ സ്‌പെഷ്യല്‍ പേ, റൂറല്‍ അലവന്‍സ് 1000 രൂപ വര്‍ധിപ്പിച്ച് 4500 രൂപയാക്കി. ഡിഫിക്കല്‍റ്റ് റൂറല്‍ അലവന്‍സ് 5500 രൂപയാക്കി. കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. വി മധു, സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ കെ റൗഊഫ്, ട്രഷറര്‍ ഡോ. എസ് ജ്യോതിലാല്‍, മാനേജിങ് എഡിറ്റര്‍ ഡോ. വി അനില്‍, പ്രസിഡന്റ്‌സ് നോമിനി ഡോ. ഒ എസ് ശ്യാംസുന്ദര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss