|    Jan 23 Mon, 2017 2:14 pm
FLASH NEWS

സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയ അടി

Published : 27th August 2016 | Posted By: SMR

റഹീം നെട്ടൂര്‍

കൊച്ചി: സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ മേഖലയില്‍ സര്‍ക്കാരിന് ആദ്യ പ്രഹരം. മാനേജ്‌മെന്റ് സീറ്റുകളേറ്റെടുത്ത സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്ത ഹൈക്കോടതി വിധി മാനേജ്‌മെന്റുകളുടെ വിലപേശല്‍ ശക്തി വര്‍ധിപ്പിക്കും. സ്വാശ്രയ മേഖലയുമായി ബന്ധപ്പെട്ട മുന്‍ കോടതിയുത്തരവുകള്‍ വേണ്ടത്ര ഗൃഹപാഠം ചെയ്യാതെ സര്‍ക്കാര്‍ സ്വയം അടിവാങ്ങാന്‍ മാനേജ്‌മെന്റുകള്‍ക്ക് വടി നല്‍കുകയായിരുന്നു. മാനേജ്‌മെന്റുകളുമായി ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കാന്‍ തയ്യാറാവാതെ മുന്‍ വി എസ് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നതിനു സമാനമായി മാനേജ്‌മെന്റ് സീറ്റുകള്‍ ഏറ്റെടുത്തു കൊണ്ട് ഉത്തരവിടുകയാണ് ഈ സര്‍ക്കാരും ചെയ്തത്.
മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശനം നടത്താനുള്ള തങ്ങളുടെ മൗലികാവകാശം സര്‍ക്കാര്‍ ലംഘിച്ചുവെന്ന് സുപ്രിംകോടതി മുന്‍ ഉത്തരവുകള്‍ ഉദ്ധരിച്ച് മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയില്‍ വാദിച്ചപ്പോള്‍ സര്‍ക്കാരിന് ഉത്തരം മുട്ടി. ഇതിനെതിരേ സര്‍ക്കാര്‍ അഭിഭാഷകന്‍ നിരത്തിയ മുട്ടുന്യായങ്ങളൊന്നും കോടതി മുഖവിലയ്‌ക്കെടുത്തില്ല. ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ പോയിട്ടു കാര്യമില്ലെന്ന നിയമോപദേശമാണ് ലഭിച്ചിരിക്കുന്നത്. ഇനി ചര്‍ച്ചയാവാമെന്നാണ് ആരോഗ്യമന്ത്രിയും മറ്റും ഇപ്പോള്‍ പറയുന്നത്. കോടതി വിധിയിലൂടെ മാനേജ്‌മെന്റുകള്‍ക്ക് ചര്‍ച്ചകളില്‍ ആധിപത്യം സ്ഥാപിക്കാനാവശ്യമായ സാഹചര്യം സൃഷ്ടിക്കുന്നതിനു മുമ്പ് സര്‍ക്കാരിനു ചര്‍ച്ചകള്‍ തുടങ്ങാവുന്നതേയുണ്ടായിരുന്നുള്ളൂ.
അടുത്ത ദിവസങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഇനി സര്‍ക്കാരിന് മാനേജ്‌മെന്റുകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങേണ്ടി വരും. ക്രിസ്ത്യന്‍ പ്രഫഷനല്‍ കോളജ് മാനേജ്‌മെന്റ് ഫെഡറേഷനാണ് കോടതി വിധി ഏറ്റവും കൂടുതല്‍ അനുഗ്രഹമായിരിക്കുന്നത്. തങ്ങളുടെ കീഴിലുള്ള നാല് മെഡിക്കല്‍ കോളജുകളിലും ഒരു ഡെന്റല്‍ കോളജിലും മുഴുവന്‍ സീറ്റിലേക്കും ഏകീകൃത ഫീസ് വാങ്ങി പ്രവേശനം നടത്താന്‍ ഇനി അവര്‍ക്കു മുന്നില്‍ ആരും വിലങ്ങുതടിയാവില്ല. പോരാത്തതിന് മൂന്നു വര്‍ഷത്തേക്ക് ഏകീകൃത ഫീസ് നിശ്ചയിച്ച് മുന്‍ സര്‍ക്കാരുമായുണ്ടാക്കിയ കരാറിന് പിണറായി സര്‍ക്കാരും അംഗീകാരം നല്‍കിയിട്ടുണ്ട്. ഈ കരാറില്‍ സര്‍ക്കാരിന് 50 ശതമാനം സീറ്റ് വിട്ടു നല്‍കുന്നുവെന്നത് സാങ്കേതികത മാത്രമാണ്. സര്‍ക്കാരിന് നല്‍കിയ 50 ശതമാനം സീറ്റില്‍ പ്രവേശനം നടത്തുന്നത് സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്നായിരിക്കും. എന്നാല്‍, ഫീസ് ഒന്നു തന്നെ. മെഡിക്കല്‍ സീറ്റുകള്‍ക്ക് മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും 2015-16ല്‍ നാലു ലക്ഷവും ഈ അധ്യയന വര്‍ഷം 4.40 ലക്ഷവും അടുത്ത വര്‍ഷം 4.85 ലക്ഷവും എന്നതാണ് കരാര്‍. അതു കൊണ്ടു തന്നെ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുമായി ഇനി ചര്‍ച്ചയ്ക്കു പ്രസക്തിയില്ല. സര്‍ക്കാര്‍ വിളിച്ചാലും അവര്‍ ചര്‍ച്ചയ്‌ക്കെത്തിയേക്കില്ല. എത്തിയാല്‍ തന്നെ ഈ നിലപാടില്‍ നിന്ന് അണുവിട മാറാന്‍ അവര്‍ തയ്യാറാവില്ല.
മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷനു കീഴിലുള്ള കോളജുകളുമായാണ് ഇനി ചര്‍ച്ച നടക്കുക. കഴിഞ്ഞ തവണ ഓരോ മാനേജ്‌മെന്റുകളുമായി പ്രത്യേകമുണ്ടാക്കിയ കരാര്‍ പ്രകാരം സര്‍ക്കാരിന് വിട്ടു നല്‍കിയ 50 ശതമാനം സീറ്റില്‍ 40 ശതമാനത്തില്‍ ബിപിഎല്‍, എസ്ഇബിസി വിദ്യാര്‍ഥികള്‍ക്ക് 25000 രൂപ, മറ്റു വിദ്യാര്‍ഥികള്‍ക്ക് 185000 രൂപ എന്നിങ്ങനെയും മാനേജ്‌മെന്റ് പ്രവേശനം നടത്തുന്ന 35 ശതമാനം സീറ്റില്‍ 850000 രൂപയും 15 ശതമാനം എന്‍ആര്‍ഐ സീറ്റില്‍ 1250000 രൂപയുമായിരുന്നു ഫീസ് ഘടന. എന്നാല്‍, ഇനി നടക്കുന്ന ചര്‍ച്ചകളില്‍ ഈ ഘടന മാനേജ്‌മെന്റുകള്‍ അംഗീകരിക്കുമോയെന്ന് കണ്ടറിയണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 193 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക