|    Jan 17 Tue, 2017 6:16 am
FLASH NEWS

സര്‍ക്കാര്‍ ജീവനക്കാരുടെ വര്‍ക്കിങ് അറേഞ്ച്‌മെന്റ് സ്ഥലംമാറ്റം റദ്ദാക്കണം

Published : 28th August 2016 | Posted By: SMR

വിദ്യാനഗര്‍: ജില്ലയിലെ വിവിധ വകുപ്പുകളില്‍ നിന്നും വര്‍ക്കിങ് അറേഞ്ച്‌മെന്റില്‍ ഇതര ജില്ലകളിലേക്ക് സ്ഥലം മാറിയിട്ടുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ അടിയന്തിരമായി ജില്ലാതലത്തില്‍ ശേഖരിക്കുന്നതിനും ഈ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റ ഉത്തരവ് റദ്ദ്‌ചെയ്ത് ജില്ലയില്‍ തന്നെ ജോലിയില്‍ പ്രവേശിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസനസമിതി യോഗം ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു അധ്യക്ഷത വഹിച്ചു.
ഉദ്യോഗസ്ഥക്ഷാമം ജില്ലയില്‍ രൂക്ഷമാകുമ്പോഴും സ്ഥലം മാറി വരുന്ന ഉദ്യോഗസ്ഥര്‍ വര്‍ക്കിങ് അറേഞ്ച്‌മെന്റില്‍ പോവുകയാണ്. ആ തസ്തികയില്‍ പകരം നിയമനത്തിനും സാധിക്കുന്നില്ല. ഇങ്ങനെ സ്ഥലം മാറിപോയ ഉദ്യോഗസ്ഥരുടെ തസ്തികള്‍ പോലും ജില്ലയ്ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. പ്രഭാകരന്‍ കമ്മീഷന്‍ റിപോര്‍ട്ടില്‍ ജില്ലയില്‍ നിയമനം ലഭിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കുറഞ്ഞത് രണ്ടുവര്‍ഷത്തേക്ക് വര്‍ക്കിങ് അറേഞ്ച്‌മെന്റില്‍ സ്ഥലംമാറ്റം നല്‍കരുതെന്ന് ശുപാര്‍ശചെയ്തിട്ടുണ്ട്. ഈ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചതാണെന്ന് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
സപ്തംബര്‍ മൂന്നിനകം ജില്ലയിലെ വിവിധ വകുപ്പുകളില്‍ നിന്നും വര്‍ക്കിങ് അറേഞ്ച്‌മെന്റില്‍ ഇതര ജില്ലകളിലേക്ക് സ്ഥലം മാറിയിട്ടുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ അടിയന്തിരമായി ശേഖരിക്കുന്നതിനും ജില്ലാ പ്ലാനിങ് ഓഫിസര്‍ക്ക് ലഭ്യമാക്കുന്നതിനും ജില്ലാകലക്ടര്‍ മുഴുവന്‍ ജില്ലാതല മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അധ്യാപകക്ഷാമം പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കുമ്പള കൊടിയമ്മ ഗവ. യുപി സ്‌കൂളിലെ എട്ട് അധ്യാപകര്‍ സ്ഥലം മാറിപോയതിനുപകരം നിയമനം നടത്താത്തത് അധ്യയനത്തെ ബാധിച്ചതായി ജനപ്രതിനിധികള്‍ പറഞ്ഞു. കീഴൂര്‍ അഴിമുഖത്ത് പുലിമുട്ടില്‍ തട്ടി മല്‍സ്യബന്ധനബോട്ടുകള്‍ തകരുകയും മല്‍സ്യത്തൊഴിലാളികള്‍ അപകടത്തില്‍പെടുകയും ചെയ്ത സാഹചര്യത്തില്‍ ഡ്രഡ്ജിങ് ത്വരിതപ്പെടുത്താന്‍ യോഗം നിദ്ദേശം നല്‍കി.
ബാവിക്കര റഗുലേറ്റര്‍ നിര്‍മാണത്തിന് പുതിയ പഠനത്തിനുള്ള നടപടികളും സക്രിയമാക്കണം. തകര്‍ന്ന മാടക്കാല്‍ തൂക്കുപാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കണം. ഉദുമ മണ്ഡലത്തില്‍ എംഎല്‍എ ഫണ്ടില്‍ അനുവദിച്ച അഞ്ച് ബസ് വെയ്റ്റിങ് ഷെല്‍ട്ടറുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. ചീമേനി വില്ലേജിലെ കൈവശക്കാരുടെ പട്ടയപ്രശ്‌നം, തിമിരിവില്ലേജില്‍ മിച്ചഭൂമികൈമാറ്റം ചെയ്തവരില്‍ നിന്നും നികുതി സ്വീകരിക്കാത്ത പ്രശ്‌നം എന്നിവയും യോഗത്തില്‍ ഉന്നയിച്ചു.
കേരള-കര്‍ണാടക അതിര്‍ത്തിയില്‍ വനത്തോട് ചേര്‍ന്നുള്ള ജനവാസ മേഖലയിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
കാസര്‍കോട് നഗരത്തിലെ ഗതാഗതകുരുക്ക് പരിഹരിക്കണമെന്നും നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷന്‍ മുതല്‍ കോ ണ്‍വെന്റ് ജങ്ഷന്‍ വരെയുള്ള പൊതുമരാമത്ത് റോഡ് ഗതാഗതയോഗ്യമാക്കണമെന്നും നിര്‍ദ്ദേശിച്ചു.ജില്ലയില്‍ സര്‍ക്കാര്‍ പ്രസ് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കന്നട,മലയാളം ഭാഷകളില്‍ അച്ചടി സംവിധാനം സര്‍ക്കാര്‍മേഖലയില്‍ ജില്ലയില്‍ അനിവാര്യമാണെന്നും യോഗം ചൂണ്ടിക്കാട്ടി. ജില്ലയിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും ഫിറ്റ്‌നസ് ലഭിച്ചതായി ഡിഡിഇ അറിയിച്ചു. ജില്ലയിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികള്‍ക്ക് തുക അനുവദിച്ചതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കാഞ്ഞങ്ങാട്-കാസര്‍കോട് കെഎസ്ടിപി റോഡില്‍ അപകടം ഒഴിവാക്കാന്‍ സുരക്ഷാബോര്‍ഡുകള്‍ സ്ഥാപിക്കും.
റേഷന്‍കാര്‍ഡ് പുതുക്കുന്നതിലേക്കായി ആധാര്‍ നമ്പര്‍ ഇതുവരെ നല്‍കിയിട്ടില്ലാത്ത കാ ര്‍ഡുടമകളില്‍ നിന്നും നമ്പര്‍ വെള്ളക്കടലാസില്‍ എഴുതി നല്‍കാന്‍ മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും പൊതുജനങ്ങളെ ബുദ്ധിമുട്ടുണ്ടാക്കുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എംഎല്‍എമാരായ എം രാജഗോപാലന്‍, കെ കുഞ്ഞിരാമന്‍, എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുര്‍റസാഖ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, നീലേശ്വരം നഗരസഭാചെയര്‍മാന്‍ പ്രഫ. കെ പി ജയരാജന്‍, റവന്യുമന്ത്രിയുടെ പ്രതിനിധി കെ പത്മനാഭന്‍, സബ്കലക്ടര്‍ മൃണ്‍മയിജോഷി, എഡിഎം കെ അംബുജാക്ഷന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ എം സുരേഷ് സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക