|    Oct 19 Thu, 2017 4:40 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നില്ല; പകര്‍ച്ചവ്യാധികള്‍ പടരുന്നു

Published : 27th July 2016 | Posted By: SMR

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരുമ്പോഴും സര്‍ക്കാര്‍ ആശുപത്രികളിലെ ഒഴിവുകള്‍ നികത്തുന്നില്ല. മെഡിക്കല്‍ കോളജ്, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ എന്നിവിടങ്ങളിലായി ആയിരത്തിലേറെ ഒഴിവുകളാണ് നിലവിലുള്ളത്. മൂന്ന് വര്‍ഷംമുമ്പാണ് അവസാനമായി പിഎസ്‌സി മുഖേന ഒഴിവുകള്‍ നികത്താന്‍ അപേക്ഷകള്‍ ക്ഷണിച്ചിരുന്നത്.
ആരോഗ്യവകുപ്പില്‍ ഇപ്പോള്‍ 5,215 തസ്തികകള്‍ നിലവിലുണ്ടെങ്കിലും 1,200 ഡോക്ടര്‍മാരുടെ ഒഴിവുകളുണ്ട്. മെഡിക്കല്‍ കോളജില്‍മാത്രം 542 ഡോക്ടര്‍മാരുടെ ഒഴിവുകളുണ്ട്. ജില്ലാ ആശുപത്രികളില്‍ 282 താലൂക്ക് ആശുപത്രികളില്‍ 316 ഒഴിവും പ്രൈമറി ഹെല്‍ത്ത്‌സെന്ററുകളില്‍ 128 ഒഴിവുകളുമാണുള്ളത്. ആറുമാസം മുമ്പ് ശേഖരിച്ച കണക്കാണിത്. ഇതിനുശേഷം നൂറോളം ഒഴിവുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്. സര്‍ക്കാര്‍ സര്‍വീസില്‍ സേവനം ചെയ്യുന്നതില്‍ ഡോക്ടര്‍മാര്‍ വിമുഖത കാണിക്കുന്നുവെന്നാണ് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ പറയുന്നത്. ആകര്‍ശകമല്ലാത്ത സേവനവേതന വ്യവസ്ഥകളും സ്വകാര്യ പ്രാക്ടീസ് പാടില്ലെന്ന നിയമവുമാണ് ഡോക്ടര്‍മാര്‍ മടിക്കുന്നതിന്റെ പ്രധാന കാരണം. 2013ല്‍ പിഎസ്‌സി സര്‍ക്കാര്‍ സര്‍വീസിലേക്ക് 2,296 പേര്‍ക്ക് അഡൈ്വസ് മെമ്മോ അയച്ചെങ്കിലും സര്‍വീസില്‍ പ്രവേശിച്ചത് 684 പേര്‍ മാത്രമാണ്. ഇന്റര്‍വ്യൂവിന് എത്തുന്നതുപോലും   പകുതിപേര്‍ മാത്രമാണ്. വന്നവര്‍ ബിരുദാനന്തര ബിരുദം എടുക്കുന്നതിനായി ദീര്‍ഘകാലം അവധിയെടുക്കുന്നതായും പരാതിയുണ്ട്.  തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, ആലപ്പുഴ, തൃശൂര്‍ മെഡിക്കല്‍ കോളജുകളില്‍ പ്രധാന വിഭാഗങ്ങളില്‍പോലും ഡോക്ടര്‍മാരില്ലാത്ത അവസ്ഥയാണ്. ഗൈനക്കോളജി വിഭാഗത്തിലാണ് ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും ഏറെ ഒഴിവുകളുള്ളത്. 48 താലൂക്ക് ആശുപത്രികളില്‍ ഡോക്ടര്‍മാരില്ലാത്തതിനാല്‍ കുട്ടികളുടെയും സ്ത്രീകളുടെയും രോഗവിഭാഗങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.
കെ കെ ഷൈലജ ആരോഗ്യവകുപ്പ് ചുമതലയേറ്റശേഷം ഒഴിവുകള്‍ നികത്തുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ സത്വര നടപടികള്‍ ഉണ്ടായിട്ടില്ല. മലബാറിലാണ് ഏറെ ഒഴിവുകളും. പകര്‍ച്ചവ്യാധികള്‍ നേരിടുന്നതില്‍ ആരോഗ്യവകുപ്പ് നേരിടുന്ന പ്രധാന വെല്ലുവിളി ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലെന്നതാണ്. പാവപ്പെട്ടവരും സാധാരണക്കാരുമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സയ്ക്ക് എത്തുന്നത്. ഇവരാണ് ഡോക്ടര്‍മാരില്ലാത്തതിനാല്‍ കൂടുതല്‍ കഷ്ടപ്പാട് അനുഭവിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക