|    Mar 29 Wed, 2017 7:10 am
FLASH NEWS

സര്‍ക്കാര്‍ ജീവനക്കാരുടെ അഭിപ്രായസ്വാതന്ത്ര്യം

Published : 18th December 2016 | Posted By: SMR

slug-avkshngl-nishdnglബാബുരാജ് ബിഎസ്

‘വെസ്റ്റ്ഹില്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജിലെ ക്ലാര്‍ക്ക് രജീഷ് തീവ്ര ഇടതുസംഘടനാ പ്രവര്‍ത്തകനാണ്, സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് ടി ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്, ടി ഉദ്യോഗസ്ഥന്‍ യുഎപിഎ ചട്ടം ബാധകമാവുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആയതിനാല്‍ രജീഷിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കാന്‍ കോഴിക്കോട് ജില്ലാ പോലിസ് മേധാവി ആവശ്യപ്പെട്ടിട്ടുണ്ട്’- രജീഷിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവില്‍ എഴുതിച്ചേര്‍ത്ത വാചകങ്ങളാണിവ. നവംബര്‍ 29നാണ് രജീഷിനെതിരേ നടപടിയെടുക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള   കത്ത് പോലിസ് മേധാവി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കൈമാറിയത്. ഡിസംബര്‍ 7ന് സസ്‌പെന്‍ഷന്‍ നടപ്പാക്കി.
നമ്മളില്‍ പലരും മടിച്ചുനിന്നപ്പോള്‍ കേരളത്തിലെ നിരവധി ജനകീയ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട ജനാധിപത്യവാദിയായിരുന്നു രജീഷ്. അങ്ങനെയൊരു സമ്മേളനത്തിലാണ് ഞാന്‍ ആദ്യമായി രജീഷിനെ കാണുന്നത്. ഡിഎച്ച്ആര്‍എം പോലുള്ള ദലിത് സംഘടനകള്‍ക്കെതിരേയും മത-ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരേയും ഭരണകൂടം പടപ്പുറപ്പാടു നടത്തിയപ്പോള്‍ അതിനെതിരേ പോരാടിയ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനാണ് അദ്ദേഹം. ഹിന്ദുത്വത്തിനെതിരേ മുസ്‌ലിംകള്‍ സംഘടിക്കുന്നത് വര്‍ഗീയതയായി വ്യാഖ്യാനിക്കപ്പെട്ടപ്പോള്‍ അവരോടൊപ്പം ‘അമാനവസംഗമ’ത്തില്‍ അണിനിരക്കാന്‍ രജീഷുമുണ്ടായിരുന്നു. നിലമ്പൂരില്‍ കൊലചെയ്യപ്പെട്ട മാവോവാദി നേതാക്കളുടെ മൃതശരീരം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്നതിനുള്ള ശ്രമങ്ങളില്‍ പങ്കാളിയായതാവാം ഇപ്പോഴത്തെ പ്രകോപനത്തിനു കാരണം. യുഎപിഎ അണിയറയില്‍ തയ്യാറാവുന്നുണ്ടെന്നും കേള്‍ക്കുന്നു.
രജീഷിനെതിരേയുള്ള നീക്കം സര്‍ക്കാര്‍ ജോലിക്കാരുടെ അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചില ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. മദിരാശി സംസ്ഥാനത്തെ സര്‍ക്കാര്‍ ജോലിക്കാര്‍ക്കു വേണ്ടി 1920കള്‍ മുതല്‍ തന്നെ സര്‍വീസ് സംഘടനകള്‍ നിലവിലുണ്ടായിരുന്നു. സര്‍ക്കാരിന്റെ കൈക്കോടാലികളായി പ്രവര്‍ത്തിക്കുകയെന്നതില്‍ കവിഞ്ഞ് മറ്റൊരു അസ്തിത്വവും ജീവനക്കാര്‍ക്കുള്ളതായി ഭരണകൂടങ്ങള്‍ കരുതിയിരുന്നില്ല. ബ്രിട്ടിഷ് സര്‍ക്കാരായാലും തിരുവിതാംകൂര്‍ സര്‍ക്കാരായാലും അതിനുശേഷം നിലവില്‍ വന്ന തിരുകൊച്ചി-കേരള സര്‍ക്കാരുകളായാലും വ്യത്യാസമുണ്ടായിരുന്നില്ല. സേവന-വേതന വ്യവസ്ഥയ്ക്കു വേണ്ടി സംസാരിക്കുന്നതു തന്നെ കുറ്റകരമായി കണ്ട സര്‍ക്കാരുകള്‍ അഭിപ്രായസ്വാതന്ത്ര്യത്തെ മര്‍ദിച്ചൊതുക്കിയതില്‍ അദ്ഭുതമില്ലല്ലോ. പ്രതിസന്ധിക്കിടയിലും തൊഴിലാളികള്‍ ഗംഭീരമായി പോരാടി.
ഒരു ഘട്ടത്തില്‍ സംഘടനകളില്‍ അംഗമാവുന്നതുതന്നെ പുറത്താക്കപ്പെടാവുന്ന കുറ്റമായിരുന്നു. ശ്രീധര കൈമള്‍, എന്‍ രാജഗോപാലന്‍ നായര്‍, വി സി ചാക്കോ, വി സോമനാഥന്‍, ആര്‍ കൃഷ്ണവാര്യര്‍ തുടങ്ങിയ തൊഴിലാളി നേതാക്കള്‍ വിവിധ കാലങ്ങളില്‍ ഇപ്രകാരം സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരാണ്. പിന്നീട് ഇവരില്‍ വി സോമനാഥനെപ്പോലുള്ളവരെ 1967ലെ ഇഎംഎസ് സര്‍ക്കാര്‍ തിരിച്ചെടുത്തു. തൊഴിലാളികളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന സ്വകാര്യ ഫയല്‍ സമ്പ്രദായവും ക്ലാസ്‌ഫോര്‍ ജീവനക്കാരെ ദാസ്യവേലകളില്‍ ഉപയോഗിക്കുന്നതും പോലിസ് വെരിഫിക്കേഷന്റെ മറവില്‍ കമ്മ്യൂണിസ്‌റ്റെന്ന് ആരോപിച്ച് ജോലിയില്‍ നിന്നു പിരിച്ചുവിടുന്നതും പോലുള്ള അനീതികള്‍ റദ്ദാക്കുന്നതില്‍ ആ സര്‍ക്കാര്‍ വലിയ പങ്കുവഹിച്ചു. തൊഴിലാളികളുടെ അഭിപ്രായസ്വാതന്ത്ര്യത്തെ ഭാഗികമായെങ്കിലും അംഗീകരിക്കാന്‍ ഈ നിയമനിര്‍മാണങ്ങള്‍ കൊണ്ട് സാധിക്കുകയും ചെയ്തു.
എന്നാല്‍, പിന്നീട് തൊഴിലാളി സംഘടനകളുടെ കാഴ്ചപ്പാടില്‍ വലിയ മാറ്റം സംഭവിച്ചു. സേവന-വേതന വ്യവസ്ഥകളിലേക്കു മാത്രം സംഘടനകളുടെ ശ്രദ്ധ മാറിപ്പോവുകയും മറ്റുള്ളവ  പിന്നണിയിലാവുകയും ചെയ്തു. സര്‍ക്കാരുകളെ വിമര്‍ശിക്കുന്നതും നയങ്ങളോട് വിയോജിക്കുന്നതും തൊഴില്‍ നഷ്ടപ്പെടുത്താവുന്ന കാര്യമാണെന്നതില്‍ പലര്‍ക്കും സംശയമില്ല. ഉദ്യോഗസ്ഥരുടെ ഭരണകൂട വിമര്‍ശനം ക്രമസമാധാനലംഘനത്തിന് ഇടയാക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം. വിമര്‍ശകരായ ഉദ്യോഗസ്ഥര്‍ അനുസരണക്കേടാണ് കാണിക്കുന്നതെന്ന് മേലധികാരികളും കരുതുന്നു.
അതേസമയം, സര്‍ക്കാരിനെ വിമര്‍ശിക്കുന്നതും അച്ചടക്കരാഹിത്യവും രണ്ടു കാര്യങ്ങളാണെന്ന് പല കേസുകളിലും ഇടപെട്ടുകൊണ്ട് സുപ്രിംകോടതി നിരീക്ഷിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നതുകൊണ്ടു മാത്രം ഒരാളുടെ മൗലികാവകാശം നഷ്ടപ്പെടുന്നില്ലെന്നും അങ്ങനെ സംഭവിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും സുപ്രിംകോടതി ജഡ്ജിയായിരുന്ന അല്ലാടി കുപ്പുസ്വാമിയെപ്പോലുള്ള നിയമജ്ഞരും വ്യക്തമാക്കിയിട്ടുണ്ട്.
പക്ഷേ, ഇതൊന്നും അധികാരികള്‍ക്ക് മനസ്സിലായിട്ടില്ലെന്ന് രജീഷിനെതിരേയുള്ള നീക്കങ്ങള്‍ തെളിയിക്കുന്നു. പുറത്താക്കാന്‍ കേസുണ്ടാവണമെന്നില്ലെന്നും പുറത്താക്കിയ ശേഷം കേസെടുത്താല്‍ മതിയെന്നുമാണല്ലോ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ പറഞ്ഞുവയ്ക്കുന്നത്. പോലിസ് എല്ലാ അധികാരത്തിന്റെയും കേന്ദ്രസ്ഥാനത്തെത്തിയിരിക്കുകയാണ്. ഭരണകൂടം വലിയ ഒരു പോലിസ് സ്റ്റേഷനായി മാറിയിരിക്കുന്നു. പോലിസുകാര്‍ പത്രങ്ങള്‍ സെന്‍സര്‍ ചെയ്ത കാലത്തുനിന്ന് ഏറെ അകലെയൊന്നുമല്ല ഇതെന്നെങ്കിലും നാം മനസ്സിലാക്കണം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day