|    Apr 24 Tue, 2018 6:22 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്; അനാവശ്യമായി ഫയലുകള്‍ വൈകിപ്പിച്ചാല്‍ മറുപടി പറയേണ്ടിവരും

Published : 9th June 2016 | Posted By: SMR

തിരുവനന്തപുരം: രാഷ്ട്രീയമാറ്റം ഭരണത്തില്‍ പ്രതിഫലിക്കണമെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. ഒരു സര്‍ക്കാര്‍ മറ്റൊരു സര്‍ക്കാരിന്റെ തുടര്‍ച്ചയാണെന്നു പറഞ്ഞാലും രാഷ്ട്രീയമാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അത് ജനാഭിലാഷം അനുസരിച്ചാണു നടക്കുന്നത്. ജനങ്ങള്‍ അഭിലഷിക്കുന്ന കാര്യങ്ങള്‍ ഭരണത്തില്‍ സര്‍ക്കാരിന്റെ നയങ്ങളായി പ്രതിഫലിക്കും. സര്‍ക്കാരിന് ജനങ്ങള്‍ നല്‍കുന്ന മാന്‍ഡേറ്റ് അനുസരിച്ചാണ് സര്‍ക്കാ ര്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ മുഴുവന്‍ ജീവനക്കാരുടെയും സഹകരണം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തു വിളിച്ചുചേര്‍ത്ത സെക്രട്ടേറിയറ്റ് ജീവനക്കാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ മന്ത്രിസഭ അധികാരമേറ്റതിനെ തുടര്‍ന്ന് ഇങ്ങനെ ഒരു യോഗം വേണ്ടതുണ്ടോ എന്നു ചിന്തിക്കുന്നവരുണ്ടാവാം. എന്നാല്‍, പുതിയ സര്‍ക്കാരിന് ഒരു കാഴ്ച്ചപ്പാടുണ്ട്. അതു നടപ്പാവണം. ഉദ്യോഗസ്ഥരായി നീണ്ടകാലം കഴിയുന്നവര്‍ക്ക് ജനങ്ങളുടെ പ്രശ്‌നങ്ങളുടെ തീവ്രത പൂര്‍ണമായി മനസിലാക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. എന്നാല്‍, മുമ്പില്‍ വരുന്ന ഫയലില്‍ പാവപ്പെട്ടവരില്‍ പാവപ്പെട്ടവരുടെ ജീവിതമാണുള്ളതെന്നത് ഓര്‍മിക്കണം. ആ ഫയലുകളില്‍ നിങ്ങളെഴുതുന്ന കുറിപ്പാവും ഒരുപക്ഷേ അവരില്‍ അപൂര്‍വം ചിലരെങ്കിലും തുടര്‍ന്ന് ജീവിക്കണോ മരിക്കണോ എന്നുപോലും നിശ്ചയിക്കുന്നത്. ഒരു പോസിറ്റീവ് ഫയല്‍നോട്ട സമ്പ്രദായം നടപ്പാക്കണം. സര്‍ക്കാര്‍ സംവിധാനം ഉദ്യോഗസ്ഥ ര്‍ക്കുവേണ്ടി എന്നല്ല. ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ സംവിധാനത്തിനുവേണ്ടി എന്നതാണു ശരി. സിവില്‍ സര്‍വീസിലെ അഴിമതി ഈ സര്‍ക്കാര്‍ ഒരുവിധത്തിലും വച്ചുപൊറുപ്പിക്കില്ല. അഴിമതി നടത്തുന്നവര്‍ക്ക് ഒരുവിധത്തിലുള്ള സംരക്ഷണവും ഉണ്ടാവില്ല. ഫയലുകള്‍ വച്ചു താമസിപ്പിക്കല്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. കാലതാമസം വരുത്തുന്നവര്‍ അതിനു മറുപടി നല്‍കേണ്ടിവരും. പഴ്‌സണല്‍ രജിസ്റ്റര്‍ പരിശോധിക്കാത്ത ഗവണ്‍മെന്റ് സെക്രട്ടറിമാരും സ്റ്റാഫ് മീറ്റിങ് വിളിച്ചുകൂട്ടി കുടിശ്ശിക ജോലികള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ ശ്രമിക്കാത്ത വകുപ്പ് സെക്രട്ടറിമാരും കുറ്റകരമായ അലംഭാവമാണു കാട്ടുന്നത്. ഇക്കാര്യത്തിലും സ ര്‍ക്കാരിന്റെ കര്‍ശനമായ മേല്‍നോട്ടമുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവനക്കാരോട് യാതൊരു പ്രതികാര നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുകയില്ല. സംഘടനാ പ്രവര്‍ത്തനത്തിന്റെ പേരില്‍ ജീവനക്കാരെ ഡിസ്മിസ് ചെയ്തിട്ടുള്ള ചരിത്രം കേരളത്തിലുണ്ട്. പക്ഷേ ഈ സര്‍ക്കാര്‍ അത്തരം സമീപനം സ്വീകരിക്കില്ല.
മറ്റൊരു പ്രധാനകാര്യം സെക്രട്ടേറിയറ്റിലെ സന്ദര്‍ശന സമയമാണ്. ഇപ്പോള്‍ പൊതുജനങ്ങള്‍ക്കു പ്രവേശനം അനുവദിച്ചിരിക്കുന്നത് മൂന്ന് മണിക്കു ശേഷമാണ്. വടക്കന്‍ ജില്ലകളില്‍ നിന്നുവരുന്ന നിരവധി പൊതുജനങ്ങള്‍ക്ക് ഇതുമൂലം പ്രയാസങ്ങളുണ്ടാവുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രായോഗിക പ്രശ്‌നങ്ങള്‍ പരിശോധിച്ച—ശേഷം സന്ദര്‍ശനസമയം പുനക്രമീകരിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കും. സന്ദര്‍ശന സമയത്ത് ഔദ്യോഗിക ചര്‍ച്ചകളും മീറ്റിങുകളും പരമാവധി ഒഴിവാക്കാന്‍ ഉന്നത ഉദ്യോഗസ്ഥരും ശ്രദ്ധിക്കേണ്ടതാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss