|    Nov 18 Sat, 2017 1:42 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സര്‍ക്കാര്‍ ജീവനക്കാരുടെ അധികസ്വത്ത്: ടോംജോസിനെതിരായ നടപടിയില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ല

Published : 29th November 2016 | Posted By: SMR

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ സമ്പാദിക്കുന്ന അവിഹിത സ്വത്ത് കണ്ടുകെട്ടുമെന്നും ഇതിനായി പഴുതടച്ച സംവിധാനം കൊണ്ടുവരുമെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന കൈയടി ലക്ഷ്യം വച്ചിട്ടുള്ളതു മാത്രമാണെന്ന് ആക്ഷേപം ഉയരുന്നു.
അധികസ്വത്ത് സമ്പാദിച്ച കേസില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് നല്‍കിയ റിപോര്‍ട്ടിന്മേല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും തീരുമാനമെടുക്കാതെയാണ് മുഖ്യമന്ത്രി അധികസ്വത്ത് സമ്പാദിച്ചവര്‍ക്കെതിരേ ആഞ്ഞടിച്ചത്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ജോയിന്റ് കൗണ്‍സില്‍ സംഘടിപ്പിച്ച സെമിനാറിലാണ് സാധാരണക്കാരെ ഏറെ ആകര്‍ഷിക്കുന്ന പ്രസ്താവന മുഖ്യമന്ത്രി നടത്തിയത്. എന്നാല്‍, ചവറ കെഎംഎംഎല്‍ മഗ്‌നീഷ്യം ഇടപാടിലെ ക്രമക്കേടും അധികസ്വത്ത് സമ്പാദന കേസിലും തൊഴില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞു. ഇതിനിടയില്‍ മന്ത്രിസഭാ യോഗങ്ങളും ചേര്‍ന്നു.
എന്നാല്‍, റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരുനടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഇതിനിടയിലാണ് ന്യായമായ സ്വത്ത് കൈവശം വയ്ക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും എന്നാല്‍, സ്വത്ത് അന്യായമായി സമാഹരിക്കാന്‍ ശ്രമിക്കുന്നത് അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചത്. ആഭ്യന്തര-വിജിലന്‍സ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കാണ് ടോം ജോസിനെതിരേ നടപടിയാവശ്യപ്പെട്ട് ജേക്കബ് തോമസ് റിപോര്‍ട്ട് സമര്‍പ്പിച്ചത്. ടോം ജോസിന് പുറമെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരേയും റിപോര്‍ട്ടില്‍ നടപടിയാവശ്യപ്പെട്ടിരുന്നു. ഇവരെ സസ്‌പെന്‍ഡ് ചെയ്യണമെന്നായിരുന്നു വിജിലന്‍സിന്റെ ശുപാര്‍ശ. അതിനിടെ, സസ്‌പെന്‍ഷന് ശുപാര്‍ശ ചെയ്യപ്പെട്ട ടോം ജോസ് ഉന്നതതല യോഗത്തില്‍ സംബന്ധിക്കുകയും ചെയ്യുന്നുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പോലും ടോം ജോസ് പങ്കെടുത്തിരുന്നു. ആഭ്യന്തര സെക്രട്ടറിയും ചീഫ് സെക്രട്ടറിയും ടോം ജോസിനെതിരേ നടപടിയെടുക്കുന്ന കാര്യത്തില്‍ ഭിന്നാഭിപ്രായത്തിലാണെന്ന് റിപോര്‍ട്ടുണ്ട്. ഇതാണ് നടപടി വൈകുന്നതിനിടയാക്കുന്നത്.
ടോം ജോസ് മാനേജിങ് ഡയറക്ടറായിരിക്കെ 2012-2014ല്‍ നടന്ന മഗ്‌നീഷ്യം ഇടപാടില്‍ സര്‍ക്കാരിന് 1.21 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണു കോടതിയില്‍ സമര്‍പ്പിച്ച പ്രഥമവിവര റിപോര്‍ട്ട്. വിരമിച്ചവരടക്കം എട്ട് ഉന്നത ഉദ്യോഗസ്ഥരാണ് പ്രതികള്‍. അധികസ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയില്‍ മൂവാറ്റുപുഴ കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിട്ടുള്ളത്. 2010 മുതല്‍ 2016 സപ്തംബര്‍ വരെയുള്ള കാലയളവില്‍ ടോം ജോസ് സമ്പാദിച്ചതില്‍ 1.19 കോടിയും അനധികൃത സ്വത്താണെന്നാണ് വിജിലന്‍സ് മൂവാറ്റുപുഴ കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക